- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവകാശങ്ങള്‍ നേടിയെടുക്കാന്‍..! വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു നഴ്സുമാര്‍; യുഎന്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്; സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന വേതനം നടപ്പാക്കണമെന്ന് നഴ്സുമാര്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍..! വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു നഴ്സുമാര്‍

തിരുവനന്തപുരം: തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന കേരളത്തിലെ നഴ്‌സുമാരെ സംഘടിപ്പിച്ച് അവര്‍ക്ക് കുറച്ചെങ്കിലും മാന്യമായ വേതനം നേടിയെടുക്കാന്‍ സാധിച്ചത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ജാസ്മിന്‍ ഷായും സംഘവും നടത്തിയ അവകാശപോരാട്ടങ്ങള്‍ ആയിരുന്നു. അതിന് ശേഷം വീണ്ടും ശക്തമായ പ്രക്ഷോഭത്തിലാണ് യുഎന്‍എ. അടിസ്ഥാന ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഎന്‍എ സമരത്തിന് ഇറങ്ങുന്നത്.
മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ഇന്ന് ആ സമരത്തിന് ഐതിഹാസിക ദിനമാണ്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്.
സ്വകാര്യ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി നഴ്സുമാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
വേതന വര്‍ധന ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം അടിയന്തരമായി നടപ്പാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് യുഎന്‍എ നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്തെ 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഡ്യൂട്ടി പൂര്‍ണമായും ബഹിഷ്‌കരിക്കുന്നത്. ചെറിയ ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും.
സമരം പൂര്‍ണമാണെങ്കിലും രോഗികളുടെ ജീവന് ഭീഷണിയാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി, തീവ്രപരിചരണ വിഭാഗം (ഐസിയു), വെന്റിലേറ്റര്‍ യൂണിറ്റുകള്‍, ഡയാലിസിസ് സെന്ററുകള്‍, ലേബര്‍ റൂം, അത്യാവശ്യ ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി.
അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ആവശ്യത്തിന് നഴ്സുമാരെ ഈ വിഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഒപി വിഭാഗം, വാര്‍ഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും വലിയ നിയന്ത്രണങ്ങളുണ്ട്. യൂണിഫോം അണിഞ്ഞ് ഡ്യൂട്ടി ബഹിഷ്‌കരിച്ച നഴ്സുമാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച സാധാരണ ശസ്ത്രക്രിയകള്‍ മാറ്റിവച്ചതും ഒപി വിഭാഗം പ്രവര്‍ത്തിക്കാത്തതും ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്ന രോഗികളെ ബാധിക്കും. ഗ്രാമപ്രദേശങ്ങളിലെ ക്ലിനിക്കുകളെയും നഗരങ്ങളിലെ വന്‍കിട ആശുപത്രികളെയും സമരം ഒരുപോലെ ബാധിച്ചേക്കും.
നഴ്സുമാരുടെ ആവശ്യങ്ങള്‍ ഒറ്റയടിക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. വേതനം കുത്തനെ വര്‍ധിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇത് മറികടക്കാന്‍ കിടക്കവാടക ഉള്‍പ്പെടെയുള്ള ചികിത്സ ചെലവുകള്‍ ജനങ്ങളില്‍നിന്ന് അധികമായി ഈടാക്കേണ്ടിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറിയ ആശുപത്രികള്‍ വേഗത്തില്‍ പൂട്ടുന്നതിലേക്ക് ഈ സമരം നയിച്ചേക്കുമെന്നാണ് മാനേജ്മെന്റുകളുടെ വാദം. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പണിമുടക്കാത്ത ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും പൊലീസ് സംരക്ഷണം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നല്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മെച്ചപ്പെട്ട ശമ്പളം ഉറപ്പാക്കണമെന്ന വിധി മിക്ക സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ലെന്നാണ് യുഎന്‍എയുടെ പ്രധാന പരാതി. ട്രെയിനി എന്ന പേരില്‍ കുറഞ്ഞ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യിപ്പിക്കുന്ന ചൂഷണം ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ പണിമുടക്ക് കൂടുതല്‍ ശക്തമാക്കാനാണ് യുഎന്‍എയുടെ തീരുമാനം.


