കണ്ണൂര്‍: രണ്ടാഴ്ച്ച മുമ്പ് കണ്ണൂര്‍ ജില്ലയെ അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ള സിപിഎമ്മിന്റെ ശക്തയായ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യ. എന്നാല്‍, വാവിട്ട വാക്കും അധികാരത്തിന്റെ ഈഗോയും ഒരുമിച്ചു ചേര്‍ന്നതോടെ ഇന്ന് ദിവ്യയുടെ താമസം കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാന്‍ഡ് തടവുകാരിയായാണ്. നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടതില്‍ ദിവ്യക്ക് നിര്‍ണായക റോള്‍ ഉണ്ടെന്ന് കോടതി കൂടി അടിവരയിട്ടു പറഞ്ഞതോടെ കണ്ണൂരില്‍ നിന്നും സിപിഎം രാഷ്ട്രീയത്തില്‍ ഉദയം കൊണ്ട യുവതാരകത്തിന്റെ രാഷ്ട്രീയ പതനം കൂടിയായി മാറി അത്. വരും കാലങ്ങളില്‍ സിപിഎം എംഎല്‍എയും മന്ത്രിയുമായി മാറേണ്ടിയിരുന്ന ദിവ്യക്ക് ഇതിന് അതിന് എത്രകണ്ട് സാധിക്കുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ജില്ലാ കളക്ടര്‍ കഴിഞ്ഞാല്‍ ജില്ലയിലെ രണ്ടാമത്തെ വലിയ ഉദ്യോഗസ്ഥനാണ് എഡിഎം. അങ്ങനെള്ള എഡിഎം നവീന്‍ ബാബുവിനെ വിരട്ടിവരുതിയില്‍ നിര്‍ത്താന്‍ ദിവ്യ നടത്തിയ ശ്രമമാണ് നവീന്റെ ആത്മഹത്യയിലേക്കും ദിവ്യയുടെ ജയില്‍വാസത്തിലും എത്തിച്ചത്. ഉപതിരഞ്ഞെടുപ്പു കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് അവര്‍ക്ക് അനുകൂലമായി നില്‍ക്കുന്നതില്‍ സിപിഎമ്മിനെ പിന്തിരിപ്പിച്ചതും. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പൊതുജന വികാരത്തിന് മുന്നിലാണ് ദിവ്യക്ക് കീഴടങ്ങേണ്ടി വന്നത്.

ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടയാണ് പി പി ദിവ്യ കീഴടങ്ങിയത്. അറസ്റ്റിലായ ദിവ്യയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിവ്യയെ വിട്ടിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യയെ പ്രവേശിപ്പിച്ചത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ദിവ്യയെ അഴിക്കുള്ളിലാക്കി.

കീഴടങ്ങിയ ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിവ്യയെ എത്തിച്ചത് മുതല്‍ നാടകീയതകളായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ആശുപത്രിയുടെ പിന്‍വാതിലിലൂടെയാണ് ദിവ്യയെ നേരത്തെ വൈദ്യപരിശോധനക്ക് എത്തിച്ചത്. കനത്ത പൊലീസ് കാവലില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ശേഷം മുന്‍വാതിലിലൂടെ പുറത്ത് വന്നു. പൊലീസ് വാഹനത്തില്‍ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പൊലീസ് വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ യൂത്ത് ലീഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ പാര്‍ട്ടി അഭിഭാഷകനായ കെ വിശ്വന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവരടക്കം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നില്‍ ഹാജരായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബിനോയ് കുര്യന്‍. പാര്‍ട്ടി പരസ്യമായി പി പി ദിവ്യയെ തള്ളുമ്പോഴും രഹസ്യമായി പി പി ദിവ്യക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.

നടപടികള്‍ പുരോഗമിക്കുകയാണെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു നിയുക്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരിയുടെ പ്രതികരണം. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്നത്. ഇതിന് ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ദിവ്യക്ക് നല്‍കിയിട്ടില്ലെന്നും ജാമ്യഹരജി കോടതിയുടെ മുന്നിലുള്ളതിനാലാണ് അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് കമീഷണര്‍ പറഞ്ഞു. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഇപ്പോഴത്തേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബം ശ്രമിക്കുക. കേസില്‍ കക്ഷി ചേര്‍ന്നതിനാല്‍ ജാമ്യാപേക്ഷയെ കോടതിയിലും എതിര്‍ക്കും. ജാമ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ദിവ്യയുടെ ജയില്‍വാസം നീളും.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് രാവിലെ ദിവ്യയുടെ ജാമ്യഹരജി തള്ളിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിരുന്നു. അതേസമയം, പൊലീസിനും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്ത് വച്ച് ദിവ്യ കീഴടങ്ങിയെന്നാണു വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തില്‍ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷന്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മിഷണര്‍ പറഞ്ഞു.

ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.

യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമര്‍ശനം.