കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റേണ്ടത് അനിവാര്യയാകും. നവീന്‍ ബാബുവിനെതിരെ കളക്ടര്‍ മൊഴി കൊടുത്തത് പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടാനാണെന്നാണ് വിലയിരുത്തല്‍. തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴി പുറത്താകുമ്പോള്‍ ഗൂഡാലോചനയില്‍ കളക്ടര്‍ക്കും പങ്കുണ്ടന്ന് വ്യക്തമാകുകയാണ്.

പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി. ഇനി അഥവാ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ ഇത്തരത്തില്‍ ദിവ്യ പെരുമാറാന്‍ പാടില്ലായിരുന്നു. അതിന് വ്യവസ്ഥാപിത നിമയങ്ങളും സംവിധാനങ്ങളുമുണ്ട്. അതിന് പകരം നിയമം സ്വയം കൈയ്യിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ദിവ്യയ്ക്ക് ജാമ്യം കിട്ടാന്‍ വേണ്ടിയാണ് കളക്ടര്‍ നവീന്‍ ബാബുവിനെതിരെ ഇങ്ങനെ മൊഴി കൊടുത്തതെന്ന വിലയിരുത്തല്‍ ശക്തമാണ്. നവീന്‍ ബാബുവിനെ കളക്ടറും ഭീഷണിപ്പെടുത്തിയോ എന്ന സംശയം ശക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍.

നവീന്‍ ബാബുവിന്റെ മരണം ആദ്യം അറിഞ്ഞവരില്‍ ഒരാള്‍ കളക്ടറാണ്. പോലീസും ഓടിയെത്തി. എന്നാല്‍ എഫ് ഐ ആറില്‍ മരണം പോലീസ് അറിഞ്ഞത് 10 മണിയോടെയാണെന്നാണ് രേഖപ്പെടുത്തുന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യാ കുറിപ്പ് അടക്കം നശിപ്പിക്കാനുള്ള സമയം ഇതിനിടെ ബന്ധപ്പെട്ടവര്‍ക്ക് കിട്ടി. വലിയ രീതിയില്‍ അട്ടിമറികള്‍ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കളക്ടറുടെ അട്ടിമറി മൊവി. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ഉന്നയിച്ചിരുന്നു. പോലീസിലെ ഉന്നതരാണ് മൊഴി കൈമാറിയതെന്നും സൂചനയുണ്ട്. ഈ മൊഴിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ദിവ്യയും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒളിവില്‍ കഴിഞ്ഞത്. എന്നാല്‍ അത് അസ്ഥാനത്തായി.

എന്തുകൊണ്ടാണ് പോലീസിന് കളക്ടര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് ഇനിയും വ്യക്തമല്ല. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യയും കളക്ടറും തമ്മിലെ ഫോണ്‍ സംഭാഷണവും വിവാദത്തിലാകുകയാണ് ഇതോടെ. കളക്ടര്‍ ക്ഷണിച്ചതു കൊണ്ടാണ് യാത്ര അയപ്പ് ചടങ്ങിനെത്തിയതെന്ന് ദിവ്യ പറയുന്നു. അത് കളക്ടര്‍ നിഷേധിക്കുകയും ചെയ്തു. ദിവ്യയെ മാധ്യമങ്ങള്‍ക്ക് മുന്നിലും തള്ളിപറഞ്ഞു. എന്നാല്‍ പോലീസിനോട് ദിവ്യയ്ക്ക് ജാമ്യ സാധ്യതയൊരുക്കുന്ന ഒരു വരി പറയുകയും ചെയ്തു. അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ വിവരം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതും.

യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്. അപ്പോള്‍ ദിവ്യയ്ക്ക് രക്ഷപ്പെടാന്‍ സാധ്യതയായി നവീന്‍ ബാബുവിനെ കുറ്റപ്പെടുത്തുകയും ചെയ്തു. അതായത് വകുപ്പു തല അന്വേഷണത്തില്‍ പറയാത്ത കാര്യം പോലീസിനോട് വെളിപ്പെടുത്തി. ഇത് ഗുരുതര ചട്ടലംഘനമാണ്. അതുകൊണ്ട് തന്നെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ സര്‍ക്കാരിന് നടപടി എടുക്കേണ്ട അനിവാര്യ സാഹചര്യം ഉണ്ടാവുകയാണ്.

14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി.പി.ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നു കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതും ദൂരൂഹമാണ്. ഒരു തെളിവുമില്ലെന്ന് കളക്ടര്‍ പറഞ്ഞ കാര്യത്തിനെ എന്തിന് നവീന്‍ ബാബുവിനോട് ചോദിച്ചുവെന്നതും കളക്ടറുടെ ഇരട്ടത്താപ്പിന് തെളിവാണ്. ദിവ്യയ്ക്ക് അനുകൂലമായിരുന്നു കളക്ടറെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സംശയം ബലപ്പെടുത്തുന്നതാണ് ഈ വസ്തുതകളെല്ലാം. അതുകൊണ്ട് കൂടിയാണ് കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന വാദം ഇനി കൂടുതല്‍ ശക്തമാകാന്‍ പോകുന്നതും.




യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായാണ് കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തമായ വിശദീകരണത്തോടെയാണ് കോടതി ഇക്കാര്യം പറഞ്ഞു വയ്ക്കുന്നതും.

മരിച്ച വ്യക്തി സത്യസന്ധതയില്ലാത്ത ആളാണെന്നോ കൈക്കൂലി വാങ്ങിയെന്നോ ദിവ്യയ്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ നിയമവഴി സ്വീകരിക്കേണ്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിന്റേതായ സംവിധാനങ്ങളും അധികാരികളുമുണ്ട്. ആരും നിയമം കൈയിലെടുക്കാന്‍ പാടില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടായിരുന്നെങ്കില്‍, ദിവ്യയെപ്പോലെ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തക ഉചിതമായ ഫോറത്തേയോ അധികാരികളേയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്യുന്നതിന് പകരം, അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കുയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് അധിക്ഷേപപരാമര്‍ശം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് എ.ഡി.എം. എന്‍.ഒ.സി. ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ദിവ്യ തന്നോട് പറഞ്ഞതായി കളക്ടര്‍ മൊഴി നല്‍കി. ഇക്കാര്യത്തില്‍ പരാതിക്കാരുടെ രേഖാമൂലമുള്ള പരാതിയോ തെളിവോ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ ദിവ്യ പരാതി പരിശോധിക്കണമെന്ന് പറഞ്ഞു. തെളിവോ വ്യക്തമായ ബോധ്യമോ ഇല്ലെങ്കില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയതായി വിധി പകര്‍പ്പില്‍ പറയുന്നു.