കാക്കിനട: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിൽ തല്ലരേവു തപാൽ ഓഫീസിലെ ഒരു ജീവനക്കാരൻ ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് വ്യാപക പ്രതിഷേധം. ജീവനക്കാരൻ വീഡിയോ കാണുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാളെ സസ്‌പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. തല്ലരേവ് പോസ്റ്റ് ഓഫീസിൽ ജനങ്ങൾ തപാല്‍ ആവശ്യത്തിന് മണിക്കൂറുകൾ വരി നില്‍ക്കേണ്ടിവരുന്നെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു.

കമ്പ്യൂട്ടറിന് സാങ്കേതിക തകരാറുണ്ടെന്ന് പറഞ്ഞ് ഉപഭോക്താക്കളെ മണിക്കൂറുകളോളം പുറത്ത് കാത്തുനിർത്തിയ സമയത്താണ് ജീവനക്കാരൻ ഫോണിൽ അശ്ലീല വീഡിയോ കണ്ടത്. എന്നാൽ, ജീവനക്കാരൻ മൊബൈലിൽ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങൾ ആരോ രഹസ്യമായി പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഈ വീഡിയോ അതിവേഗം വൈറലായതോടെ, സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പ്രൊഫഷണലിസത്തെയും ഉത്തരവാദിത്തമില്ലായ്മയെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. വ്യാപക പ്രതിഷേധത്തെ തുടർന്ന് ജീവനക്കാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023-ൽ, ത്രിപുരയിലെ ബിജെപി എംഎൽഎ ജാദവ് ലാൽ നാഥ് സംസ്ഥാന നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീലം കാണുന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്‍റെ ഒരു വീഡിയോ അക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.