കൊച്ചി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്ന ആശങ്കയ്ക്കിടെ കാറുകൾക്ക് വില കുറയ്ക്കും എന്ന് ഉറപ്പു നൽകി പ്രമുഖ വാഹന നിർമാതാക്കൾ. ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില 1.40 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളും ഉടൻ വിലക്കുറവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനോ ഇന്ത്യയും 95,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ടിവി, എസി എന്നിവയുടെ വിലയും കുറയുമെന്നാണ് വിവരം.

പുതിയ ജിഎസ്ടി നിരക്കുകൾ പ്രകാരം ചെറുകാറുകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. ഇത് ഏകദേശം പത്ത് ലക്ഷം രൂപ വിലയുള്ള കാറുകളിൽ ഒരു ലക്ഷം രൂപയുടെ ഇളവിന് വഴിയൊരുക്കും. എസ്‌യുവികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഈ നികുതി പരിഷ്കരണത്തിന്റെ പ്രയോജനം ലഭിക്കും. ആഡംബര കാറുകൾക്കും എസ്‌യുവികൾക്കും 40 ശതമാനം ജിഎസ്ടി നിലവിൽ വരും. മുമ്പ് ഈ വാഹനങ്ങൾക്ക് 40 ശതമാനം ജിഎസ്ടിക്ക് പുറമെ ഉയർന്ന നഷ്ടപരിഹാര സെസ്സും ഏർപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കുന്നതോടെ വാഹന വിലയിൽ കാര്യമായ കുറവുണ്ടാകും.

ഉദാഹരണത്തിന്, 40 ലക്ഷം രൂപ വിലയുള്ള വാഹനങ്ങൾക്ക് മുമ്പ് ജിഎസ്ടിയും സെസ്സും ചേർന്ന് 59.2 ലക്ഷം രൂപ വരെ വില വന്നിരുന്ന സ്ഥാനത്ത് പുതിയ നിരക്കനുസരിച്ച് ഇത് 56 ലക്ഷമായി കുറയും, ഇത് ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ നേട്ടമാണ് നൽകുന്നത്. പുതിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

ടാറ്റ ടിയാഗോയ്ക്ക് 75,000 വരെ വിലക്കുറവ് ലഭിക്കുമ്പോൾ, സഫാരിയുടെ വിലയിലാണ് ഏറ്റവും വലിയ കുറവ്. ടാറ്റായുടെ ജനപ്രിയ കാറായ പഞ്ചിന്റെ വിലയിൽ 85000 രൂപ കുറവ് വരും.ടാറ്റ ആൾട്രോസിന്റെ വില ഒരുലക്ഷം രൂപ കുറയും. കോംപാക്റ്റ് എസ്‌യുവിയായ പഞ്ചിന്റെ വില 85,000 രൂപയും നെക്‌സോണിന്റെ വില 1.55 ലക്ഷം രൂപയും കുറയും. ഇടത്തരം മോഡലായ കർവ്വിനും 65,000 രൂപ വില കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ പ്രീമിയം എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയുടെ വിലയിൽ യഥാക്രമം 1.4 ലക്ഷം രൂപയും 1.45 ലക്ഷം രൂപയും കുറവുണ്ടാകുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. മറ്റ് കമ്പനികളുടെ കാർ വിലയും കുറയും. മാരുതി ഓൾട്ടോയ്ക്ക് 35000 രൂപ കുറയും, വാഗൺ ആറിന് 90,000 രൂപയും കുറയും. മാരുതി സ്വിഫ്റ്റിന് ഒരുലക്ഷവും ഹ്യൂണ്ടായ് നിയോസിന് 51000 രൂപയും കുറയും.

കാറുകൾ കൂടാതെ ടിവി, എസി എന്നിവയ്ക്ക് നല്ല രീതിയിൽ തന്നെ വില കുറയും എന്നാണ് റിപ്പോർട്ടുകൾ. ഹിന്ദുസ്ഥാൻ യൂണിലിവർ, എൽജി, സോണി, ബ്രിട്ടാനിയ, അമുൽ, പാർലി പ്രൊഡക്ട്സ്, കോൾഗേറ്റ് പാമോലീവ് എന്നീ കമ്പനികളാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കും എന്ന് കേന്ദ്രത്തിന് ഉറപ്പുനൽകിയത്. ഇതോടെ ജനങ്ങൾക്കുണ്ടാക്കുക വൻ ലാഭമാണ്. ഒരു ലക്ഷം രൂപ വരെയുള്ള ടിവിക്ക് പതിനായിരം രൂപ വരെ കുറയും എന്നാണ് വിവരം.