കണ്ണൂര്‍: പിപി ദിവ്യയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത് സര്‍ക്കാരിന്റെ 'സിബിഐ' പേടി. ദിവ്യയ്ക്ക് ഇനിയും സംരക്ഷണമൊരുക്കിയാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനകളുണ്ടായിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തന്നെ നേരിട്ട് രംഗത്ത് വന്ന് ദിവ്യയുടെ ജാമ്യ ഹര്‍ജി തള്ളിയതിനെ സ്വാഗതം ചെയ്തിരുന്നു. കരുതലോടെയായിരുന്നു അവരുടെ പ്രതികരണം. വിധിയില്‍ സന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്‍കുന്ന വിധിയാണിതെന്നും ഭാര്യ പ്രതികരിച്ചു. ആത്മഹത്യാപ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടും പിപി ദിവ്യയയെ അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. അതായത് ദിവ്യയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാകുമെന്ന സൂചന അതിലുണ്ടായിരുന്നു. ഇതിനൊപ്പമാണ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം കുടുംബം ആവശ്യപ്പെടുമെന്ന സൂചനകള്‍ സിപിഎമ്മിന് കിട്ടിയത്. ഇതോടെ കേന്ദ്ര ഏജന്‍സിയെത്തിയാല്‍ ഉള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ദിവ്യയുടെ അറസ്റ്റ് യഥാര്‍ത്ഥ്യമാക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ല കലക്ടര്‍ക്കെതിരെയും നവീന്‍ ബാബുവിന്റെ ഭാര്യ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശം ഉന്നയിക്കുവാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ല കലക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്ന് മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വസ്റ്റും ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് നടത്തിയതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അവര്‍ പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ നടത്തിയ യോഗത്തില്‍ പിപി ദിവ്യ വന്ന് സംസാരിച്ചതിലും പ്രാദേശിക ചാനലുകാരെക്കൊണ്ട് വീഡിയോ എടുക്കാന്‍ അനുവദിച്ചതിലും കലക്ടര്‍ ഇടപെടേണ്ടതായിരുന്നു. റവന്യു വകുപ്പില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു നവീന്‍ ബാബു. അത് അദേഹത്തിനൊപ്പം മുമ്പ് ജോലി ചെയ്ത പിബി നൂഹ് ഐഎഎസ്, ദിവ്യ ഐഎഎസ് എന്നിവരടക്കം പറഞ്ഞിട്ടുള്ളതാണെന്നും ഭാര്യ പറഞ്ഞു. ഇതിനൊപ്പം മറ്റ് ചിലത് കൂടി മഞ്ജുഷ പറഞ്ഞു. ഇതെല്ലാം സര്‍ക്കാരിനേയും സിപിഎമ്മിനേയും ദിവ്യയെ കൈവിടാന്‍ പ്രേരക ഘടങ്ങളായി.

പിപി ദിവ്യ പരസ്യമായി അപമാനിച്ചതിനെപ്പറ്റി നവീന്‍ ബാബു ഏറെ ദുഃഖിതനായിരുന്നു. പെട്രോള്‍ പമ്പിന്റെ ഫയല്‍ അദ്ദേഹം മനഃപൂര്‍വം തടഞ്ഞ് വച്ചതല്ലെന്നും ടൗണ്‍ പ്ലാനിങില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കാനുണ്ടായ കാലതാമസമായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടോയെന്ന ചോദ്യങ്ങള്‍ക്ക് എല്ലാ സാധ്യതകളും പരിശോധിക്കപ്പെടണം എന്നാണ് മഞ്ജുഷ പ്രതികരിച്ചത്. സിബിഐ എത്തിയാല്‍ കളി മാറുമെന്ന് ഇതോടെ സര്‍ക്കാര്‍ വിലയിരുത്തി. പിന്നെ അതിവേഗ നീക്കങ്ങളും നടത്തി. ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനുള്ള സാധ്യതയുണ്ടായിരുന്നു. അതുവരെ ഒളിവിലും തുടരാം. എന്നാല്‍ ഇതിനിടെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍ സിബിഐ അന്വേഷണവുമായി എത്തിയാല്‍ ദിവ്യയുടെ സംരക്ഷണ കവചം അടക്കം കോടതിക്ക് മുന്നിലേക്ക് വരും. ഇത് സിപിഎമ്മിന് പ്രതിസന്ധിയാകും. ഉപതിരഞ്ഞെടുപ്പുകളെ പോലും അത് സ്വാധീനിക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് സിപിഎം ദിവ്യയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സുരക്ഷിത സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ദിവ്യ. പികെ ശ്രീമതിയ്ക്കും കെകെ ശൈലജയ്ക്കും ശേഷം കണ്ണൂരില്‍ നിന്നുള്ള വനിതാ മന്ത്രിയായി ഏവരും കണ്ട നേതാവ്. എന്നാല്‍ ഈ വിവാദത്തോടെ ദിവ്യയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലായി. സിപിഎം ദിവ്യയെ ഇനി പൂര്‍ണ്ണമായും കൈവിടും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. അങ്ങനെ സമ്പൂര്‍ണ്ണ രാഷ്ട്രീയ വനവാസത്തിലേക്ക് ദിവ്യയ്ക്ക് പോകേണ്ടി വരുമെന്നതാണ് യഥാര്‍ത്ഥ്യം. കെ. നവീന്‍ ബാബു ആത്മഹത്യ ചെയ്തതറിഞ്ഞ് ആദ്യം ഒന്ന് പതറിപ്പോയ ദിവ്യ പാര്‍ട്ടി നേതാക്കളെയും അടുത്ത സുഹൃത്തുകളെയുമാണ് ആദ്യം വിളിച്ചത്. സംഭവത്തിനുശേഷം ആദ്യ രണ്ടുദിവസം സ്വന്തം വീടായ ഇരിണാവില്‍ തങ്ങിയെങ്കിലും പ്രതിഷേധവും അറസ്റ്റും മുന്നില്‍ക്കണ്ട് പയ്യന്നൂരിലെ ബന്ധുവീട്ടിലേക്കാണു മാറിയത്.

ഭര്‍ത്താവ് ഇരിണാവിലെ വീട്ടില്‍ത്തന്നെ താമസിക്കുകയും അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ദിവ്യ സ്ഥലത്തില്ലെന്ന് മൊഴി നല്‍കുകയുംചെയ്തു. പിന്നീട് കൂടുതല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി. അവിടെ നിന്ന് ആശുപത്രിയിലും എത്തി. രക്തസമ്മര്‍ദ്ദം കൂടിയെന്ന സംശയത്തിലായിരുന്നു ഇതെല്ലാം. പോലീസ് പിടിക്കുമോ എന്ന അറിയാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം. ദിവ്യ പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ പോലീസിന്റെ റഡാറില്‍ കഴിയുകയായിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം ടൗണ്‍ പോലീസ് സ്റ്റേഷനുസമീപത്തു വെച്ചാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സെക്രട്ടറിക്ക് കൈമാറിയത്. അപ്പോഴും പോലീസ് അറസ്റ്റിന് മുഖംതിരിച്ചുനിന്നു. ഇതു മനസ്സിലാക്കിയാണ് ഹൈക്കോടതിയെ സമീപിച്ച് സിബിഐയെ എത്തിക്കാനുള്ള ശ്രമങ്ങളിലേക്ക് കുടുംബം എത്തിയത്. ഇത് മനസ്സിലാക്കിയാണ് ദിവ്യയോട് അതിവേഗം കീഴടങ്ങാന്‍ സിപിഎം ആവശ്യപ്പെട്ടത്.

മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കീഴടങ്ങാന്‍ എത്തിയ ദിവ്യയെ നാടകീയമായി അറസ്റ്റു ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. രാവിലെ 11.30-ന് അറസ്റ്റു ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചു. അതിനിടയില്‍ ഒളിവ് കേന്ദ്രത്തില്‍നിന്ന് കീഴടങ്ങാന്‍ കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് ദിവ്യ പുറപ്പെട്ടിരുന്നു. അഭിഭാഷകനായ കെ. വിശ്വനും കണ്ണപുരത്ത് എത്തി. ഉച്ചയ്ക്ക് 2.50-ഓടെ എ.സി.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വഷണസംഘമാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് 3.10 ഓടെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യംചെയ്യല്‍. പിന്നെ മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ച് റിമാന്‍ഡും.