- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആള്‍താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, അവിടെ ആരോ കയറിയിട്ടുണ്ട് പോയി നോക്കണമെന്ന് സമീപവാസികൾ; മതില്‍ ചാടി പട്രോളിങ് ടീം അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പോലീസിന്റെ ഇടപെടലിൽ ഗൃഹനാഥന് പുതുജീവൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: ആത്മഹത്യയുടെ വക്കിൽ നിന്നു ഗൃഹനാഥനെ രക്ഷപ്പെടുത്തി പൊലീസ്. ആൾത്താമസമില്ലാത്ത വീട്ടിൽ ദുരൂഹമായി വെളിച്ചം കണ്ടതിനെത്തുടർന്ന് പരിസരവാസികൾ നൽകിയ വിവരമനുസരിച്ച് എത്തിയ പൊലീസ് സംഘമാണ് മതിൽ ചാടിക്കടന്ന് അകത്തു കയറി ജീവൻ രക്ഷിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പങ്കുവെച്ചതോടെ അഭിനന്ദന പ്രവാഹമാണ്. സബ് ഇൻസ്‌പെക്ടർ പി.ജി.ജയരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ നിതീഷ്, സുധീഷ് ആത്യഹത്യയ്ക്ക് ശ്രമിച്ചയാളെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത്.
കേരള പൊലീസിന്റെ കുറിപ്പ്:
എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 112ല്‍ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികള്‍ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിര്‍ദ്ദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിങ് ടീം പരിസരവാസികളോട് കാര്യം തിരക്കി.
അവരില്‍ നിന്നും അവിടെ താമസിച്ചിരുന്നവര്‍ എന്തോ കുടുംബപ്രശ്‌നങ്ങള്‍ കാരണം അവിടെ വരാറില്ലെന്നും എന്നാല്‍ വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും അറിഞ്ഞതോടെ മതില്‍ ചാടി അകത്ത് കയറിയപ്പോള്‍ കണ്ടത് ബെഡ്റൂമില്‍ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാള്‍ പിടയ്ക്കുന്നത് കണ്ട ഉടന്‍ കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പൊലീസ് ജീപ്പില്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ആ സമയത്ത് അവിടെ ഐസിയു ഒഴിവില്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കെട്ടിത്തൂങ്ങിയതിനാല്‍ കഴുത്തില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ഫിലാഡല്‍ഫിയ കോളര്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചു ഫിലാഡല്‍ഫിയ കോളര്‍ തിരക്കി നഗരത്തില്‍ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങിയി.
ഒടുവില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പിആര്‍ഒയെ കണ്ട് അവിടെ നിന്നും കോളര്‍ വാങ്ങി ഉടനെ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയ്ക്ക് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പൊലീസ് സംഘം അവിടെ തുടര്‍ന്നു.