തോട്ടികളെതൊട്ട് ഐടിക്കാരെവരെ സംഘടിപ്പിച്ച നേതാവ്! ഇന്ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ ജീവിതം തികച്ചും ഐതിഹാസികമായിരുന്നു. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിച്ച നേതാവ് കൂടിയാണ് സഖാവ് ലോറന്‍സ്. പൊലീസ്, 50കളില്‍ കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്ത രീതിയാണ് അദ്ദേഹം പറയാറുണ്ട്്. തലയിലെ ഓരോ മുടിയിഴയും, ചവണകൊണ്ട് പിടിച്ച്വലിച്ച് പിഴുതെറിഞ്ഞ്, നെറ്റിയുടെ തുടക്കം മുതല്‍ മൂര്‍ധാവ് വരെ റോഡുവെട്ടുക പൊലീസിന്റെ ഒരു രീതിയാണത്രേ. ഇതിന് മോസ്‌ക്കോ റോഡ് എന്നാണ് പറയാറുള്ളത്. മുടി പൂര്‍ണ്ണമായും നഷ്ടമവുന്നതിന് മുമ്പ് എം എം ലോറന്‍സിന്റെ തലയില്‍ ഈ മോസ്‌ക്കോ റോഡ് ഉണ്ടായിരുന്നു.

95- വയസ്സിന്റെ ജീവിത സായാഹ്നത്തിലും ലോറന്‍സ് പലതവണ വാര്‍ത്തകളില്‍നിറഞ്ഞു. വിഎസ് പുന്നപ്ര വയലാര്‍ സമര നായകനല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. ഏബാലചന്ദ്രന്‍ ചുള്ളിക്കാട് ലോറന്‍സിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എഴുതിയ 'തോട്ടി' എന്ന കവിതയും വിവാദമായി. കേരളത്തില്‍ ട്രേഡ് യൂണിയന്‍ വിപ്ലവം സൃഷ്ടിച്ച ഈ നേതാവ് വീണ്ടും വാര്‍ത്തകളില്‍നിറയുന്നത്, തന്റെ അത്മകഥയുടെ പേരിലും വിവാദത്തിലായി. 'ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഫലത്തില്‍ വി എസ് അച്യുതാനന്ദന് എതിരായ കുറ്റപത്രമാണ്. ഒരു കോക്കസിനെ സൃഷ്ടിച്ചുകൊണ്ട് എങ്ങനെയാണ് വിഎസ് സിപിഎമ്മില്‍ വിഭാഗീയ സൃഷ്ടിച്ചതെന്ന് ഈ പുസ്തകം കൃത്യമായി പറയുന്നുണ്ട്. അവസാന കാലത്ത് സിപിഎമ്മുമായി നല്ല ബന്ധത്തിലായിരുന്നില്ല ഈ വെറ്ററന്‍ നേതാവ്. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ബിജെപിയുമായി അടുത്തതിന്റെ പേരിലും, മകള്‍ സിപിഎം വിരുദ്ധ നിലപാടുകള്‍ എടുത്തത്തിന്റെ പേരിലും ലോറന്‍സ് പാര്‍ട്ടിക്കകത്ത് ആക്രമിക്കപ്പെട്ടു. പക്ഷേ ആരെയും കൂസാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.

ചരിത്രമായ ഇടപ്പള്ളി ആക്രമണം

എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ പതിനഞ്ചിനാണ് ലോറന്‍സിന്റെ ജനനം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാള്‍ മാര്‍ക്സിനെക്കുറിച്ചുള്ള ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനിയായ സഹോദരന്‍ എബ്രഹാം മാടമാക്കല്‍ നല്‍കുമ്പോഴാണ് പതിനൊന്നുകാരനായ ലോറന്‍സ് മാര്‍ക്സിസത്തെക്കുറിച്ച് അറിയുന്നത്. പിന്നെ ആ സിദ്ധാന്തത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രയാണമായിരുന്നു. പതിനെട്ടാംവയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തുടര്‍ന്നങ്ങോട്ട് എഴ് പതിറ്റാണ്ടുകള്‍ നീണ്ട പാര്‍ട്ടി പ്രവര്‍ത്ത കാലം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജ്വലിക്കുന്ന ഏടായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക നേതാണ് ലോറന്‍സ്. പക്ഷേ ഇന്ന് പാര്‍ട്ടിപോലും ആ ചരിത്രം അത്ര ഓര്‍ക്കുന്നില്ല. 1947- ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ തയാറായിരുന്നില്ല. പകരം, വിമോചനത്തിന് ആയുധമേന്താമെന്നായി പുതിയ നയം. അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഗ്രാമങ്ങളിലെ സഖാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട കല്‍ക്കട്ട തീസിസ്. അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി ടി രണദിവെയുടെ നേതൃത്വത്തിലാണ് സായുധ സമരത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിച്ചെടുക്കുവാന്‍ ആഹ്വാനമുണ്ടായത്. ഇതിന്റെ ബാക്കിപത്രമായിരുന്നു ഇടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ വിജയിക്കാതെ പോയ ആക്രണം.




1950 ഫെബ്രുവരി 28ന് ദേശീയ തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട റെയില്‍വേ പണിമുടക്ക് വിജയിപ്പിക്കുന്നതിനായിരുന്നു എംഎം ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പള്ളിയില്‍ ഒത്തുകൂടിയത്. രണ്ടു സഖാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അവരെ മോചിപ്പിക്കണമെന്നും ഇടപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിനു നേതൃത്വം നല്‍കിയ കെ സി മാത്യു പ്രഖ്യാപിച്ചു. ഇതു ശരിയല്ലെന്നു തോന്നിയിട്ടും എതിര്‍ക്കാതിരുന്നത്, പേടിച്ചിട്ടാണെന്നു പറയാതിരിക്കാനായിരുന്നു എന്നാണ് ആക്രണമത്തെക്കുറിച്ച് പിന്നീട് എം എം ലോറന്‍സ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം അന്ന് ആക്രമണത്തിന് ഒപ്പമുണ്ടായിരുന്ന വിശ്വനാഥ മേനോനോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

പുലര്‍ച്ചെ രണ്ടു മണിക്കു ജാഥയായാണ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. മാത്യു അറ്റാക്ക് പറഞ്ഞാല്‍ ആക്രമണം, റിട്രീറ്റ് പറഞ്ഞാല്‍ പിന്‍വാങ്ങല്‍. ഇതാണു പദ്ധതി. അറ്റാക്ക് കേട്ടതും സഖാക്കള്‍ സ്റ്റേഷനിലേക്കു പാഞ്ഞു കയറി. തയാറാക്കി കൊണ്ടുവന്ന കൈബോംബ് പ്രയോഗിച്ചെങ്കിലും പൊട്ടിയില്ല. ഒരു പൊലീസുകാരന്റെ ബയണറ്റു കൊണ്ടുള്ള കുത്തേറ്റ് ഒരു സഖാവിനു പരുക്കേറ്റു. ഇതിനിടെ ചിലര്‍ ആ പൊലീസുകാരനെ അടിച്ചിട്ടു. മറ്റൊരു പൊലീസുകാരനും തല്ലുകൊണ്ടു വീണു. ബാക്കിയുള്ള പൊലീസുകാര്‍ ഓടി രക്ഷപ്പെട്ടു. തല്ലുകൊണ്ടു വീണ രണ്ടു കോണ്‍സ്റ്റബിള്‍മാരെയും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. ബഹളം കേട്ട് നോക്കിയെങ്കിലും എന്തോ പ്രശ്നമാണെന്നു കണ്ടു പിന്‍വാങ്ങി. എത്ര ശ്രമിച്ചിട്ടും സമരക്കാര്‍ വിചാരിച്ചതു പോലെ ലോക്കപ്പ് തുറക്കാനോ അതിലുള്ളവരെ രക്ഷപ്പെടുത്താനോ സാധിച്ചില്ല. അപ്പോഴേയ്ക്കും നേരം വെളുത്തിരുന്നു.

17 പേര്‍ പങ്കെടുത്ത പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ആദ്യം അറസ്റ്റിലായത് സംഭവം അറിഞ്ഞിട്ടു പോലുമില്ലാത്ത പയ്യപ്പള്ളി ബാലനും കെ. രാജനുമെല്ലാം. അറസ്റ്റിലായവര്‍ക്കു നേരിടേണ്ടി വന്നതു ക്രൂര മര്‍ദനം. സ്റ്റേഷന്‍ ആക്രമണത്തിനു ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും നിരവധിപ്പേരെ ഹാജരാക്കി പൊലീസ്. എല്ലാം കള്ളസാക്ഷികള്‍. അറസ്റ്റിലായവരില്‍ ഏറെയും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍. അതുകൊണ്ടു തന്നെ ശിക്ഷിക്കപ്പെട്ടതും നിരപരാധികള്‍. ഒടുവില്‍ പൊലീസിന്റെ മൊഴി രേഖപ്പെടുത്തലില്‍ വന്ന പാകപ്പിഴകളുടെ സാധ്യതകള്‍ മുതലെടുത്ത് മികച്ച അഭിഭാഷകര്‍ സുപ്രീം കോടതി വരെ പോയാണ് ലോറന്‍സ് ഉള്‍പ്പടെയുള്ളവര്‍ ജയില്‍ മോചിതരായതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

1950-ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായ ലോറന്‍സ് 22 മാസം ജയിലില്‍ കിടന്നത്. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം അനുഭവിച്ചു. അടിയന്തരാസ്ഥയിലും കൊടിയ പീഡനം അനുഭവിച്ചു.

വിഭാഗീയതയില്‍ പണികിട്ടുന്നു

എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖവ്യവസായ തൊഴിലാളികളെയും തോട്ടിത്തൊഴിലാളികളെയുമെല്ലാം അദ്ദേഹം സംഘടിപ്പിച്ചു. ഒരു മികച്ച ട്രേഡ് യൂണിയനിസ്റ്റും സംഘാടകനുമായ ലോറന്‍സിനെ മാറ്റിക്കൊണ്ട് കൊച്ചിയുടെ ചരിത്രം എഴുതാന്‍ കഴിയില്ല. സിഐടിയുവിന്റെ നേതൃത്വത്തില്‍നിന്നുകൊണ്ട് അദ്ദേഹം ഐടി മേഖലയില്‍ ട്രേഡ് യൂണിയനും നേതൃത്വം കൊടുത്തു. കേരളത്തില്‍ ഇന്‍ഫോപാര്‍ക്കുളും, ഐടി പാര്‍ക്കുകളും വന്നകാലത്ത്, ഈ പുതിയ മേഖലയിലും ചൂഷണങ്ങള്‍ അനവധിയുണ്ടാവുമെന്നും. ട്രേഡ് യൂണിയന്‍ വേണ്ട ്എന്ന ആശയം പാടില്ലെന്നും ലോറന്‍സ് ശക്തിയുക്തം വാദിച്ചു. വൈകാതെ അദ്ദേഹം കേരളത്തിലെ തന്നെ സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായി മാറി.




തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും ലോറന്‍സിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. 1969-ല്‍ പ്രഥമ കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തിന് സ്ഥാനം കൈവിട്ടുപോയത്. 1970-ലും 2006-ലും എറണാകുളം മണ്ഡലത്തിലും 1977-ല്‍ പള്ളുരുത്തിയിലും 1991-ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ല്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍നിന്ന് വിജയിച്ചു. 1984-ല്‍ മുകുന്ദപുരത്ത് പരാജയപ്പെട്ടു.പാര്‍ട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി. പാര്‍ട്ടിക്കുള്ളില്‍ ശക്തനായി നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു വ്യാഴവട്ടം ഇടതുമുന്നണി കണ്‍വീനറായി.

പിന്നെ പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതയുടെ ചുഴിയില്‍ വീണ് ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സേവ് സി.പി.എം.ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളില്‍ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അച്ചടക്കമുള്ള പ്രവര്‍ത്തകനായിനിന്ന് പിന്നെയും അദ്ദേഹം പടികള്‍ കയറി. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. വീണ്ടും സി.പി.എം.സംസ്ഥാനകമ്മിറ്റി അംഗമായി. അങ്ങനെ പൊരുതാന്‍ അറിയുന്ന ആളായിരുന്നു ലോറന്‍സ്.

പക്ഷേ തനിക്ക് ഈ പ്രശ്നങ്ങള്‍ മൊത്തം ഉണ്ടായത് വി എസ് അച്യുതാനന്ദന്‍ എന്ന ഒറ്റയാള്‍ മൂലമാണെന്ന് ലോറന്‍ സതന്റെ ആത്മകഥയില്‍ പറയുന്നു. വി എസ് അച്യുതാനന്ദന്‍ എന്ന ബിംബത്തെ പൊളിച്ചടുക്കയാണ് ലോറന്‍സിന്റെ ആത്മകഥയായ 'ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍'.

'ഇഎംഎസിനെ തകര്‍ക്കാന്‍ വിഎസ് ശ്രമിച്ചു'

ഇ എം എസിനെതിരെ പോലും കടുത്ത വൈരനിര്യാതന ബുദ്ധി കാണിച്ച വിഎസ് അച്യുതാനന്ദന്റെ ചിത്രമാണ് എം എം ലോറന്‍സിന്റെ ആത്മകഥ വായിക്കുമ്പോള്‍ വെളിവാവുന്നത്. ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ് ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കേരള രാഷ്ട്രീയത്തിലെ സാന്നിധ്യം അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസിന് അസ്വസ്ഥത സൃഷ്ടിച്ചെന്നു ലോറന്‍സ് പറയുന്നു.

ഇഎംഎസ് പതിവായി എകെജി സെന്ററിലെത്തുന്നത് വിഎസിന് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ട് ഒരേ ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍, ഇഎംഎസിന് കൂടുതല്‍ മുദ്രാവാക്യം വിളികള്‍ കിട്ടിയതും വിഎസിനെ അസ്വസ്ഥനാക്കി. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബസവ പുന്നയ്യയ്ക്കു രേഖാമൂലം വിഎസ് പലതവണ പരാതി കൊടുത്തു.




1991-ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഇ എംഎസിനെതിരെ സംസാരിക്കാന്‍ വി എസിന്റെ അടുത്തയാളായ എ പി വര്‍ക്കി ചിലയാളുകളെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍, സൂര്യന്‍ ചൂടും പ്രകാശവും കുറഞ്ഞു കരിക്കട്ടയാകുന്നതു പോലെ ഇഎംഎസ് മാറുമെന്ന് വിഎസ് വിഭാഗത്തിലെ ഒരു നേതാവ് പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിച്ചു. തനിക്ക് എതിരെന്നു തോന്നുവരെ തിരഞ്ഞു പിടിച്ചു പ്രതികാരം ചെയ്യാന്‍ വിഎസ് ശ്രമിച്ചു.

വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വി എസ് പ്രത്യേകം സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഇതു കമ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ലെന്നും സംഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമായിരുന്നുവെന്നും ആത്മകഥയിലുണ്ട്.

1991-ല്‍ വി എസ് അച്യുതാനന്ദനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കമുണ്ടായി. പകരം നായനാരാണ് വന്നത്. എന്നാല്‍ വി എസ് ഒഴിയാന്‍ തെയ്യാറായില്ല. നായനാര്‍ മല്‍സരിച്ചു ജയിച്ചു. 1994-ല്‍ കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ തന്നെ തോല്‍പ്പിച്ച് നയനാരെ വിജയിപ്പിച്ചവരെ തെരെഞ്ഞെടുപ്പ് പിടിച്ചു വെട്ടി നിരത്തി. 1998-ലെ പാലക്കാട് സമ്മേളനത്തില്‍ ഇ എം എസ് സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് 17-ാം സ്ഥാനക്കാരനായിട്ടാണ്. 37 പേരാണ് അന്ന് ഇ എം എസിന്റെ പേര്‍ വെട്ടിയത്.

തന്നോട് വിയോജിപ്പുള്ളവരോട് ആ ജന്‍മ വൈര്യം ഉളളവരെപ്പോലെയായിരുന്നു വി എസിന്റെ പെരുമാറ്റം. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എ പി കുര്യനോട് വി എസിന് വലിയ ശത്രുതയായിരുന്നു. കാന്‍സര്‍ മൂലം അദ്ദേഹം മരിച്ചപ്പോള്‍ അനുശോചന യോഗത്തില്‍ 'കഷണ്ടിക്കും കാന്‍സറിനും മരുന്നില്ലന്ന് വരെ' വി എസ് പ്രസംഗിച്ചുകളഞ്ഞുവെന്നും ലോറന്‍സ് പറയുന്നു.

വീല്‍ ചെയറില്‍ ചടയനെ ഇറക്കി

തനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ.പി. വര്‍ക്കിയെ അക്കാലത്ത് വി.എസ്. അച്യുതാനന്ദന്‍ വിഭാഗീയത ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ലോറനസ് ആത്മകഥയില്‍ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇ.കെ. നായനാര്‍ ഇക്കാരം തുറന്നു പറഞ്ഞിരുന്നു. വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വി.എസ്. പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചു. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. ആദ്യമായി വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയില്‍ ആ കനല്‍ മുഴുവനായി കെട്ടടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സി.പി.എം. കേന്ദ്രകമ്മിറ്റിയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ വി.എസ്, അര്‍ബുദരോഗബാധിതനായിരുന്ന അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദനെ നിര്‍ബന്ധിച്ച് ഡല്‍ഹിക്ക് കൊണ്ടുപോയെന്ന് എം.എം. ലോറന്‍സ് എഴുതുന്നുണ്ട്. വീല്‍ച്ചെയറിലായിരുന്നു ചടയന്‍. വോട്ടിങ് നടന്നപ്പോള്‍ ടി.കെ. രാമകൃഷ്ണന്‍ മാത്രമാണ് തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞതെന്നും ലോറന്‍സ് ഓര്‍ക്കുന്നു. 1998-ല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തിനുശേഷം എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഉടനെ ഒഴിയണമെന്ന് ചിലര്‍ പറഞ്ഞു. ഇല്ലെങ്കില്‍ അവര്‍ മാറ്റും. അതിനായുള്ള കളികള്‍ നടക്കുന്നുണ്ടെന്നാണ് പറഞ്ഞത്. അതിനുള്ള നീക്കങ്ങള്‍ തുടങ്ങുംമുമ്പുതന്നെ താന്‍ പത്രസമ്മേളനം വിളിച്ച് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി തന്നെ എറണാകുളം ഏരിയാ കമ്മിറ്റിയിലേക്കാണ് നിയോഗിച്ചത്. തന്നെ മാനസികമായി തളര്‍ത്താമെന്നായിരുന്നു ചിലര്‍ വിചാരിച്ചത്. താന്‍ ഏരിയാകമ്മിറ്റിയില്‍ പങ്കെടുക്കാതെ പാര്‍ട്ടിയില്‍നിന്ന് ഒഴിവായിപ്പോകുമെന്നായിരുന്നു അവര്‍ ധരിച്ചത്. എന്നാല്‍, താന്‍ ഏരിയാ കമ്മിറ്റിയില്‍ പങ്കെടുത്തു. എറണാകുളം ഏരിയാ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ താന്‍വരുന്നതിന്റെ ചിത്രം പിറ്റേന്ന് 'മാതൃഭൂമി' പത്രത്തില്‍വന്നു. അത് താന്‍ കൊടുത്തതാണെന്ന് പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. പിന്നീട് കണ്ണൂര്‍ സംസ്ഥാനസമ്മേളന ഭാഗമായി ജില്ലാകമ്മിറ്റിയിലേക്ക് എത്തി. 2004-ല്‍ മലപ്പുറം ജില്ലാസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തിരിച്ചെത്തി. അന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ വോട്ടുലഭിച്ചവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നു.




പിന്നീട് ആലപ്പുഴ സമ്മേളനത്തില്‍ പുതിയവര്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ ഒഴിയണമെന്ന തീരുമാനം വന്നു. താന്‍ അത് അനുസരിച്ചു. എന്നാല്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു അച്ചടക്കവുമില്ലാതെ പ്രതിഷേധിച്ച് വേദിവിട്ട് ഇറങ്ങിപ്പോയ സമ്മേളനംകൂടിയായിരുന്നു അതെന്നും ലോറന്‍സ് പറയുന്നു. വി.എസ്.അച്യുതാനന്ദന്‍ പുന്നപ്രവയലാര്‍ സമരനായകനല്ലെന്ന് നേരത്തെുള്ള തന്റെ നിലപാട് എം.എം.ലോറന്‍സ് ആത്മകഥയിലും അവര്‍ത്തിക്കുന്നുണ്ട്. തന്നെ പൊലീസ് തെരയുന്നുണ്ടെന്ന് പറഞ്ഞ് പുന്നപ്ര വയലാര്‍ സമരത്തില്‍നിന്ന് മുങ്ങിആളാണ് വിഎസ് എന്നാണ് ലോറന്‍സ് പറയുന്നത്.-''വിഎസിന്റെ കാലില്‍ പൊലീസ് ബയണറ്റിട്ടു കുത്തിയെന്നൊക്കെയാണു പറയുന്നത്. സമരകാലത്തു വിഎസ് തയ്യല്‍ത്തൊഴിലാളിയായിരുന്നു. സമരം നടക്കുന്നുവെന്നറിഞ്ഞു പിന്നീട് അദ്ദേഹം അങ്ങോട്ടെത്തുകയായിരുന്നു. വിഎസിന്റെ നൂറാം പിറന്നാളിന്റെ കാര്യമൊക്കെയറിഞ്ഞു. പക്ഷേ, ആളത്ര നല്ലതല്ല''- ഈയിടെയും ലോറന്‍സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് അങ്ങനെയാണ്.

പാര്‍ട്ടിക്കുവേണ്ടി മക്കളെ തള്ളിപ്പറഞ്ഞു

2018-ല്‍ ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും കൊമ്പുകോര്‍ക്കുന്നതിനിടെ എം എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ബിജെപിയുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തതതും വലിയ വാര്‍ത്തയായിരുന്നു. അന്നത്തെ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കടുത്ത് തന്നെ കസേര നല്‍കി ബിജെപി വലിയ സ്വീകരണമാണ് ഈ പ്ലസ് ടൂ കാരന് നല്‍കിയത്. മിലന്‍ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങള്‍ മനസിലാക്കാനാണ് വന്നതെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

എന്നാല്‍ കൊച്ചുമകന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തതില്‍ എംഎം ലോറന്‍സ് അതൃപ്തി അറിയിച്ചു. എന്നാല്‍ മകന് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ലോറന്‍സിന്റെ മകള്‍ ആശ പ്രതികരിച്ചത്. ബിജെപിയില്‍ ചേരണമെന്ന് മകന്‍ ആഗ്രഹം പ്രകടപ്പിച്ചാല്‍ തങ്ങള്‍ തടയില്ലെന്നായിരുന്നു ആശയുടെ പ്രതികരണം. ഇതിന് പിന്നാലെ സിപിഎം നേതാക്കള്‍ തന്നോട് പ്രതികാരം ചെയ്യാന്‍ ശ്രമം നടത്തുന്നതായി ആശ പറഞ്ഞിരുന്നു.

മിലന്‍ ബിജെപി സമരത്തില്‍ പങ്കെടുത്തത് മുതല്‍ സിഡ്കോയിലേയും സിപിഎമ്മിലേയും ഉന്നതര്‍ ശത്രുതാ മനോഭാവത്തോടെയായിരുന്നു പെരുമാറിയിരുന്നത്. ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ വരെ മാനേജ്മെന്റ് നീക്കം നടത്തി. താന്‍ കുത്തിയിരുപ്പ് സമരം നടത്തിയതോടെ അവര്‍ പിന്മാറുകയായിരുന്നുവെന്ന് ആശ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ഗവണ്‍ര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വൈകാതെ ആശ സിപിഎമ്മിന്റെ കടുത്ത വിമര്‍ശകയായി. അതിന്റെ പേരില്‍ അവരുടെ ജോലിയും നഷ്ടമായി. ഇക്കാര്യം ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലുടെ ആശ അറിയിച്ചിരുന്നു. '' ജീവിതമാര്‍ഗം അടഞ്ഞ തനിക്കുവേണ്ടി ഇടപെട്ടത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹം വ്യവസായമന്ത്രി ഇ പി ജയരാജനെ വിളിച്ചപ്പോള്‍ അദ്ദേഹം പുച്ഛിക്കുകയും തന്നെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്''- ആശ പറഞ്ഞു.

ഇത്തരം വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ എം എം ലോറന്‍സിനും മകളെ തള്ളിപ്പറയേണ്ടി വന്നു. ഈ മകള്‍ എന്റെ നല്ലതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് ലോറന്‍സ് പോസ്റ്റിട്ടു. സംഘ പരിവാറിനൊപ്പം നില്‍ക്കുന്ന ആശയുടെ ദുര്‍പ്രചരണങ്ങളെ വിശ്വസിക്കരുത്ഴ തന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ നടത്തുകയാണെന്നും ലോറന്‍സിന്റെ കുറിപ്പില്‍ പറയുന്നു.

''നാലു മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സി എന്‍ മോഹനന്‍, അജയ് തറയില്‍ എന്നിവരെ, 'മകള്‍' എന്ന മേല്‍വിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.എന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. ''- ലോറന്‍സ് പറഞ്ഞു.

ലോറന്‍സിന്റെ മകന്‍ അഡ്വ. എം.എല്‍. എബ്രഹാം (അബി) നേരത്തെ ബിജെപിയില്‍ ചേര്‍ന്നതും വിവാദമായിരുന്നു. എ.കെ. ആന്റണിയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍, എന്തുകൊണ്ട് ലോറന്‍സിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നില്ല എന്ന് വാര്‍ത്ത വന്നിരുന്നു. ഇതിലും ലോറന്‍സിന്റെ പ്രതികരണം ഇങ്ങനെയാണ്. '' ബി.ജെ.പിയില്‍ ചേര്‍ന്ന തന്റെ മകന്‍ അബി പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. അബി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ ഞാന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അതിനുശേഷം അബി വന്നു കണ്ടിരുന്നു. തെറ്റ് പറ്റിയതാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലമാണ് അപ്രകാരം ഉണ്ടായതെന്നും ബിജെപിയുടെ ആശയഗതികളോടോ പ്രവര്‍ത്തന പരിപാടികളോടോ യോജിപ്പുമില്ലെന്നും പറഞ്ഞിരുന്നു. ഞാന്‍ ബി.ജെ.പിയുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും അവര്‍ എന്നോട് പറഞ്ഞിരുന്നു''- ഇങ്ങനെയാണ് ലോറനസ് പ്രതികരിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കൂറ്. ഈ ജീവിത സായാഹ്നത്തിലും സ്വന്തം മക്കളേക്കാള്‍ പ്രിയം അദ്ദേഹത്തിന് പാര്‍ട്ടിതന്നെയാണ്.

തോട്ടി കവിത വിവാദം

അസുഖബാധിതായി വിശ്രമ ജീവിതം നയിക്കുന്ന, എം എം ലോറന്‍സ് ഒടുവില്‍ വാര്‍ത്തയില്‍ ഇടം പിടിച്ചത്, ബാലചന്ദ്രന്‍ ചൂള്ളിക്കാടിന്റ 'തോട്ടി' എന്ന മാതൃഭൂമി ആഴ്്ചപ്പതിപ്പില്‍ വന്ന കവിതയിലുടെയാണ്. ആദ്യകാല തോട്ടിപ്പണിക്കാരുടെ യൂണിയന്‍ നേതാവ് എം.എം.ലോറന്‍സിനുള്ള സമര്‍പ്പണമായാണ് കവിയ അവതരിപ്പിച്ചത്. പക്ഷേ കവിതയുടെ കാമ്പല്ല ആമുഖമായി 'ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയന്‍ സംഘടിപ്പിച്ച സഖാവ് എം എം ലോറന്‍സിന് ' എന്ന് എഴുതിയതാണ് വിവാദത്തിനു കരാണം. തോട്ടിപ്പണിക്കാരുടെ യൂണിയന്‍ ആദ്യമായി സംഘടിപ്പിച്ചത് ലോറന്‍സ് ആയിരുന്നില്ലെന്ന് പറഞ്ഞ് പലരും ഇത് സോഷ്യല്‍ മീഡിയയില്‍ വിവാദമാക്കി.

1929 ജൂണ്‍ പതിനഞ്ചിനാണ് ലോറന്‍സിന്റെ ജനനം. അതിനും ഒരു കൊല്ലം മുന്‍പേ 1928ല്‍ കൊല്‍ക്കത്തയില്‍ സോഷ്യലിസ്റ്റ് നേതാവ് പ്രഭാവതി ഭാസ് ഗുപ്തയുടെ നേതൃത്വത്തില്‍ തോട്ടിപ്പണിക്കാരുടെ സമരം നടന്നിരുന്നു.തോട്ടിത്തൊഴിലാളികളുടെ മാതാവ്എന്നാണ് പ്രഭാവതി ദാസ് ഗുപ്ത അറിയപ്പെട്ടിരുന്നത്.കേരളത്തിലെ കാര്യമെടുത്താലും ലോറന്‍സ് അല്ല ആദ്യ 'തോട്ടി' സംഘാടകന്‍. സ്വാതന്ത്രസമര സേനാനി ജൂബാ രാമകൃഷ്ണപിള്ള കേരളത്തില്‍ ആദ്യമായി തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു സംഘടനയ്ക്ക് നേതൃത്വം നല്‍കിയത് എന്നാണ് വിമര്‍ശകരുടെ വാദം.




ഇത് ശരിയാണെങ്കിലും, ആര്‍ക്കും വേണ്ടാത്ത കേരളത്തിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചതില്‍ എം എം ലോറന്‍സിന് വലിയ പങ്കുണ്ട്. പണ്ട് കൊച്ചിയുടെ കുപ്പത്തൊട്ടിയായിരുന്നു കലൂര്‍. തോട്ടികള്‍ മലം വാരികൊണ്ടിടുന്ന സ്ഥലം. യൂറോപ്യന്‍ കക്കൂസുകള്‍ വരുന്നതിന് മുമ്പുള്ള ആ കാലത്ത് സമൂഹം നികൃഷ്ടജീവികളായി കണ്ട, തോട്ടികളെ കൊച്ചിയില്‍ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി പൊരുതുകയും ചെയ്തത് ലോറന്‍സ് ആയിരുന്നു. കവിത വിവാദമായതോടെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എം എം ലോറന്‍സിനെ കാണാന്‍ എത്തിയതും വാര്‍ത്തയായി.സീനിയര്‍ ഗവ.പ്ലീഡറായ മകന്‍ അഡ്വ. സജി ലോറന്‍സിന്റെ വീട്ടില്‍ വാര്‍ധക്യത്തിന്റെ സഹജമായ ചില്ലറ അവശതകളോടെ കഴിയുന്ന ലോറന്‍സിനെ കാണാന്‍ എത്തിയ ചുള്ളിക്കാട്, 'കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു' എന്നു തുടങ്ങുന്ന വരികള്‍ ചൊല്ലി.

'ഞാന്‍..ബാലചന്ദ്രന്‍..'എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോള്‍ 'അറിയാം' എന്നായിരുന്നു വീല്‍ചെയറിലിരുന്ന് ലോറന്‍സിന്റെ മറുപടി. സി.ഐ.സി.സി.ബുക്സ് സ്റ്റാളില്‍വച്ച് ബാലചന്ദ്രനെ ആദ്യമായി കണ്ടത് അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നെ സംഭാഷണം കവിതയിലേക്കും കൊച്ചിയുടെ ഇന്നലെകളിലേക്കും തോട്ടിത്തൊഴിലാളികളുടെ കഥയിലേക്കും കടന്നു. പറയുന്ന കാര്യങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ലോറന്‍സിന്റെ ഓര്‍മകള്‍ക്കിപ്പോഴും സമരതീക്ഷ്ണത. അതില്‍ ഒരു കാലം മുദ്രാവാക്യം വിളിച്ചുനില്കുന്നു. 'തിരുവനന്തപുരത്തുനിന്ന് ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ് കവിത വന്ന കാര്യം വിളിച്ചറിയിച്ചത്. അന്ന് ആഴ്ചപ്പതിപ്പിന്റെ കോപ്പി കിട്ടിയിരുന്നില്ല. പിന്നെ മകന്‍ വായിച്ചു കേള്‍പ്പിച്ചു.'-ലോറന്‍സ് പറഞ്ഞു. ഒതുക്കമുള്ള കവിത എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. ഒടുവില്‍ ലോറന്‍സിന് മുന്നിലിരുന്ന് ബാലചന്ദ്രന്‍ കവിത ചൊല്ലിയപ്പോള്‍ കൊച്ചിയിലെ തോട്ടികളുടെ ഭൂതകാലം ഒരിക്കല്‍ക്കൂടി ഉയിര്‍ത്തു.

ഫലത്തില്‍ ലോറന്‍സ് എന്ന സമര സഖാവിന്റെ ഐതിഹാസികമായ ജീവിതത്തിനുള്ള ഏറ്റവും വലിയ ട്രിബ്യൂട്ട് തന്നെയാണ് ആ കവിത. ഇപ്പോള്‍ ലോറന്‍സ് ഓര്‍മ്മയാവുമ്പോഴും 'കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു' എന്നു തുടങ്ങുന്ന വരികള്‍ നിലനില്‍ക്കും.