കൊച്ചി: ഒമ്പത് വയസുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ 17-കാരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പിതാവിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം. 17-കാരനെ മര്‍ദിച്ചു എന്ന പരാതിയിലാണ് കടവന്ത്ര പോലീസ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും, ഭരണകക്ഷിയുടെ സമ്മര്‍ദ്ദമാണ് കാരണമെന്നും ആരോപിച്ച് കോണ്‍ഗ്രസ് കടവന്ത്ര പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഒക്ടോബര്‍ 25-ന് കടവന്ത്രയില്‍ പട്ടാപ്പകലാണ് സംഭവം നടന്നത്. സൈക്കിളില്‍ പോവുകയായിരുന്ന ഒമ്പതും ഏഴും വയസുള്ള പെണ്‍കുട്ടികളെ 17-കാരന്‍ ലൈംഗികമായി ആക്രമിച്ചു. മകള്‍ പരാതിപ്പെട്ടതോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പിതാവ് കൗമാരക്കാരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഇതിനുപിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്:

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 17-കാരന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇവര്‍ പണം വാഗ്ദാനം ചെയ്‌തെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കേസുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചതോടെ, തന്നെ മര്‍ദിച്ചു എന്നാരോപിച്ച് 17-കാരന്‍ പിതാവിനെതിരെ പരാതി നല്‍കി. ഈ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതിയായ 17-കാരനെ പിതാവ് മര്‍ദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ഇരുകുടുംബങ്ങളും സി.പി.എം. അനുഭാവികളായിട്ടും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. 'പാര്‍ട്ടി അനുഭാവികളായിട്ടും തങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്‌നം വന്നപ്പോള്‍ ആരും സഹായിച്ചില്ല. പോലീസ് സ്റ്റേഷനില്‍ പോയതെല്ലാം ഒറ്റയ്ക്കാണ്. 17-കാരന്‍ സ്വതന്ത്രനായി നടക്കുന്നു. കേസ് ഒരുതരത്തിലും മുന്നോട്ടു പോകുന്നില്ല.'

കേസന്വേഷണം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നും, തുടര്‍ന്ന് അന്വേഷണം എസ്.ഐ.യില്‍ നിന്ന് സി.ഐ.ക്ക് കൈമാറിയെന്നും മാതാവ് വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് വഴങ്ങാത്ത പിതാവിനെതിരെ കള്ളക്കേസ് എടുത്ത് പോക്‌സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ആരോപിച്ച് ഉമ തോമസ് എം.എല്‍.എ., ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടവന്ത്ര പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

എ.സി.പി. രാജ്കുമാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ 17-കാരനെതിരെയുള്ള കേസില്‍ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുത്ത് പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാല്‍, മര്‍ദിച്ചു എന്ന പരാതിയും സി.സി.ടി.വി. ദൃശ്യങ്ങളും ഉള്ളതിനാല്‍ പിതാവിനെതിരെയുള്ള കേസും നിലനില്‍ക്കാനാണ് സാധ്യതയെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.