- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരദാ മുരളീധരന് വിരമിക്കുന്നത് ഏപ്രിലില്‍; പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത് 120 ദിവസവും; ഈ ചീഫ് സെക്രട്ടറി തുടരുന്നിടത്തോളം കാലം പ്രശാന്തിന് 'ഉന്നതി'യുണ്ടാകില്ല! ഗോപാലകൃഷ്ണനെ തുണച്ചത് 'തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം' എന്ന വാദം ശക്തം; ഐഎഎസുകാര്‍ക്കും ഇരട്ട നീതി!
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ കുടുങ്ങി സസ്പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനൈ സര്‍വ്വീസില്‍ തിരിച്ചെടുത്തത് ഞെട്ടലാകുന്നു. ചെറിയ ആരോപണങ്ങളുടെ പേരില്‍ ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥരെ മാസങ്ങള്‍ പുറത്തു നിര്‍ത്തിയ ചരിത്രം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. എന്നാല്‍ ഇവിടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ഐഎഎസ് സസ്പെന്‍ഷന്‍ റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം അംഗീകരിച്ചു. തിരിച്ചെടുത്തുവെങ്കിലും ഗോപാലകൃഷ്ണന് പദവി നല്‍കിയിട്ടില്ല. തസ്തിക പിന്നീട് തീരുമാനിക്കും. അതിനിടെ ഗോപാലകൃഷ്ണനൊപ്പം നടപടി വിധേയനായ പ്രശാന്ത് ഐഎഎസിന്റെ സ്പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി. പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ റിവ്യൂ കമ്മറ്റി ഉടനൊന്നും തീരുമാനം എടുക്കില്ല. തമിഴ്‌നാട്ടില്‍ നിന്നുളള രാഷ്ട്രീയ സമ്മര്‍ദ്ദം ഗോപാലകൃഷ്ണന് തുണയായി എന്ന് സൂചനയുണ്ട്. തമിഴ്‌നാട്ടിലെ നാമക്കലാണ് ഗോപാലകൃഷ്ണന്റെ വീട്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതിപ്രധാന വ്യക്തി തന്നെ ഇടപെട്ടുവെന്നാണ് സൂചന.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് റിവ്യൂ കമ്മറ്റി അധ്യക്ഷ. ശാരദാ മുരളീധരന് വിരമിച്ച ശേഷമേ പ്രശാന്തിന്റെ കാര്യം പരിഗണിക്കൂവെന്നാണ് സൂചന. സസ്‌പെന്‍ഷന് ശേഷം ശാരദാ മുരളീധരന് പ്രശാന്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യം അസാധാരണമായിരുന്നു. ഇതു കൊണ്ട് കൂടിയാണ് പ്രശാന്തിന്റെ കാര്യത്തില്‍ നടപടികള്‍ വൈകുന്നത്. ഏപ്രിലില്‍ ശാരദാ മുരളീധരന്‍ വിരമിക്കും. 120 ദിവസമാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടുന്നത്. അതായത് ഏപ്രില്‍ വരെ പ്രശാന്തിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സാധ്യത കുറവാണ്. അടുത്ത ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ റിവ്യൂ കമ്മറ്റിയാകും പ്രശാന്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കൂ. സസ്പെന്‍ഷന് ആധാരമായി കാണിച്ച ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ച പ്രശാന്തിന്റെ നടപടിയില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും എന്‍ പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ വിധികളും സര്‍വീസ് ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പ്രശാന്ത് കത്ത് നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിക്കാന്‍ നേരത്തെ ചാര്‍ജ് മെമോയില്‍ നല്‍കിയ അനുമതി ഇപ്പോള്‍ പിന്‍വലിക്കുന്നത് നീതിയല്ലെന്നും കത്തില്‍ പ്രശാന്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് സഹപ്രവര്‍ത്തകരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം ചൊരിഞ്ഞുവെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കഴിഞ്ഞമാസം സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് വിശദീകരണം ചോദിച്ച് മെമ്മോ നല്‍കിയെങ്കിലും മറുപടി നല്‍കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള മറുപടിക്കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ചത്. ഈ സാഹചര്യത്തിലാണ് പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്. ഗുരുതര കുറ്റം ചെയ്ത ഗോപാലകൃഷ്ണനെ തിരിച്ചെടുത്തതും പ്രശാന്തിനെ കൂടുതല്‍ കാലത്തേക്ക് സസ്‌പെന്റ് ചെയ്യുന്നതും ഐഎഎസുകാര്‍ക്ക് പോലും സര്‍ക്കാര്‍ ഇരട്ട നീതി നല്‍കുന്നതിന തെളിവായി വിലയിരുത്തുന്നുണ്ട്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത സസ്പെന്‍ഷന്‍ റിവ്യൂ സമിതി യോഗമാണ് ഗോപാലകൃഷ്ണനെ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ മല്ലു ഹിന്ദു ഗ്രൂപ്പുണ്ടാക്കിയ ഐഎഎസുകാരനെ അതിവേഗം തിരിച്ചെടുക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ടായിരുന്നു. ഇതു പോലും മുഖവിലയ്‌ക്കെടുത്തില്ല. മതാടിസ്ഥാനത്തിലെ ഗ്രൂപ്പുണ്ടാക്കലില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് കള്ളമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പക്ഷേ ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം കണക്കിലെടുത്ത് തിരിച്ചെടുക്കാനായിരുന്നു ശുപാര്‍ശ. ഈ വിശദീകരണം ഇനിയും പുറത്തു വന്നിട്ടുമില്ല.
2024 ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫിസേഴ്സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്. ഇതിന് ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം കള്ളമാണെന്നും തെളിഞ്ഞു. ഇത് സസ്പെന്‍ഷന്‍ ഉത്തരവിലും വ്യക്തമായിരുന്നു. എന്നിട്ടും വകുപ്പ് തല അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നതാണ് വിചിത്രം.
പ്രശാന്തിനെതിരെ നിലപാട് എടുക്കാന്‍ കാരണം എന്ത്?
ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയ്ക്ക് മറുപടിയായി ഏഴ് ചോദ്യങ്ങള്‍ അടങ്ങിയ കത്ത് തിരിച്ചയച്ച് കൃഷി വകുപ്പ് മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സര്‍ക്കാരിനേയും വെട്ടിലാക്കിയിരുന്നു. സസ്പെന്‍ഷന്‍ നടപടിക്ക് മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടില്ലെന്നതാണ് കത്തില്‍ പ്രധാനമായും ഉയര്‍ത്തിയിട്ടുള്ള ചോദ്യം. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരമായാണ് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ജയതിലകോ ഗോപാലകൃഷ്ണനോ തനിക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും ഈ സഹചര്യത്തില്‍ സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിനാണെന്നും കത്തില്‍ ചോദിക്കുന്നു. ഡിസംബര്‍ 16-നാണ് വിശദീകരണം ചോദിച്ചുള്ള കത്ത് പ്രശാന്ത് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.
ഡിസംബര്‍ ഒമ്പതിനാണ് എന്‍. പ്രശാന്തിന് മെമ്മോ ലഭിക്കുന്നത്. നിയമം അനുസരിച്ച് മെമ്മോ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. എന്നാല്‍, മറുപടി നല്‍കുന്നതിന് പകരം ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പ്രശാന്ത് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ അപമാനിച്ചതിലൂടെ പ്രശാന്ത് ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിലെ പ്രധാന ആരോപണം. പരാതിക്കാരനില്ലാതെ സ്വന്തം നിലയ്ക്ക് എന്തിനാണ് മെമ്മോ നല്‍കിയത്, തനിക്കെതിരേയുള്ള തെളിവുകള്‍ ആരാണ് കൈമാറിയിരിക്കുന്നത്, സസ്പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ടാണ് തന്റെ ഭാഗം കേള്‍ക്കാതിരുന്നത്, ഏത് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തനിക്കെതിരേയുള്ള തെളിവുകള്‍ ശേഖരിച്ചത്, ഈ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ആധികാരികത അന്വേഷിച്ചിരുന്നോ തുടങ്ങിയുള്ള ചോദ്യങ്ങളാണ് പ്രശാന്തിന്റെ കത്തില്‍ ചോദിച്ചിരിക്കുന്നത്.
തനിക്കെതിരേ ജയതിലകും പട്ടികജാതി-വര്‍ഗ വകുപ്പിന്റെ 'ഉന്നതി' പദ്ധതിയിലെ മുന്‍ സി.ഇ.ഒ. ഗോപാലകൃഷ്ണനും നടത്തിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച എന്‍.പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശാന്ത് 'ഉന്നതി'യില്‍ ചുമതലയുണ്ടായിരുന്ന കാലത്തെ ഫയലുകള്‍ കാണാതായെന്നും ഹാജറില്‍ കൃത്രിമംകാട്ടിയെന്നും ജയതിലക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് ജയതിലകിനെ പ്രശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു കുറിപ്പിട്ടത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് എന്‍. പ്രശാന്തിനെതിരായ കണ്ടെത്തല്‍.