- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ അഭിമാനമായി മാറിക്കൊണ്ട് വിരമിക്കുക എന്നത് വലിയ സന്തോഷം; പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ശ്രീജേഷിന്റെ കുടുംബം
കൊച്ചി: പ്രകാശത്തിന്റെ നഗരമായ പാരിസില്‍ നിന്നും ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ പി ആര്‍ ശ്രീജേഷ് പടിയിറങ്ങുമ്പോള്‍ ചക്രവാളത്തിന്റെ മറ്റൊരറ്റത്ത് രാജ്യത്തിന്റെ ആഹ്ലാദാരവും ഒരുവീടിന്റെ അഭിമാന നിമിഷമായി അലയടിച്ചു. രാജ്യത്തിന്റെ കാവലാളായി ഗോള്‍മുഖത്ത് ഒന്നര ദശാബ്ദത്തോളം നിറസാന്നിധ്യമായിരുന്ന പി ആര്‍ ശ്രീജേഷ് കേരളത്തിനും അഭിമാനമായി മാറിയപ്പോള്‍ സന്തോഷം അണപൊട്ടിയൊഴുകിയ നിമിഷത്തിലായിരുന്നു ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളുമെല്ലാം. ഇന്ത്യന്‍ ഹോക്കി ടീമിന്റെ വന്‍മതില്‍ പി.ആര്‍.ശ്രീജേഷിന്റെ അച്ഛന്‍ പി.വി.രവീന്ദ്രന്‍ അമ്മ ഉഷയെ ചേര്‍ത്തു പിടിച്ചു. അരികെ […]
കൊച്ചി: പ്രകാശത്തിന്റെ നഗരമായ പാരിസില്‍ നിന്നും ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ പി ആര്‍ ശ്രീജേഷ് പടിയിറങ്ങുമ്പോള്‍ ചക്രവാളത്തിന്റെ മറ്റൊരറ്റത്ത് രാജ്യത്തിന്റെ ആഹ്ലാദാരവും ഒരുവീടിന്റെ അഭിമാന നിമിഷമായി അലയടിച്ചു. രാജ്യത്തിന്റെ കാവലാളായി ഗോള്‍മുഖത്ത് ഒന്നര ദശാബ്ദത്തോളം നിറസാന്നിധ്യമായിരുന്ന പി ആര്‍ ശ്രീജേഷ് കേരളത്തിനും അഭിമാനമായി മാറിയപ്പോള്‍ സന്തോഷം അണപൊട്ടിയൊഴുകിയ നിമിഷത്തിലായിരുന്നു ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളുമെല്ലാം.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ വന്‍മതില്‍ പി.ആര്‍.ശ്രീജേഷിന്റെ അച്ഛന്‍ പി.വി.രവീന്ദ്രന്‍ അമ്മ ഉഷയെ ചേര്‍ത്തു പിടിച്ചു. അരികെ വാക്കുകള്‍ കിട്ടാതെ ഭാര്യ അനീഷ്യയും മക്കളായ ശ്രീയാന്‍ഷും അനുശ്രീയും. എറണാകുളം കിഴക്കമ്പലത്തെ വീടു നിറഞ്ഞു തടിച്ചുകൂടിയ ബന്ധുക്കളുടേയും അയല്‍ക്കാരുടേയും നാട്ടുകാരുടേയും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ശ്രീജേഷിന്റെ അവസാന മത്സരമായിരുന്നെങ്കിലും ഒളിംപിക്‌സില്‍ മെഡല്‍ നേട്ടത്തോടെയാണ് ആ വിരമിക്കല്‍ എന്നത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ മധുരതരമായി.
"പറയാന്‍ വാക്കുകളില്ല. വിരമിക്കുക അവന്റെ തീരുമാനമല്ലേ. കളിക്കാന്‍ പോകുന്നതിനു മുന്‍പ് എന്നും വിളിക്കും. ഇന്നു വൈകിട്ട് നാലു മണിക്കും വിളിച്ചിരുന്നു" സന്തോഷത്തിന്റെ വിതുമ്പലുകള്‍ക്കിടയില്‍ അമ്മയുടെ വാക്കുകള്‍. "കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സോടെ ഒരു മേജര്‍ ടൂര്‍ണമെന്റ് കളിച്ച് റിട്ടയര്‍ ചെയ്യണം എന്നായിരുന്നു വിരമിക്കലിനെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും പറയാറ്. അതുതന്നെ കായിക ലോകത്തെ ഏറ്റവും വലിയ മത്സരത്തില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിക്കൊണ്ട് വിരമിക്കുക എന്നത് വലിയ സന്തോഷമാണ്. അഭിമാനം ശ്രീജേഷിനെ ഓര്‍ത്ത്. അടുപ്പിച്ചു രണ്ടു വട്ടം മെഡല്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞ ടീമിലെ അംഗവുമാണ്" അഭിമാനത്തോടെ ഭാര്യ അനുഷ്യയുടെ വാക്കുകള്‍.
335ാം മത്സരം കളിക്കാനിറങ്ങിയ ശ്രീജേഷിന്റെ അവസാന മത്സരത്തില്‍ ആദ്യ ഗോള്‍ സ്‌പെയിന്‍ നേടിയപ്പോള്‍ വീടിനുള്ളില്‍ നിറഞ്ഞിരുന്നവരുടെ മുഖത്ത് വിഷമമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ തിരിച്ചടിച്ചതോടെ ആ വിഷമം സന്തോഷത്തിന് വഴിമാറി. മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ശ്രീജേഷിന്റെ നിര്‍ണായകമായ രണ്ടു കിടിലന്‍ സേവുകള്‍ക്കു വീടിന്റെ സ്വീകരണ മുറിയില്‍ വലിയ ആരവമുയര്‍ന്നു.
അവസാന വിസില്‍ മുഴുങ്ങുന്നതോടെ പൊട്ടിത്തെറിക്കാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ മൈതാനത്ത് കിടന്നുകൊണ്ട് ലോകത്തിന് നന്ദി പറഞ്ഞ ശ്രീജേഷിന്റെ മുകളിലേക്ക് വീണ് സഹകളിക്കാര്‍ ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചപ്പോള്‍ വീട്ടിലും സന്തോഷത്തിന്റെ ആരവം. പിന്നെ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷം.
കരിയറിയിലെ അവസാന മത്സരത്തിനിറങ്ങുന്നതിന് മുമ്പ് വൈകാരിക കുറിപ്പ് പി ആര്‍ ശ്രീജേഷ് പങ്കുവച്ചിച്ചിരുന്നു. വിശ്വാസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദിയെന്നും മത്സരത്തിനിറങ്ങും മുമ്പ് അഭിമാനം കൊണ്ട് ഹൃദയം നിറയുകയാണെന്നും ശ്രീജേഷ് കുറിച്ചു.
"അവസാന മത്സരത്തില്‍ ഗോള്‍പോസ്റ്റില്‍ നില്‍ക്കുമ്പോള്‍ ഹൃദയം അഭിമാനം കൊണ്ട് വീര്‍പ്പുമുട്ടുകമായണ്. സ്വപ്നം കണ്ട ഒരു കുട്ടിയില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നവനിലേക്കുള്ള യാത്ര അസാധാരണമായിരുന്നില്ല. ഇന്ന് ഞാന്‍ രാജ്യത്തിനായി അവസാനമായി കളത്തിലിറങ്ങും. കരിയറിലെ സേവുകളും ഡൈവുകളും ആരാധകരുടെ പിന്തുണയും എന്നും ഹൃദയത്തിലുണ്ടാകും. വിശ്വാസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദി. ' ശ്രീജേഷ് കുറിച്ചു.