കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിനെതിരെ നല്‍കിയ പരാതി വ്യാജം? പെട്രോള്‍ പമ്പിന് എന്‍ഒസിയ്ക്ക് പണം വാങ്ങിയെന്നായിരുന്നു എഡിഎഎമ്മിനെതിരായ പരാതി. എന്നാല്‍ പമ്പിന് വേണ്ടി പള്ളിയില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്ത പാട്ട കരാറിലെ ഒപ്പം പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. പ്രശാന്ത് പല സ്ഥലത്തും നല്‍കുന്ന പല ഒപ്പിട്ട പരാതികളാണ്. ഇതെല്ലാം പുറത്തു വരികയാണ്. ഇതോടെ പരാതിയില്‍ ദുരൂഹത കൂട്ടുന്നു. പാട്ടക്കരാറിലേയും പരാതിയിലേയും ഒപ്പുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പേരിലും വ്യത്യാസമുണ്ട്. പ്രശാന്തനും പ്രശാന്തും എന്നൊക്കെ പേരുകള്‍ വരുന്നു. ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രശാന്താണ്. എന്നാല്‍ പമ്പിലേക്ക് വരുമ്പോള്‍ പ്രശാന്തനാകുന്നു. ഇതോടെ പരാതിക്കാരന്‍ ഊരാക്കുടുക്കിലേക്ക് പോവുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യവും കടുക്കിലേക്ക് പോകും. പ്രശാന്തനും ദിവ്യയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമാണ്.

എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് പെട്രോള്‍ പമ്പിനായി അപേക്ഷിച്ച പ്രശാന്തന്‍ തന്നോട് പറഞ്ഞിരുന്നതെന്ന് നെടുവാലൂര്‍ പള്ളി വികാരി ഫാ. പോള്‍ എടത്തിനകത്തിന്റെ വെളിപ്പെടുത്തലും ചര്‍ച്ചകളിലുണ്ട്. പെട്രോള്‍ പമ്പിനായി ഭൂമി പാട്ടത്തിനു നല്‍കിയത് പോള്‍ എടത്തിനകത്താണ്. സ്ഥലം പരിശോധിക്കുന്നതിനായി എഡിഎം എത്തിയിരുന്നെങ്കിലും താന്‍ കണ്ടിരുന്നില്ല. ഭൂമി പാട്ടത്തിനു നല്‍കിയത് നാല്‍പതിനായിരം രൂപ പ്രതിമാസ വാടകയിലാണ്. പാട്ടക്കരാര്‍ 20 വര്‍ഷത്തേക്കായിരുന്നു. താനും പ്രശാന്തനും ചേര്‍ന്നാണ് കരാര്‍ ഒപ്പുവച്ചതെന്നും ഫാ. പോള്‍ പറയുന്നു. ഈ കരാറിലെ ഒപ്പും പ്രശാന്തന്‍ എന്ന പേരില്‍ എഡിഎമ്മിനെതിരെ നല്‍കിയ പരാതിയുടെ ഒപ്പം വ്യത്യാസമാണ്. ഇതോടെ എഡിഎം മരിച്ച ശേഷമുണ്ടാക്കിയതാണ് ആ പരാതിയെന്ന വാദം ശക്തമാകുകയാണ്. ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു. എഡിഎമ്മിന്റെ മരണ ശേഷമാണ് സര്‍ക്കാരിനും പിന്നീട് വിജിലന്‍സിനും പരാതികള്‍ കിട്ടുന്നത്.

ഫാ പോളിന്റെ വെളിപ്പെടുത്തലും പ്രശാന്തിന് എതിരാണ്. ''നെടുവാലൂര്‍ പള്ളിയുടെ ഭൂമിയാണ് പെട്രോള്‍ പമ്പിനായി പാട്ടത്തിനു കൊടുത്തത്. പുതിയ പള്ളി നിര്‍മാണം നടക്കുന്നതിനാല്‍ അതിനാവശ്യമായ പണം കണ്ടെത്തണമായിരുന്നു. അങ്ങനെയാണ് പള്ളിക്കമ്മിറ്റി ചര്‍ച്ച ചെയ്ത് രൂപതയുടെ അനുമതിയോടെ 40 സെന്റ് ഭൂമി 20 വര്‍ഷത്തേക്ക് പ്രതിമാസം 40000 രൂപ വാടകയില്‍ പാട്ടത്തിന് നല്‍കിയത്. എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്ന ആളാണെന്നാണ് എഡിഎമ്മിനെ കുറിച്ച് എന്നോട് പറഞ്ഞത്. വേറൊരു വഴിയിലൂടെയോ, രീതിയിലോ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എഡിഎം ഇവിടെ വന്നപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. പ്രശാന്തനാണ് പറഞ്ഞത് ഭൂമി ഒരുക്കിയിടണം എന്ന്. സാധാരണ ഗതിയില്‍ ആരെങ്കിലും വന്നാല്‍ എന്നെ വിളിക്കുന്നതാണ്, പക്ഷേ വിളിച്ചില്ല. ഒരു പ്രാവശ്യം പോലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല'' ഫാ. പോള്‍ പറയുന്നത് ഇങ്ങനെയാണ്. ഈ പാട്ടക്കരാര്‍ റദ്ദാക്കുന്നതും ഫാദറിന്റെ ആലോചനയിലുണ്ട്.

വിഷയത്തില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരനായ ടി.വി പ്രശാന്തന്‍ ആരോപിച്ചിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അക്കാര്യം വിജിലന്‍സിനെ അറിയിക്കാതിരുന്നത് സംബന്ധിച്ച് പ്രശാന്തനെതിരേ കുരുക്ക് മുറുകും. ഇതിനിടെ നവീന്‍ ബാബുവിനെതിരേ നല്‍കിയെന്ന് പ്രശാന്തന്‍ അവകാശപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് വ്യക്തമാക്കി പ്രശാന്തന്‍ ഒരു പരാതി കത്ത് പുറത്തുവിട്ടിരുന്നു. നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ ടി.വി.പ്രശാന്തന്‍ നല്‍കിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തിന് ബലം കൂടി. ഇത് പുതിയ തലത്തിലെത്തിക്കുന്നതാണ് ഒപ്പിലെ വ്യത്യാസവും. ഇതോടെ ദിവ്യയേയും പ്രശാന്തനേയും അറസ്റ്റു ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പ് ഉടമ ടി.വി പ്രശാന്തനെതിരെ വിജിലന്‍സ് മേധാവിക്ക് പരാതി. നവീനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി പ്രശാന്തന്‍ നല്‍കിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ആവശ്യം. മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒപ്പിലെ വ്യത്യാസവും അന്വേഷിക്കേണ്ടി വരും. പ്രശാന്തന്‍ നല്‍കിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണം. ഇയാളുടെ വരുമാനത്തെക്കുറിച്ചും അന്വേഷണം വേണം. അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്ര പെട്രോളിയം വകുപ്പും പരിശോധിക്കുന്നുണ്ട്. തെളിവ് കിട്ടിയാല്‍ അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പേട്ടേക്കും.

പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കാന്‍ നവീന്‍ ബാബു വൈകിയത് മനഃപൂര്‍വമല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പമ്പ് സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദേശീയപാതയില്‍ വളവ് വരുന്ന ഭാഗത്താണ് പമ്പ് സ്ഥാപിക്കാന്‍ അനുമതി തേടിയിരുന്നത്. ഇത് അപകടസാധ്യതയുള്ള സ്ഥലമെന്ന് കാട്ടിയാണ് പോലീസ് എതിര്‍ത്തിരുന്നത്. ഒടുവില്‍ ടൗണ്‍ പ്ലാനിങ് റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കിയത്. ഇതിനെല്ലാറ്റിനും പുറമെ നവീന്‍ ബാബു അഴിമതി രഹിതനാണെന്നാണ് വിവരം. അഴിമതി നടത്താത്ത ഉദ്യോഗസ്ഥരെ കുറിച്ചുള്ള സര്‍ക്കാരിന്റെ രഹസ്യ പട്ടികയില്‍ നവീന്‍ ബാബുവും ഉള്‍പ്പെട്ടിരുന്നു. പട്ടികയില്‍ നവീന്‍ ബാബു മുന്‍നിരയിലായിരുന്നു.

വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ഡെപ്യൂട്ടി കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരെ പറ്റി അവര്‍ നല്‍കുന്ന സേവനങ്ങളില്‍ ജനങ്ങളില്‍ നിന്നുള്ള പരാതികളും അവര്‍ക്കെതിരെയുള്ള കേസുകളും പരിഗണിച്ച് റവന്യു വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.