ന്യൂഡല്‍ഹി: യുഎസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി തപാല്‍ വകുപ്പ് അറിയിച്ചു. നൂറ് ഡോളര്‍ വരെ മൂല്യമുള്ള കത്തുകള്‍, രേഖകള്‍, സമ്മാനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ തപാല്‍ സേവനങ്ങളുമാണ് നിര്‍ത്തിയത്. തിങ്കളാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും.

എണ്ണൂറ് ഡോളര്‍ വരെ മൂല്യമുള്ള തപാല്‍ ഉരുപ്പടികള്‍ക്കുണ്ടായിരുന്ന തീരുവയിളവ് അമേരിക്ക പിന്‍വലിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതല്‍ യുഎസിലേയ്ക്കുള്ള തപാല്‍ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിയത്. ഇൗ മാസം 29 മുതലാണ് അമേരിക്കയുടെ തീരുവയിളവ് ഒഴിവാക്കല്‍ നിലവില്‍ വരിക. ഈ സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ 30ന് യുഎസ് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി തീരുവയില്ലാതെ ഉരുപ്പടികള്‍ എത്തുന്നത് നിര്‍ത്തലാക്കുകയായിരുന്നു. ഓഗസ്റ്റ് 29 മുതല്‍ എല്ലാ തപാല്‍ ഉരുപ്പടികള്‍ക്കും കസ്റ്റംസ് തീരുവ ഈടാക്കാനാണ് എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ പറയുന്നത്.

ഓഗസ്റ്റ് 25 മുതല്‍ക്കാണ് ഇന്ത്യ പോസ്റ്റ് യുഎസിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളുടെയും ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. അതെസമയം കത്തുകള്‍/രേഖകള്‍, 100 ഡോളര്‍ വരെ വിലയുള്ള സമ്മാനങ്ങള്‍ എന്നിവയെ ഈ താല്‍ക്കാലിക വിലക്ക് ബാധിക്കില്ല. തപാല്‍ വകുപ്പ് യുഎസ്സിലെ അധികാരികളുമായി ചേര്‍ന്ന് കാര്യങ്ങളില്‍ വ്യക്തത വരുത്താനും പരിഹാരം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP), യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ് (USPS) എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കുന്നതനുസരിച്ചായിരിക്കും തപാല്‍ വകുപ്പ് അടുത്ത നടപടികളെടുക്കുക.

തപാല്‍ വകുപ്പ് യുഎസ് തപാല്‍ വിഭാഗവുമായി കാര്യങ്ങള്‍ ആശയവിനിമയം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എത്രയും പെട്ടെന്ന് സേവനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായും സര്‍ക്കാര്‍ അറിയിച്ചു. താല്‍കാലിക നിരോധനം നിരവധി പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥകള്‍ കാരണം നിരവധി തപാല്‍ ഉരുപ്പടികള്‍ അയയ്ക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുകയാണ്. സാധനങ്ങള്‍ അയയ്ക്കാനായി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തപാല്‍ ചാര്‍ജ് റീഫണ്ട് ചെയ്യാന്‍ അപേക്ഷിക്കാമെന്ന് തപാല്‍ വകുപ്പ് വ്യക്തമാക്കി.

ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തപാല്‍ ചാര്‍ജ് റീഫണ്ട് ചെയ്യാനാകും. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ തപാല്‍ വകുപ്പ് ഖേദം പ്രകടിപ്പിച്ചു. പുതിയ എക്‌സിക്യുട്ടീവ് ഉത്തരവ് പ്രകാരം ശേഷം 100 ഡോളര്‍ വരെ വിലയുള്ള സമ്മാനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് ലഭിക്കും. നേരത്തെ ഈ ഇളവ് 800 ഡോളര്‍ വരെ വിലയുള്ള സമ്മാനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. അമേരിക്കയിലെ ഉത്തരവ് പ്രകാരം അന്താരാഷ്ട്ര കമ്പനികള്‍ക്കും യു.എസ് കസ്റ്റംസ് വിഭാഗം അംഗീകരിച്ച 'യോഗ്യരായ മറ്റു കക്ഷികള്‍ക്കും' മാത്രമേ പോസ്റ്റല്‍ വസ്തുക്കള്‍ ഏറ്റുവാങ്ങാനും കസ്റ്റംസ് തീരുവ അടക്കാനും പറ്റൂ. ഈ കക്ഷികള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2025 ആഗസ്റ്റ് 25ന് ശേഷം തപാല്‍ ചരക്കുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യു.എസിലേക്ക് പാര്‍സല്‍ കൊണ്ടു പോകുന്ന നിരവധി വിമാനകമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് ആഗസ്റ്റ് 25 മുതല്‍ യു.എസിലേക്ക് അയക്കേണ്ട കത്തുകള്‍, രേഖകള്‍, 100 ഡോളര്‍ വരെയുള്ള സമ്മാന ഇനങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ തപാല്‍ ഉല്‍പ്പന്നങ്ങളുടെയും ബുക്കിങ് നിര്‍ത്തിവെക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചത്. വ്യാപാരത്തീരുവയെച്ചൊല്ലി യുഎസ്-ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാല്‍സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം. യുഎസ്, ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അധികമായി 25 ശതമാനം പിഴയും ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു.