തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ ഉടമസ്ഥതയിലുള്ള പോര്‍ട്ടലിന്റെ ബില്ലുകള്‍ തടഞ്ഞു വച്ച ഐപിആര്‍ഡി ഡയറക്ടര്‍ ടി.വി. സുഭാഷിനെ മാറ്റാന്‍ അണിയറ നീക്കമെന്ന് ആരോപണം. നവകേരള സദസ് , കേരളീയം തുടങ്ങിയ പരിപാടികളുടെ സമൂഹ മാധ്യമ ലൈവ് സ്ട്രീമിങ് ചുമതല ടെന്‍ഡര്‍ ഇല്ലാതെ ഈ പോര്‍ട്ടലിനു നല്‍കിയിരുന്നു. ഇത് നിയമവിരുദ്ധമാണ്.

ഐപിആര്‍ഡി ഡപ്യൂട്ടി ഡയറക്ടറാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാര്‍ നല്‍കിയത്. പോര്‍ട്ടലിലെ ആറംഗ സംഘം ഔദ്യോഗിക ടീമിന്റെ ഭാഗമായി നവകേരള സഭസിനൊപ്പം യാത്ര ചെയ്തതിന്റെ ചെലവും സര്‍ക്കാര്‍ വഹിച്ചു. ഭീമമായ ബില്‍ ഡയറക്ടറുടെ അപ്രൂവലിനു ചെന്നപ്പോഴാണ് പിടി കൂടിയത്. ടെന്‍ഡര്‍ നടപടിയില്ലാതെ കരാര്‍ നല്‍കിയ ഡപ്യൂട്ടി ഡയറക്ടറോട് ഡയറക്ടര്‍ വിശദീകരണം തേടി.

പി.എം. മനോജിന്റെ മകനാണ് പോര്‍ട്ടല്‍ ഉടമയെന്ന ഡപ്യൂട്ടി ഡയറക്ടറുടെ ഭീഷണിയും വകവച്ചില്ല. ഇതേ തുടര്‍ന്ന് ഡയറക്ടറെ മാറ്റാന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചു. ഡയറക്ടര്‍ക്ക് അനുകൂലമായി ചീഫ് സെക്രട്ടറി ഇടപെട്ടതിനാല്‍ തല്‍ക്കാലം മാറ്റമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ഇതിന്റെ തെളിവുകള്‍ കൈമാറാനും ചിലര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പോലീസിന് എതിരെയുള്ള പരാതികള്‍ നല്‍കാനുള്ള വാട്‌സാപ്പ് നമ്പരിലേക്ക് ഈ തെളിവുകളും അയക്കാനാണ് നീക്കം.

സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമായി അടുത്ത ബന്ധമുള്ള നേതാവിന്റെ സഹോദര പുത്രന്റെ പോര്‍ട്ടലിനാണ് വഴിവിട്ട സഹായം നല്‍കിയതെന്ന വാദവും സെക്രട്ടറിയേറ്റില്‍ സജീവമാണ്.