- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ എന്ന നിലയില്‍ ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത മ്ലേച്ഛമായ പോസ്റ്റുകള്‍; വ്യക്തിഹത്യയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം; സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്; വിവിധ മാധ്യമങ്ങള്‍ക്കെതിരെ കേസ്; ഷൈനിന്റെ മൊഴി രേഖപ്പെടുത്തി
കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനും അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ സിപിഎം നേതാവ് കെ.ജെ.ഷൈന്‍ നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പുറമെ, ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മെട്രോവാര്‍ത്ത, അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ്‌പോര്‍ട്ടലുകള്‍, നിരവധി യൂട്യൂബ് ചാനലുകള്‍, വ്യക്തിഗത സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
പറവൂരിലെ ഷൈനിന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഷൈനിന്റെ ഭര്‍ത്താവ് ഡൈനസ് തോമസ് ആരോപിച്ചു. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് പോലീസ് സംഘം കെ.ജെ. ഷൈനിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്. വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങളെക്കുറിച്ചും ഇതിന്റെ ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും ഷൈന്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
'നാട്ടില്‍ എല്ലാവരും സൗഹാര്‍ദപരമായാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണം വ്യക്തിപരമായ അധിക്ഷേപമാണ്. സ്ത്രീ എന്ന നിലയില്‍ ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വളരെ മ്ലേച്ഛമായ പോസ്റ്റുകളാണ് വന്നത്. രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍, ഇത് വ്യക്തിഹത്യയാണ്,' കെ ജെ ഷൈനിന്റെ ഭര്‍ത്താവ് ഡൈനസ് തോമസ് പറഞ്ഞു.
സി.കെ. ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് ആദ്യമായി പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും ഇയാള്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് സൈബര്‍ വിങ്ങിന്റെ ചുമതലക്കാരനുമാണെന്നും ഷൈനിന്റെ ഭര്‍ത്താവ് ആരോപിച്ചു. കോണ്‍ഗ്രസുമായി ബന്ധമുള്ള നിരവധി വ്യക്തികള്‍ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും ഉന്നത നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താന്‍ ഷൈനിനെ ആക്ഷേപിക്കുന്ന പോസ്റ്റുകളൊന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ലെന്നും യൂട്യൂബില്‍ മറ്റൊരാള്‍ ഇട്ട ലിങ്ക് പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാദിച്ചു.
വ്യാപകമായ സൈബര്‍ ആക്രമണവും അപവാദ പ്രചാരണവും നേരിടുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍ ഇന്നലെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ റൂറല്‍ സൈബര്‍ പോലീസ് വിശദമായ മൊഴിയെടുത്ത ശേഷം ഔദ്യോഗികമായി കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അവയുടെ ലിങ്കുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഷൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
പറവൂര്‍ എം.എല്‍.എ വി.ഡി. സതീശന്റെ അറിവോടെയാണ് ഈ നീക്കങ്ങളെന്ന് ഷൈനും ഭര്‍ത്താവും നേരത്തെ ആരോപിച്ചിരുന്നു. വ്യക്തിഹത്യ നടത്താനും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.