കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദര്‍ശന്‍ അറിയിച്ചു. എന്നാല്‍ ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍ പ്രതികരിച്ചു. ലഹരി ഉപയോഗിക്കുന്നയാളല്ല താന്‍. യാതൊരു ലഹരിയും ഉപയോഗിച്ചില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.

ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാല്‍ ലഹരിക്കേസില്‍ ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് അഭിഭാഷകന്റെ പ്രതികരണം. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാല്‍ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചേര്‍ത്തിരുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി

ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യവും കണ്ടെത്തി. ഹോട്ടലില്‍ നടന്ന അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ ഇരുപതോളം പേര്‍ കൂടി ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചിരുന്നു. ഇതെന്തിനാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡന്‍സാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകള്‍ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ന്‍ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയില്‍നിന്നു കണ്ടെടുത്തു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നതറിയാനുള്ള രക്തപരിശോധനയ്ക്കുള്ള സാംപിളും പൊലീസ് ശേഖരിച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനുള്ളതെന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ സന്ദര്‍ശിച്ചിരുന്നതായും ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നതായും വ്യക്തമാക്കിയിരിക്കുന്നത്.

ബോബി ചലപതി എന്നയാള്‍ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്നു ശനിയാഴ്ച ഡിജെ പാര്‍ട്ടി നടത്തി എന്നാണു കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് ലഹരി മരുന്നിന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ശനിയാഴ്ചയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയത് എന്നാണ് വിവരം.