തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനം വന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. കേരളത്തിലങ്ങോളമിങ്ങോളം ജാഥകളും മറ്റുമായി തിരക്കിലേക്ക് നീങ്ങുകയാണ് വിവിധ കക്ഷികള്‍. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടില്‍ അമര്‍ന്നുകഴിഞ്ഞു. എംഎല്‍എ ഓഫീസ് കൈയേറി എന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കവെ, എംഎല്‍എ വി.കെ. പ്രശാന്തിന്റെ നെയിം ബോര്‍ഡിന് തൊട്ടുമുകളില്‍ സ്വന്തം ബോര്‍ഡ് സ്ഥാപിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ നടത്തിയ നീക്കം തലസ്ഥാനത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

'ഓലപ്പാമ്പ്' പരിഹാസവും നെയിം ബോര്‍ഡ് യുദ്ധവും

എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കു അഡ്വ.കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയെ പുച്ഛിച്ചു തള്ളുകയാണ് മുന്‍ ഡിജിപി കൂടിയായ ആര്‍. ശ്രീലേഖ. 'ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്' എന്ന് ചിരിയോടെ വീഡിയോയിലൂടെ അവര്‍ പ്രതികരിച്ചു. ശാസ്തമംഗലത്തെ ഓഫീസില്‍ വി.കെ. പ്രശാന്തിന്റെ ബോര്‍ഡിന് മുകളില്‍ തന്റെ പേര് വെച്ചതിലൂടെ, വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിനുള്ള ആധിപത്യത്തെ നേരിട്ട് വെല്ലുവിളിക്കുകയാണ് ബിജെപി.


ശബരീനാഥന്റെ എന്‍ട്രി; പ്രശാന്തിന് ഇരട്ട പ്രഹരം?

വിഷയത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യമുള്ളപ്പോള്‍ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് നടത്തുന്നത് എന്ന ചോദ്യവുമായി മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ ഒന്നാമതെത്തിയത് പ്രശാന്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; ഉറപ്പിച്ചു നിര്‍ത്താന്‍ സിപിഎം

2011 മുതല്‍ കോണ്‍ഗ്രസ് കോട്ടയായിരുന്ന വട്ടിയൂര്‍ക്കാവ്, മേയര്‍ എന്ന നിലയിലുള്ള പ്രഭാവത്തിലാണ് വി.കെ. പ്രശാന്ത് പിടിച്ചെടുത്തത്. ജനപ്രിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന് പ്രശാന്ത് വിശ്വസിക്കുന്നു. വി.കെ. പ്രശാന്തിനെ വീഴ്ത്താന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനാണ് യുഡിഎഫ് നീക്കം.

മുന്‍ എംഎല്‍എ കെ. മുരളീധരനാണ് പ്രഥമ പരിഗണന. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍, മുന്‍ അരുവിക്കര എംഎല്‍എയും നിലവില്‍ നഗരസഭാ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥന്റെ പേരാണ് പരിഗണിക്കുന്നത്. ശബരീനാഥന്‍ പ്രതിനിധീകരിക്കുന്ന കവടിയാര്‍ വാര്‍ഡും ശ്രീലേഖ കൗണ്‍സിലറായ ശാസ്തമംഗലം വാര്‍ഡും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലേക്കും ശബരീനാഥന്റെ പേര് പരിഗണനയിലുണ്ട്.

വട്ടിയൂര്‍ക്കാവിലെ വോട്ട് രാഷ്ട്രീയം


ബിജെപിക്ക് മികച്ച സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ ഒന്നാമതെത്തിയിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം 2011-ല്‍ കോണ്‍ഗ്രസിന്റെ കൈവശമായിരുന്ന വട്ടിയൂര്‍ക്കാവ്, അന്നത്തെ തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്തിലൂടെയാണ് സിപിഎം തിരിച്ചുപിടിച്ചത്. മൂന്നാം സ്ഥാനത്ത് നിന്ന് 14,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രശാന്ത് വിജയം നേടി.

2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 20,000 കവിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ആര്‍. ശ്രീലേഖയെ പോലുള്ള കരുത്തരായ കൗണ്‍സിലര്‍മാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ബിജെപിയില്‍, മേയര്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അതൃപ്തി മറികടക്കാന്‍ വിജയസാധ്യതയുള്ള സീറ്റാണ് ആര്‍. ശ്രീലേഖയ്ക്ക് നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ നിന്ന് ശ്രീലേഖ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ചുരുക്കത്തില്‍, ഒരു നെയിം ബോര്‍ഡില്‍ തുടങ്ങിയ തര്‍ക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തീപാറുന്ന ത്രികോണ പോരാട്ടത്തിന്റെ കൊടിയേറ്റമായി മാറിയിരിക്കുകയാണ്.