മംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനെത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയെ പൊലീസ് തടഞ്ഞു. അനുമതിയില്ലാതെ തിരച്ചില്‍ നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. പുഴയില്‍ ഇറങ്ങിയ ഈശ്വര്‍ മാല്‍പയെ പൊലീസ് സംഘം കരയ്ക്ക് കയറ്റി. ഇതോടെ ദൗത്യം ഇന്ി മുന്നോട്ടു പോകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെക്കൂടാതെ ജഗന്നാഥന്‍ എന്നയാളുടെ കുടുംബവും തെരച്ചില്‍ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. തെരച്ചില്‍ നടത്തിയില്ലെങ്കില്‍ സമാധാനപരമായ സമരത്തിലേക്ക് പോകുമെന്ന് ജഗന്നാഥന്റെ പെണ്‍മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷിരൂരില്‍ നടക്കുന്നത് കനത്ത അനീതിയാണെന്ന് ജഗന്നാഥിന്റെ മകള്‍ കൃതിക പറഞ്ഞു. തങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈശ്വര്‍ മാല്‍പെ എത്തിയതെന്നും തടയുന്നതില്‍ അമര്‍ഷമുണ്ടെന്നും കൃതിക പറഞ്ഞു.

ഷിരൂരില്‍ മണ്ണിടിഞ്ഞ് ഗംഗാവലി പുഴയില്‍വീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാല്‍ നേവിക്കും എന്‍.ഡി.ആര്‍.എഫ് സംഘത്തിനും ശനിയാഴ്ച കാര്യമായ തിരച്ചില്‍ നടത്താനായില്ല. ഗോവയില്‍നിന്ന് കൂറ്റന്‍ ഡ്രഡ്ജര്‍ എത്തിച്ചാലേ പുഴയില്‍നിന്ന് മണ്ണുനീക്കാനാകൂ. ഡ്രഡ്ജര്‍ 22ന് എത്തുമെന്നാണ് കരുതുന്നത്.

അതേസമയം ഷിരൂരില്‍ പുഴയില്‍ അടിഞ്ഞ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഒരു കോടിയോളം മുടക്കി ഗോവയില്‍ നിന്ന് യന്ത്രം എത്തിക്കണോ എന്നതില്‍ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇന്‍ഷുറന്‍സ് കിട്ടാന്‍ സര്‍ക്കാര്‍ വന്‍തുക മുടക്കണോ എന്നതിലാണ് ഇപ്പോള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ആശയക്കുഴപ്പം.

ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ കണ്ടെത്താനായിട്ടില്ല. മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍, ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങള്‍ എട്ടും പത്തും കിലോമീറ്ററുകള്‍ അകലെ തീരത്തടിഞ്ഞിരുന്നു. എന്നാല്‍, ബാക്കിയുള്ളവര്‍ക്കായി, ഒപ്പം അര്‍ജുന്റെ ലോറിക്കായി ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്.

ഇതുവരെ പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മനുഷ്യന് ഇറങ്ങാന്‍ കഴിയാത്തവിധമുള്ള ഒഴുക്കും കലക്കും മാറിയതോടെയാണ് ഈശ്വര്‍ മല്‍പെ തെരച്ചില്‍ ആരംഭിച്ചത്. പിന്നാലെ നാവിക സേനയും തെരച്ചിലിനെത്തി. പക്ഷെ കാണാതായവരെ കണ്ടെത്താനായില്ല. കയര്‍ കഷ്ണങ്ങളും ചില ലോഹഭാഗങ്ങളും മാത്രമാണ് ആകെ കിട്ടുന്നത്. ലോറി എങ്ങനെ കിടക്കുന്നുവെന്നോ ആളുണ്ടോ എന്നോ നോക്കാന്‍ ഒരു മാസം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ടണ്‍ കണക്കിന് മണ്ണും മരങ്ങളും പാറയും വന്നു അടിഞ്ഞ സ്ഥലത്ത്, അതിനുള്ളില്‍ ലോറിയോ ആളെയോ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഇക്കാര്യം ഇന്നലെ ഈശ്വര്‍ മല്‍പെ തന്നെ തുറന്നു പറയുകയും ചെയ്തു.

ഡ്രെഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്യല്‍ മാത്രമാണ് ഇനി പോംവഴി. എന്നാല്‍,ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്രയും തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവാക്കണോ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഒരു കോടിയോളം രൂപ മുടക്കി തിരയുന്നതിന്റെ യുക്തി ഷിരൂരുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിലുണ്ടായി. ലോറി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് കിട്ടാന്‍ ഇത്രയും സര്‍ക്കാര്‍ പണം ചെലവാക്കണോ എന്നുവരെ ചോദ്യങ്ങളുണ്ടായി.

ശരീരം കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയിലാണ് ലോറിയുള്ള ഭാഗം കേന്ദ്രീകരിച്ചു തെരച്ചില്‍. മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെ ലോറി കണ്ടിട്ടില്ല. ഡ്രെഡ്ജര്‍ മണ്ണ് നീക്കിയാല്‍ തന്നെ ലോറി കണ്ടെത്താനാകുമോ എന്ന് അതുകൊണ്ട് ഉറപ്പില്ല,.ഇത്രയും അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ഏത് അവസ്ഥയിലാണ് ലോറി എന്ന് വ്യക്തമല്ല. ലോറി എടുത്താല്‍ തന്നെ ശരീരം കണ്ടെത്താനാകുമോ എന്നും ഉറപ്പില്ല.