ന്യൂഡല്‍ഹി: രാജ്യമാകെ കൊതിച്ച ആ സ്വര്‍ണമോ, വെള്ളിയോ, കയ്യില്‍ നിന്ന് വഴുതി പോയതിന്റെ കടുത്ത നിരാശയിലാണ് ഭാരതീയര്‍. പാരീസ് ഒളിമ്പിക്‌സില്‍ ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷ് ഫോഗട്ടിനെ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അയോഗ്യയാക്കിയത് വലിയ നടുക്കമായി. ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണ് എതിരായ പീഡനാരോപണങ്ങളുടെ പേരില്‍ കൊമ്പുകോര്‍ക്കാറുള്ള പ്രതിപക്ഷവും ഭരണപക്ഷവും ഈ അവസരത്തിലും പോരുമുറുക്കി.

ആദ്യം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. "'വിനേഷ്, താങ്കള്‍ ചാംപ്യന്‍മാരുടെ ചാംപ്യനാണ്. താങ്കള്‍ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഈ നിമിഷം ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. പ്രതിരോധത്തിന്റെ പ്രതീകമാണ് താങ്കളെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തിത്തന്നെ നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട്." പ്രധാനമന്ത്രി കുറിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായും ഫോഗട്ട് വിജയത്തിന്റെ പാതയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയുടെ ദീപസ്തംഭവുമാണ് ഫോഗട്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരെന്‍ റിജിജു പറഞ്ഞു. കായിക മന്ത്രി മന്‍സുഖ് മാണ്ഡവവ്യയുടെ ലോക്‌സഭയിലെ മറുപടി പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. പേഴ്‌സണല്‍ സ്റ്റാഫിനെ അടക്കം അനുവദിച്ച് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും വിനേഷിന് നല്‍കിയെന്ന് മാണ്ഡവ്യ അവകാശപ്പെട്ടു. അതേസമയം, പ്രതിപക്ഷം വിഷയത്തിലെ ഗൂഢാലോചന ആംഗിളാണ് ഏറ്റുപിടിച്ചത്.

വിനേഷിന്റെ അയോഗ്യതയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ഇന്ത്യന്‍ കായിക ചരിത്രത്തിലെ കറുത്ത ദിവസമെന്നും കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ' 40 കോടി ഇന്ത്യാക്കാര്‍ ഞെട്ടലിലാണ്….ഇതൊരു വന്‍ വിദ്വേഷ ഗൂഢാലോചനയാണ്. പക്ഷേ രാജ്യം വിനേഷിനൊപ്പമുണ്ട്…സുര്‍ജേവാല പറഞ്ഞു. ബ്രിജ്ഭൂഷണ്‍ ശരണിന് എതിരെയുള്ള ആരോപണങ്ങളും പ്രതിഷേധ പ്രകടനത്തിനിടെ വിനേഷ് ഫോഗട്ടിനെ പൊലീസ് വലിച്ചിഴച്ചതമെല്ലാം സുര്‍ജേവാല ഓര്‍മ്മിപ്പിച്ചു. വിനേഷ് ഫോഗട്ടിന്റെ വിജയം ദഹിക്കാത്തത് ആര്‍ക്കെന്ന് ചോദിച്ച സുര്‍ജേവാല അട്ടിമറി നടന്നിരിക്കാമെന്നും സൂചിപ്പിച്ചു.

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസ്താവനകള്‍ വിവാദരഹിതമായിരുന്നു. വിനേഷിനെ അയോഗ്യയാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ വിശേഷിപ്പിച്ചപ്പോള്‍, 'എന്റെ സഹോദരി, ഒറ്റയ്ക്കാണെന്ന് കരുതരുത്, ഓര്‍ക്കുക, നിങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ ചാമ്പ്യനായിരിക്കുമെന്ന്' പ്രിയങ്ക കുറിച്ചു.

ഇന്ത്യയുടെ മുന്‍ ബോക്‌സിങ് താരവും 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. ഇത് ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്കുമെതിരായ വന്‍ ഗൂഢാലോചനയാണെന്ന് വിജേന്ദര്‍ ആരോപിച്ചു. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായി. അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്കുമെതിരായ വലിയ ഗൂഢാലോചനയാണിത്. അവളുടെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നു. ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല. ഒരു രാത്രികൊണ്ട് നമുക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ കുറക്കാം, അപ്പോള്‍ 100 ഗ്രാമിന് എന്താണ് പ്രശ്‌നം. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കേണ്ടതായിരുന്നു. ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നും കണ്ടിട്ടില്ല' -വിജേന്ദര്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തിനായി ബോക്‌സിങ്ങില്‍ ആദ്യമായി മെഡല്‍ നേടിയ താരമാണ് വിജേന്ദര്‍.

അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തിന്റെ നഷ്ടമെന്നാണ് ബി.ജെ.പി എം.പിയും ഗുസ്തി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനുമായ കരണ്‍ ഭൂഷണ്‍ സിങ് പ്രതികരിച്ചത്. 'ഇത് രാജ്യത്തിന്റെ നഷ്ടമാണ്. ഗുസ്തി ഫെഡറേഷന്‍ ഇത് കണക്കിലെടുക്കുകയും എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുകയും ചെയ്യും': അദ്ദേഹം പറഞ്ഞു.