തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണപരിപാടി മാറ്റിയതറിയാതെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ശ്രീജേഷ് തിരുവനന്തപുരത്തെത്തിയതില്‍ വിവാദം കടുക്കുന്നു. തിങ്കളാഴ്ച സ്വീകരണമുണ്ടാകുമെന്ന് നേരത്തേയറിയിച്ച പ്രകാരമാണ് ശ്രീജേഷ് കുടുംബസമേതം ഞായറാഴ്ച എത്തിയത്. അതുകൊണ്ട് സുരേഷ് ഗോപിയുടെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിക്കാന്‍ കുടുംബത്തിനായി. യാത്ര വെറുതെയായില്ലെന്നാണ് അതുകൊണ്ട് തന്നെ ശ്രീജേഷിന്റെ നിലപാട്.

എന്നാല്‍, ശനിയാഴ്ച രാത്രിയാണ് പരിപാടി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇക്കാര്യം കൃത്യമായി ശ്രീജേഷിനെ അറിയിച്ചില്ല. ഞായറാഴ്ച എത്തിയപ്പോഴാണ് മാറ്റിവെച്ചകാര്യം അറിയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ശ്രീജേഷ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാവി സ്വീകരണ പരിപാടിയിലും ശ്രീജേഷ് പങ്കെടുക്കും. പ്രധാനമന്ത്രി മോദി പോലും കുടുംബ സമേതം വിളിച്ച് ആദരിച്ച താരത്തിനെയാണ് കേരളം അപമാനിച്ചതെന്നതാണ് വസ്തുത.

വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നല്‍കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. സ്വീകരണം നടക്കുമെന്ന് ശനിയാഴ്ച വൈകീട്ടും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഒളിമ്പിക് മെഡല്‍ ജേതാവിന് സ്വീകരണം നല്‍കേണ്ടത് കായിക വകുപ്പാണെന്ന് മന്ത്രി അബ്ദുറഹിമാന്‍ നിലപാടെടുത്തു. തര്‍ക്കമുണ്ടായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഇത് തീര്‍ത്തും അസാധാരണ സംഭവമായിരുന്നു.

ചടങ്ങിന്റെ ഭാഗമായി ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിയമനോത്തരവ് നല്‍കാനും തീരുമാനിച്ചിരുന്നു. 24-നായിരുന്നു ആദ്യം പരിപാടി തീരുമാനിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സൗകര്യം കണക്കിലെടുത്താണ് 26-ലേക്ക് മാറ്റിയത്. മന്ത്രിമാരുടെ ഈഗോയെത്തുടര്‍ന്ന് സ്വീകരണം മാറ്റിയതിലൂടെ സര്‍ക്കാര്‍ ശ്രീജേഷിനെ അവഹേളിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഈ വിവാദങ്ങളോട് പ്രതികരിക്കാന്‍ ശ്രീജേഷ് തയ്യാറാകാത്തത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ടാണ്. വിവാദമുണ്ടാക്കാന്‍ ശ്രീജേഷിന് തീരെ താല്‍പ്പര്യമില്ല.

ഇതിനിടെയാണ് ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കിയത്. സ്വന്തം വീട്ടിലാണു സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീജേഷിനു സദ്യയൊരുക്കിയത്. ഒളിംപിക്സ് മെഡല്‍ ശ്രീജേഷ് കേന്ദ്രമന്ത്രിക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയര്‍ത്തു നേടിയ ഈ മേഡലുകള്‍ക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികള്‍, സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.