- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പർദ ധരിച്ച് ഇൻസ്പെക്ടറും കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്ഐയും; ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ എഎസ്ഐയും; കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട പ്രതിയെ 'ഫാൻസി ഡ്രസ് കളിച്ച്' പിടികൂടി പൊലീസ് സംഘം; ജിതീഷിനെ വീഴ്ത്തിയത് കാമുകിയെ മുന്നിൽ നിർത്തിയുള്ള ലൗ ഡ്രാമയിൽ
തൃപ്പൂണിത്തുറ: കുറ്റവാളികളെ പിടിക്കൂടാൻ വേഷം മാറിയെത്തിയ സിഐഡി വിജയന്റയും ദാസന്റെയും കഥ മലയാളികൾക്ക് നല്ലതുപോലെ അറിയാം. ഇപ്പോഴിതാ കേരളാ പൊലീസിന്റെ വക ഒരു വേഷം മാറിയുള്ള ഓപ്പറേഷനും. പൊലീസ് കസ്റ്റഡിയിൽനിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ 'ഫാൻസിഡ്രസ് കളിച്ച്' പൊലീസ് സംഘം പിടികൂടുകായിരുന്നു. പിറവം പാഴൂർ പേഴിമല റോഡ് ചെറുവേലിക്കുടിയിൽ ജിതീഷി (ജിത്തു-20) നെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്.
പലവേഷം കെട്ടികൊണ്ടാണ് പൊലീസ് പ്രതിയെ സമർഥമായി പൊക്കിയത്. പർദയണിഞ്ഞ് സ്ത്രീകളായും കൂലിപ്പണിക്കാരായും ഓട്ടോ ഡ്രൈവറായുമൊക്കം പൊലീസ വേഷം മാറി, നിരവധി കേസുകളിലെ പ്രതിയാണ് ജിതീഷ്. സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്കുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിറവം പൊലീസ് സ്റ്റേഷനിൽ ജിതീഷിന്റെ പേരിൽ കേസുണ്ട്. എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും പ്രതിയാണ്.
ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിൽ ജിതീഷിനെ കോട്ടയം കോതനല്ലൂർ ഭാഗത്തുനിന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി കോട്ടയം ജില്ലയിലെ വെമ്പിള്ളിയിൽ എത്തിച്ചപ്പോൾ കസ്റ്റഡിയിൽനിന്നു വിലങ്ങോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. കൈവിലങ്ങ് മുറിച്ച ശേഷം രാത്രി 10 മണിയോടെ ഉഴവൂർ കല്ലട കോളനിയിലുള്ള കാമുകിയെയും കൂട്ടി സ്ഥലം വിടുകയായിരുന്നു.
പൊലീസ് നിരീക്ഷണത്തിലാണെന്നു മനസ്സിലാക്കിയ ഇയാൾ കാമുകിയെ പിന്നീട് കൂട്ടാമെന്നു പറഞ്ഞ് മടക്കി അയച്ച ശേഷം തനിച്ച് രക്ഷപ്പെടുകയായിരുന്നു. തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പല തവണ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നു. അതിവേഗത്തിൽ ഓടുന്നയാളാണ് ജിതീഷെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ രണ്ട് രാത്രി വനിതാ പൊലീസിനൊപ്പം കാമുകിയുടെ വീട്ടിൽ പൊലീസ് കാത്തിരുന്നുവെങ്കിലും ജിതേഷ് എത്തിയില്ല. ഒരു വഴിയാത്രക്കാരന്റെ ഫോണിൽ ഇയാൾ കാമുകിയെ വിളിച്ച് തിങ്കളാഴ്ച വൈകീട്ടോടെ കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.
ഇതറിഞ്ഞതോടെയാണ് പൊലീസ് സംഘം വേഷം മാറി ചെല്ലാൻ തീരുമാനിച്ചത്. ഇൻസ്‌പെക്ടർ ഗോപകുമാറും സിവിൽ പൊലീസ് ഓഫീസർ ബിബിനും പർദ ധരിച്ച് സ്ത്രീകളെന്ന മട്ടിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു. സബ് ഇൻസ്‌പെക്ടർ പ്രദീപ് എം. ഭരതൻ കൂലിപ്പണിക്കാരനായും കെ.എൻ. രാജീവ് നാഥ് സമീപത്തെ ഹോട്ടലിൽ പാചകക്കാരനായും എഎസ്ഐ. എം.ജി. സന്തോഷ് പുറത്ത് ഓട്ടോ ഡ്രൈവറായും കാത്തുനിന്നു. പ്ലാറ്റ്‌ഫോമിനടുത്തായി ജിതീഷിന്റെ കാമുകിയെയും ഇരുത്തി.
എതിർദിശയിലുള്ള പ്ലാറ്റ്‌ഫോമിലൂടെ നടന്നുവന്ന് കാമുകിയുടെ കൂടെ ജിതീഷ് ബെഞ്ചിലിരുന്നപ്പോൾ പൊലീസുകർ വട്ടംപിടിക്കുകയായിരുന്നു. പ്രതിയായ ജിതേഷിനെ ചുറ്റും വളഞ്ഞ് പിടികൂടിയപ്പോൾ മാത്രമാണ് സമീപത്തു നിന്നവർ പൊലീസ് ഉദ്യോഗസ്ഥരാണെന്നു യാത്രക്കാർ തന്നെ അറിയുന്നത്. വളരെ വേഗത്തിൽ ഓടുന്ന പ്രതിയെ ഓടിച്ചിട്ടു പിടികൂടാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയതോടെയാണ് വേഷം മാറാൻ തീരുമാനിച്ചത്.
സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം ആർ. മേനോൻ, അരുൺകുമാർ എം., ബിബിൻ, റജിമോൾ എൻ.കെ., ഷാന്റി എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായി.
മറുനാടന് ഡെസ്ക്