- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ ന്യൂമോണിയയെ അതിജീവിക്കില്ലെന്ന് പോപ് ഫ്രാന്‍സിസ്; മാര്‍പ്പാപ്പയുടെ മൃതസംസ്കാരശുശ്രൂഷയ്ക്കുള്ള റിഹേഴ്‌സല്‍ നടത്തി സ്വിസ് ഗാര്‍ഡുകള്‍; അരുതാത്തത് സംഭവിക്കുമെന്ന ആശങ്കയോടെ വിശ്വാസികള്‍
താന്‍ ന്യൂമോണിയയെ അതിജീവിക്കില്ലെന്ന് പോപ് ഫ്രാന്‍സിസ്
വത്തിക്കാന്‍ സിറ്റി: കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മാര്‍പാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ (ഡബിള്‍ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കു ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി 5 ദിവസമായി ആശുപത്രിയില്‍ തുടരുകയാണ് 88 വയസ്സുകാരനായ അദ്ദേഹം. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നു മാര്‍പാപ്പ അഭ്യര്‍ഥിച്ചു. റോമിലെ ആശുപത്രിക്കു മുന്നില്‍ ആയിരങ്ങളാണു പ്രാര്‍ഥിക്കുന്നത്.
അതേസമയം, പോപ് ഫ്രാന്‍സിന്റെ മൃതസംസ്‌കാര ശുശ്രൂഷയ്ക്കായുള്ള റിഹേഴ്‌സല്‍ അദ്ദേഹത്തിന് സുരക്ഷാകവചമൊരുക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ നടത്തിയതായി സ്വിസ് പത്രമായ ബ്ലിക് റിപ്പോര്‍ട്ട് ചെയ്തു. താന്‍ ന്യുമോണിയയെ അതിജീവിക്കില്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. തന്റെ കല്ലറ നേരത്തെ തയ്യാറാക്കിയതായി പോപ് ഫ്രാന്‍സിസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, മാര്‍പാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അല്‍പം സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുര്‍ബാനയ്ക്കു മാര്‍പാപ്പയ്ക്കു പകരം മുതിര്‍ന്ന കര്‍ദിനാള്‍ കാര്‍മികനാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എക്‌സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോര്‍ട്ടിസോണ്‍ തെറപ്പി തുടര്‍ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയല്‍ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം.
ജന്മനാടായ അര്‍ജന്റീനയില്‍ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തില്‍ മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാര്‍പാപ്പയെ 2023 മാര്‍ച്ചില്‍ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പു. പിന്നീട് ന്യുമോണിയയാണെന്നു കണ്ടെത്തി. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2021 ജൂണില്‍ അദ്ദേഹത്തിനു വന്‍കുടല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു
റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്തീനോ ജെമെല്ലിയില്‍ മാര്‍പാപ്പമാര്‍ക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് പാപ്പയ്ക്കു ചികിത്സ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പാപ്പായുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നും, തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും വത്തിക്കാനിലേക്ക് അയയ്ക്കുന്നത് തുടരുകയാണ്.