- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ വഴിയില്‍ നിന്നും മാറി നടന്ന സംഗീതജ്ഞന്; ഗ്രാമി പുരസ്ക്കാര പങ്കാളിത്തതിലൂടെ അഭിമാനമായ മലയാളി; യേശുദാസ് ആലപിച്ച 'സര്‍വേശാ...' ആത്മീയഗീതം പ്രകാശനം ചെയ്ത് മാര്‍പാപ്പ; കോറസ് പാടിയത് 100 വൈദികരും 100 കന്യസ്ത്രീകളും; മ്യൂസിക് തെറാപ്പിയുടെ സാധ്യതയും തേടിയ ആല്‍ബവുമായി മനോജ് ജോര്‍ജ്ജ്
വത്തിക്കാന്‍: മലയാളത്തിന്റെ പ്രതിഭയും മൂന്ന് തവണ ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ വയലിന്‍ വിദഗ്ധന്‍ മനോജ് ജോര്‍ജ് സംഗീതസംവിധാനത്തില്‍ പങ്കാളിയായ ഗാനം ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് ആലപിച്ച ആത്മീയ ഗീതം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. മൂന്നുതവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കേജ് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന ഈ ആല്‍ബം, സംസ്‌കൃതത്തിലെ മനോഹരമായ വരികളോടെയാണ് സൃഷ്ടിക്കപ്പെട്ടത്. മനോജ് ജോര്‍ജിനൊപ്പം ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സംഗീതം നല്‍കിയ ഗാനം പരേതനായ പ്രഫ. പി.സി. ദേവസ്യയയാണ് വരികള്‍ എഴുതിയിരിക്കുന്നത്.
യേശുദാസിനും, ഫാ.ഡോ. പോള്‍ പൂവത്തിങ്കലിനൊപ്പം 100 വൈദികരും 100 കന്യാസ്ത്രീകളും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ കോറസ് പാടിയിരിക്കുന്നത് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് ഹോളിവുഡിലെ ലോസ് ഏഞ്ചല്‍സ് ചേംബര്‍ ഓര്‍ക്കസ്ട്ര, മനോജ് ജോര്‍ജ്, രാകേഷ് ചൗരസ്യ (മുംബൈ) എന്നിവര്‍ ചേര്‍ന്നാണ്. റെക്കോര്‍ഡിങ് നടത്തിയിരിക്കുന്നത് മാറ്റ് ബ്രൗണൈല്‍ (ഹോളിവുഡ്), ല്യൂക് ബൗലോക് (ഫ്‌ലോറിഡ), സജി ആര്‍. നായര്‍, അഫ്താബ് ഖാന്‍ (മുംബൈ) എന്നിവരാണ്. ഗാനത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ജയ്‌സണ്‍ ജോസ് (ബോസ്റ്റണ്‍), അഭിലാഷ് വളാഞ്ചേരി, മെന്‍ഡോസ് ആന്റണി എന്നിവരാണ്.
തൃശൂരിലെ ചേതന ഗണാശ്രമാണ് സംഗീത ആല്‍ബത്തിന്റെ നിര്‍മാണം. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയവ ബാധിച്ച കുട്ടികളെ ന്യൂറോളോജിക് മ്യൂസിക് തെറാപ്പിയിലൂടെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കുക ലക്ഷ്യമിട്ടാണ് ഗാനം ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
എറണാകുളത്തുനിന്ന് 600 രൂപയ്ക്കു വാങ്ങിയ ഒരു സാധാരണ വയലിനില്‍നിന്നായിരുന്നു മനോജിന്റെ തുടക്കം. അന്ന് വയസ്സ് 12. ഇന്ന് 38 വര്‍ഷങ്ങള്‍ക്കുശേഷം, പട്ടാള അകമ്പടിയോടെ കൊണ്ടുവരുന്ന മഹത്തായ ചരിത്ര പാരമ്പര്യമുള്ള അമാത്തി വയലിനിന്റെ പുതുരൂപവുമായാണ് ഈ മലയാളിയുടെ സംഗീതയാത്ര. കുറച്ചു വര്‍ഷം മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ഒരുക്കിയ സംഗീത ആല്‍ബത്തിന്റെ സ്‌കോര്‍ എഴുതിയത് മനോജാണ്. ബേണിങ് ലവ് എന്നായിരുന്നു ആല്‍ബത്തിന്റെ പേര്, ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള മ്യൂസിവേഴ്‌സല്‍ ഓര്‍ക്കസ്ട്രയ്ക്കായി ഇത് റെക്കോര്‍ഡ് ചെയ്തതും മനോജാണ്. ജന്മദിനത്തില്‍ വിയന്നയില്‍നിന്ന് ലൈവായി ബേണിങ് ലവ് അവതരിപ്പിച്ചപ്പോള്‍ വയലിനിസ്റ്റായും മനോജ് ചേംബര്‍ ഓര്‍ക്കസ്ട്രാ സംഘത്തിലുണ്ടായിരുന്നു.
3 തവണ ഗ്രാമി പുരസ്‌കാരനേട്ടത്തില്‍ പങ്കാളിയായ മനോജ് ഇപ്പോള്‍ ഗ്രാമിയുടെ വോട്ടിങ് മെംബറായും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി പുരസ്‌കാരത്തിനെത്തുന്ന സംഗീതമല്ലാം ആദ്യം കേള്‍ക്കുക വോട്ടിങ് മെംബര്‍മാരാണ്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത റൗണ്ടുകളിലേക്ക് മുന്നേറാനാകുക.
നാലാം തവണത്തെ ഗ്രാമി പുരസ്‌കാര നേട്ടത്തിലേക്ക് ഒരു പടികൂടി അടുത്ത് മനോജ് ജോര്‍ജ്. റിക്കി കേ ജിന്റെ ആല്‍ബത്തിന് ഗ്രാമി പട്ടികയില്‍ ഇടം ലഭിച്ചതോടെയാണ് മനോജും ഈ അഭിമാന നേട്ടത്തിന്റെ ആദ്യ കടമ്പ കടന്നത്. ബ്രേക് ഓഫ് ഡോണ്‍ എന്ന ആല്‍ബമാണ് ഗ്രാമി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ വയലിന്‍ വായിച്ചിരിക്കുന്നത് മനോജാണ്. നേരത്തെ 3 തവണ റിക്കി ഗ്രാമി നേടിയിട്ടുണ്ട്. അപ്പോഴെല്ലാം മനോജും സംഘത്തിലുണ്ടായിരുന്നു. ഫെബ്രുവരി 2നാണ് ഗ്രാമി പ്രഖ്യാപനം.
സോളോ വയലിനിസ്റ്റ് എന്ന നിലയിലാണ് ഡോണില്‍ മനോജ് ഇത്തവണ. മ്യൂസിക് കണ്ടക്ടര്‍ അറേഞ്ചര്‍, വയലിനിസ്റ്റ് എന്നീ നിലകളിലായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഗ്രാമിയില്‍ മനോജിന്റെ പങ്കാളിത്തം. റിക്കിയുടെ വിന്‍ഡ്‌സ് ഓഫ് സംസാര എന്ന ആല്‍ബത്തിലൂടെ 2015 ലാണ് മനോജ് ഗ്രാമിയെന്ന സ്വപ്‌നനേട്ടത്തില്‍ ആദ്യമെത്തിയത്. 2022 ലും കഴിഞ്ഞ വര്‍ഷവും ഡിവൈന്‍ ടൈഡ്സ് എന്ന ആല്‍ബം വ്യത്യസ്ത വിഭാഗങ്ങളില്‍ ഗ്രാമി നേടി. 3 പതിറ്റാണ്ടിന്റെ സംഗീതയാത്രയ്ക്കിടെ വിവിധ രാജ്യങ്ങളിലായി ഇതിനോടകം മൂവായിരത്തിലേറെ സംഗീതപരിപാടികള്‍ അവതരിപ്പിച്ചുകഴിഞ്ഞു മനോജ്.
വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്കും മനോജ് മടങ്ങിയെത്തുകയാണ്. യുവം സിനിമയുടെ സംവിധായകന്‍ പിങ്കു പീറ്ററിന്റെ പുതിയ ചിത്രത്തിന്റെ സംഗീതസംവിധാനം മനോജാണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. റെക്കോര്‍ഡിങ് പൂര്‍ത്തിയായിവരുന്നു. കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള 2001ലെ ദേശീയ സിനിമാ പുരസ്‌കാരം നേടിയ ഖരാക്ഷരങ്ങളുടെ പശ്ചാത്തലസംഗീതം മനോജിന്റേതായിരുന്നു. ആത്മീയ എന്ന കന്നഡ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച മനോജ്, വാധ്യാര്‍ എന്ന മലയാള സിനിമയിലും 2 പാട്ടുകള്‍ ഒരുക്കിയിരുന്നു.
ഉര്‍വി എന്ന കന്നഡ സിനിമയിലെ ഗാനത്തിന് ചേംബര്‍ ഓര്‍ക്കെസ്ട്ര സംഗീതമെന്ന പുതുപരീക്ഷണം നടത്തിയിരുന്നു മനോജ്. ഇരുപത്തഞ്ചോ മുപ്പതോ പേര്‍ ചേര്‍ന്നു വ്യത്യസ്ത സംഗീതോപകരണങ്ങളിലൂടെയൊരുക്കുന്ന ചേംബര്‍ ഓര്‍ക്കെസ്ട്രയുടെ മധുരിമയാണ് മനോജ് ജോര്‍ജ് വയലിനില്‍ തീര്‍ത്തത്. ചേംബര്‍ ഓര്‍ക്കെസ്ട്ര വിഭാഗത്തില്‍പ്പെടുന്ന ഫസ്റ്റ് വയലിന്‍, സെക്കന്‍ഡ് വയലിന്‍, വിയോള, ചെല്ലോ, ഡബിള്‍ ബേസ് എന്നീ വാദ്യോപകരണങ്ങള്‍ പൊഴിക്കേണ്ട സംഗീതം വയലിനില്‍ സ്വയം ചിട്ടപ്പെടുത്തി മുപ്പതിലേറെ ട്രാക്കൊരുക്കിയാണു സാധ്യമാക്കിയത്. ചിത്രയായിരുന്നു ആലാപനം.
ബെംഗളൂരുവിലെ മനോജ് ജോര്‍ജ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിലവില്‍ നൂറോളം വിദ്യാര്‍ഥികളുണ്ട്. ഓണ്‍ലൈനായി മറ്റൊരു നൂറുപേര്‍ക്കും വയലിന്‍ ക്ലാസെടുക്കുന്നു. തെക്കേ അമേരിക്കന്‍ രാജ്യമായ സുരിനാം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മനോജിന്റെ ശിഷ്യരായുണ്ട്. വയലിന്‍ പഠനത്തിന് പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഇതിന്റെ 2 വോള്യം പുറത്തിറക്കി. ഓണ്‍ലൈനില്‍ ഇവ ലഭ്യം. ആദ്യ വോള്യത്തിന്റെ ആദ്യ എഡിഷന്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. മൂന്നാം വോള്യം ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഒപ്പം കിഡ്‌സ് വോള്യവും ഇറക്കും.
തൃശ്ശൂരിലെ ഒളരിക്കരയാണ് മനോജിന്റെ സ്വദേശം. ജോര്‍ജ് ചിറ്റിലപ്പിള്ളിയും റോസി ജോര്‍ജുമാണ് മാതാപിതാക്കള്‍. ഭാര്യ സുഷ മനോജ്. നീല്‍ മനോജും നിയ റോസുമാണ് മക്കള്‍. ക്ലാസുകളും സംഗീതപരിപാടികളുമായി ബെംഗളൂരുവിലാണ് ഇപ്പോള്‍ താമസം. ബെംഗളൂരുവില്‍ മൂന്നിടങ്ങളിലായി മനോജ് ജോര്‍ജ് സ്‌കൂള്‍ ഓഫ് മ്യൂസിക് പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതോപകരണങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ Roland Corporation, Cantinil Electric Violins, Stentor Violins എന്നിവയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മനോജ് ജോര്‍ജ്. കൂടാതെ Yamaha Corportaion ന്റെ ബ്രാന്‍ഡ് അംബാസഡറായി കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. മൈ ജേണി വിത് വയലിന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് മനോജ്.