തിരുവനന്തപുരം: പി എം ശ്രീ പദ്ധതി വിഷയത്തില്‍, സിപിഐയുടെയും, സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സിപിഎമ്മും സര്‍ക്കാരും ആദ്യം മുതലേ അവഗണിച്ചതായി വ്യക്തമായി. 2024-ല്‍ തന്നെ പദ്ധതിയുടെ ധാരണാപത്രം (MoU) ഒപ്പിടാന്‍ ഒരുക്കമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്തുവന്നു.

പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിപിഐ എന്ത് എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. സര്‍ക്കാര്‍ നിലപാട് മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള വഴിയാണിതെന്നും, പ്രധാനമന്ത്രിയുടെ ചിത്രം വെച്ചുള്ള ബ്രാന്‍ഡിംഗിനോട് യോജിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഇടത്പക്ഷം പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇതേസമയം തന്നെ 2024-ല്‍ ധാരണാപത്രം ഒപ്പിടാന്‍ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചുവെന്ന് കത്ത് വ്യക്തമാക്കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കേന്ദ്രത്തിന് കത്തയച്ചത്. സിപിഐയുടെ എതിര്‍പ്പുകളോ, മന്ത്രിസഭയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളോ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പരിഗണിച്ചില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര പദ്ധതി അംഗീകരിക്കാതെ വഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുന്‍പ് തന്നെ ഇതുസംബന്ധിച്ച തീരുമാനം എടുത്തിരുന്നെങ്കില്‍, ഘടകകക്ഷികളെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും, ഇത്രയും വൈകാതെ ധാരണാപത്രം ഒപ്പിടമായിരുന്നില്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. സര്‍ക്കാര്‍ നിലപാട് മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പി.എം. ശ്രീ പദ്ധതിക്ക് അനുകൂലമായി നേരത്തെ നിലപാടെടുത്ത് അത് മറച്ചുവെക്കുകയും ധാരണാപത്രം ഒപ്പിടുന്നത് വൈകിപ്പിക്കുകയും ചെയ്തതിന്റെ കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കേണ്ടി വരും. വിഷയത്തില്‍ പാര്‍ട്ടി പിറകോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കുന്നു. 1,466 കോടി രൂപ എന്തിന് വെറുതേ കളയണമെന്നും മന്ത്രി ചോദിച്ചിരുന്നു. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര ഫണ്ട് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി.

സിപിഐയെ അവഗണിക്കുന്നില്ലെന്ന് എം എ ബേബി

അതേസമയം, സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം ദേശീയ തലത്തിലോ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലോ ഉണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു.

'വളരെയധികം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളത് പരിശോധിക്കുകയാണെന്നാണ് മന്ത്രി വി.ശിവന്‍കുട്ടി വിശദീകരിച്ചത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ചചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനം എടുക്കാന്‍ കേരളത്തിലെ സര്‍ക്കാരിനും ഇടതുമുന്നണിക്കും കഴിയും. കേരളത്തില്‍ ചര്‍ച്ചചെയ്ത് അഭിപ്രായം രൂപവത്കരിക്കുമ്പോള്‍ അതിലെന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിക്കും. സിപിഐയെ അവഗണിക്കുന്ന സമീപനം ദേശീയ തലത്തിലോ കേരളത്തിലോ ഉണ്ടാകില്ല', എം.എ.ബേബി പറഞ്ഞു.