കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത് പിപി ദിവ്യയുടെ രണ്ടു നിലപാടുകള്‍. തന്നെ ആരും ക്ഷണിച്ചിരുന്നില്ലെന്ന തരത്തിലായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങിലെ പ്രസംഗം. എന്നാല്‍ കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കഥ മാറ്റുകയാണ്. കളക്ടര്‍ ക്ഷണിച്ചുവെന്നാണ് കോടതിയില്‍ ദിവ്യ പറയുന്നത്. ഇതോടെ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും കുരുക്ക് വരുകയാണ്.

വിളിക്കാത്ത ചടങ്ങില്‍ കയറിവന്ന പി.പി.ദിവ്യയെ തടയാന്‍ ശ്രമിച്ചില്ലെന്നതാണ് കലക്ടര്‍ അരുണ്‍ കെ വിജയനെ പ്രതിക്കൂട്ടില്‍ ആക്കുന്നത്. കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കളും രംഗത്തുവന്നു. യാത്രയയപ്പ് വേണ്ടെന്ന് നവീന്‍ ബാബു പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചാണ് പരിപാടി നടത്തിയതെന്നും ഇതുവഴി ദിവ്യയ്ക്ക് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കിയെന്നുമാണ് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആരോപിച്ചത്. ഇതിനു മുന്‍പ് മറ്റൊരു ചടങ്ങില്‍ ദിവ്യയും കലക്ടറും പങ്കെടുക്കുകയും ഇരുവരും ദീര്‍ഘനേരം സംസാരിച്ചിക്കുകയും ചെയ്തിതിരുന്നു. ഗൂഢാലോചനയില്‍ കലക്ടര്‍ക്ക് പങ്കുണ്ടെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആരോപിച്ചു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി. ഇതിനിടെയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജിയും ചര്‍ച്ചയാകുന്നത്.

കലക്ടര്‍ അരുണ്‍ കെ.വിജയനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണു ജാമ്യാപേക്ഷയില്‍ പി.പി.ദിവ്യ ഉന്നയിച്ച വാദങ്ങള്‍. രാവിലെ ഇരുവരും ഒരേ യോഗത്തില്‍ പങ്കെടുത്തു എന്നതു വസ്തുതയാണ്. 'വഴിയേ പോകുമ്പോഴാണു കയറിയത്' എന്ന് അന്നു പ്രസംഗത്തില്‍ പറഞ്ഞത് കലക്ടറെ രക്ഷിക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതിനിടെ വിവാദം പുതിയ തലത്തിലെത്തുമ്പോള്‍ കളക്ടറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ദിവ്യയും. യാത്രയയപ്പു യോഗത്തിലേക്കു ദിവ്യ വരുന്ന കാര്യം കലക്ടര്‍ക്ക് അറിയാമായിരുന്നുവെന്ന ആരോപണം ജീവനക്കാര്‍ കഴിഞ്ഞദിവസം തന്നെ ഉന്നയിച്ചിരുന്നു. ഇന്നലെ കലക്ടറെ ഓഫിസില്‍ ജീവനക്കാര്‍ തടയുമെന്ന സൂചനയുമുണ്ടായിരുന്നു. ഇതു മുന്‍കൂട്ടി അറിഞ്ഞതിനാലാവാം കലക്ടര്‍ ഓഫിസില്‍ എത്തിയില്ല.

യാത്രയയപ്പു യോഗത്തിലേക്കു ദിവ്യ കടന്നുവരുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ എഡിഎം എഴുന്നേറ്റു നില്‍ക്കുന്നുണ്ടായിരുന്നു. ദിവ്യയും കലക്ടറും എഡിഎമ്മും ചിരിക്കുന്ന രംഗത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ആ ഒരു നിമിഷം മാത്രമാണ് നവീന്‍ ബാബു ചിരിച്ചത്. ദിവ്യയുടെ പ്രസംഗം തുടങ്ങിയതോടെ ചിരി മാഞ്ഞു. പിന്നീട് ദിവ്യ പറഞ്ഞ തമാശ കേട്ടപ്പോള്‍ പോലും ചിരിച്ചില്ല. എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും അഴിമതിയുടെ നിഴലിലാക്കിയും ദിവ്യ സംസാരിക്കുമ്പോള്‍ കലക്ടര്‍ കൈകൊണ്ടു മുഖം മറച്ചു. അധിക്ഷേപ ശേഷവും എഡിഎമ്മിനെ ആശ്വസിപ്പിക്കാന്‍ കലക്ടര്‍ തുനിഞ്ഞില്ല.

അതിനിടെ കേസില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. യാത്രയയപ്പുയോഗത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുപ്പു തുടരുകയാണ്. എഡിഎമ്മിന്റെ ബന്ധുക്കളുടെ മൊഴിയെടുപ്പു പൂര്‍ത്തിയായി. അതിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കല്കറ്റര്‍ അരുണ്‍ കെ. വിജയന്‍ രംഗത്ത് വന്നു. കത്ത് മുഖേനേയാണ് കലക്റ്റര്‍ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചത്. സബ് കലക്റ്റര്‍ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടില്‍ കത്ത് നേരിട്ടേത്തിച്ചത്. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടര്‍ കത്തില്‍ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ കലക്ടര്‍ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.

കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നവീന്‍ ബാബു വിന്റെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്. വിരമിക്കല്‍ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കലക്ടറോട് നവീന്‍ ബാബു അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് ബന്ധു പറഞ്ഞത്. പക്ഷേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കു കയായിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും കലക്ടറോട് അമര്‍ഷം ഉയര്‍ന്ന സാഹചര്യത്തി ലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയത്. കലക്ടര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ നേരത്തേ അറിയിച്ചിരുന്നു. കല്കടര്‍ക്കെതിരെ ഇതുവരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല.