- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 ഏക്കറിൽ താജ്മഹലിനോട് കിടപിടിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി; ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി കാൻസർ ആശുപത്രിയും മെഡിക്കൽ കോളേജും; അയ്യായിരം പേർക്ക് ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചൻ; ഒപ്പം ചരിത്രമ്യൂസിയവും; അയോധ്യയിലെ പള്ളിയുടെ വിശേഷങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: അയോധ്യയിൽ രാമ ക്ഷേത്രമൊരുങ്ങുമ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം, തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരമുള്ള പള്ളിയുടെ പണി എന്തായിയെന്നാണ്. രാമക്ഷേത്രത്തിന് പ്രധാന്യം കൊടുക്കുന്ന മാധ്യമങ്ങൾ പള്ളി പണിയെക്കുറിച്ചുള്ള വാർത്തകൾ തമസ്ക്കരിക്കയാണെന്നും ചില ഇസ്ലാമിക ഗ്രൂപ്പുകൾ ആരോപിക്കുന്നുണ്ട്. പക്ഷേ അയോധ്യയിലെ മോസ്ക്കിന്റെ പണിയും ഉടനെ ആരംഭിക്കുമെന്ന് അധികൃതർ വ്യക്മാക്കികഴിഞ്ഞു. ഇതിന്റെ സ്ഥലമെടുപ്പം ഡിസൈനുമെല്ലാം പൂർത്തിയായി. ഏതാനും മാസങ്ങൾക്കുള്ളിൽ നിർമ്മാണം ആരംഭിക്കും.
രാമക്ഷേത്രംപോലെ തന്നെ വലിയ രീതിയിലാണ്, അയോധ്യയിൽനിന്ന് 22 കിലോമീറ്ററകലെയുള്ള രോണായി ഗ്രാമത്തിൽ പള്ളിയും ഒരുങ്ങുന്നത്. താജ്മഹലിലോട് കിടപിടിക്കുന്ന രീതിയിലാണ് പള്ളി ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ്, ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ് പറയുന്നത്. പള്ളിക്കൊപ്പം കാൻസർ ആശുപത്രിയും ചരിത്രമ്യൂസിയവുമടങ്ങുന്ന വിശാലസമുച്ചയത്തിന്റെ നിർമ്മാണത്തിന് മാസങ്ങൾക്കുള്ളിൽ തുടക്കമാകും. ഇതോടെ അയോധ്യ ജില്ലയിൽതന്നെയുള്ള ധാനിപുരിലെ രോണായി ഗ്രാമം വിശ്വാസവും ചരിത്രവും സൗഹൃദവും വിളംബരംചെയ്യുന്ന അടയാളമായിമാറും. രാമക്ഷേത്രത്തിലേക്ക് എന്നപോലെ നിരവധി ടൂറിസ്റ്റുകളും വിശ്വാസികളും ഇങ്ങോട്ടും വരുമെന്നുംു കരുതുന്നുണ്ട്.
ദവയുടെയും ദുആയുടേയും കേന്ദ്രം
ദവയുടെയും ദുആയുടേയും' (മരുന്നിന്റെയും പ്രാർത്ഥനയുടേയും) കേന്ദ്രമായിട്ടാണ് ഈ പള്ളി പ്രവർത്തിക്കേണ്ടത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയും ഉയരുന്നത്. സമുച്ചയത്തിലുള്ള കമ്യൂണിറ്റി കിച്ചനിൽ തുടക്കത്തിൽ പ്രതിദിനം രണ്ടായിരം പേർക്ക് സൗജന്യഭക്ഷണം നൽകാനാണ് ആലോചന. ആശുപത്രി പൂർണസജ്ജമായിക്കഴിഞ്ഞാൽ പ്രതിദിനം അയ്യായിരം പേർക്ക് ഭക്ഷണം നൽകാനാകും.
''നമസ്കാരത്തിന് വേണ്ടി മാത്രമുള്ള സ്ഥലമായിരിക്കില്ല അത്. 500 കിടക്കകളുള്ള ക്യാൻസർ ആശുപത്രിയും പള്ളിയിൽ നിർമ്മിക്കുന്നുണ്ട്. യു.പിയിൽ നിന്ന് ഇനിയാർക്കും അർബുദ ചികിത്സയ്ക്കായി മുംബൈയിലേക്ക് പോകേണ്ടിവരില്ല. 'ഇതു കൂടാതെ, മെഡിക്കൽ കോളജും ദന്ത മെഡിക്കൽ കോളജും എഞ്ചിനീയറിങ് കോളജും പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഭക്ഷണം നൽകുന്ന ആദ്യത്തെ പള്ളിയാണിത്. ഒരേ സമയം 5000 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം'- മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ് പറയുന്നു.
സുപ്രീംകോടതി നിർദേശപ്രകാരം അയോധ്യാ ജില്ലാ ഭരണകൂടം അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയും നിർമ്മാണസമിതി വാങ്ങാനുദ്ദേശിക്കുന്ന ആറ് ഏക്കർ ഭൂമിയും ചേരുന്ന പ്രദേശത്ത് മുഹമ്മദ് ബിൻ അബ്ദുള്ള മോസ്കും വിശാലമായ കാൻസർ ആശുപത്രിയും ചരിത്രമ്യൂസിയവും കമ്യൂണിറ്റി കിച്ചനും 2024 പകുതിയോടെ നിർമ്മാണം ആരംഭിക്കും. മതമൈത്രിയുടെ സന്ദേശമായി ഉയരാനൊരുങ്ങുന്ന ചരിത്രമ്യൂസിയത്തിൽ 1857-ലെ സ്വാതന്ത്ര്യസമരപ്പോരാട്ടമാണ് പ്രമേയം.
1857ൽ ബ്രിട്ടീഷുകാർക്കെതിരേ ലഖ്നൗ മുതൽ അയോധ്യവരെയുള്ള പ്രദേശങ്ങളിലെ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ ഒറ്റക്കെട്ടായി പോരാടിയതിന്റെ ചരിത്രമുഹൂർത്തങ്ങളായിരിക്കും മ്യൂസിയത്തിൽ അണിനിരക്കുകയെന്ന് ഇൻഡൊ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി
നിർമ്മാണം പൂർത്തിയായൽ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായി ഇത് മാറുമെന്നാണ് ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ്. പറയുന്നത്.'' ഈ പള്ളി താജ്മഹലിനേക്കാൾ മികച്ചത് ആയിരക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയെന്ന ഖ്യാതിയും ഇവിടെയായിരിക്കും. ഈ മസ്ജിദിൽ 21 അടി ഉയരവും 36 അടി വീതിയുമുള്ള കാവി നിറമുള്ള ഖുർആൻ സ്ഥാപിക്കും. മസ്ജിദിൽ ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്മാൻ അൽ സുദൈസ് ആയിരിക്കുമെന്നും''- ഹാജി അർഫാത് ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഡൊ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനാണ് പള്ളിസമുച്ചയത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടംവഹിക്കുന്നത്. ഫൗണ്ടേഷന്റെ കീഴിൽ മുഹമ്മദ് ബിൻ അബ്ദുള്ള പള്ളിയും സാംസ്കാരികസമുച്ചയവും നിർമ്മിക്കുന്നതിന് നിർമ്മാണസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. 11 അംഗ ട്രസ്റ്റാണ് പ്രവർത്തനങ്ങളുടെ പ്രതിദിന നടത്തിപ്പ് ഏകോപിപ്പിക്കുന്നത്. 2020-ലാണ് ജില്ലാ ഭരണകൂടം ഭൂമി അനുവദിച്ചത്. ജനുവരിയിൽ ചേരുന്ന ട്രസ്റ്റ് യോഗത്തിൽവെച്ച് നിർമ്മാണപദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് അത്തർ ഹസ്സൻ പറഞ്ഞു. സമുച്ചയത്തിന്റെ പുതിയ ഡിസൈനും നിശ്ചയിക്കും. ലഖ്നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഫർ ഫറൂഖിയാണ് ട്രസ്റ്റിന്റെ തലവൻ. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാജി അരാഫത് ഖാനാണ് നിർമ്മാണസമിതിയുടെ ചെയർമാൻ.
2019 നവംബർ ഒമ്പതിനാണ്, ബാബരി മസ്ജിദ് നിന്നയിടത്ത് രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ക്ഷേത്രം നിർമ്മിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രാംജന്മഭൂമി ന്യാസിന് കോടതി നൽകിയ കോടതി, പകരം പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം അനുവദിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ അഞ്ച് ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ പള്ളിക്കായി അനുവദിക്കുകയായിരുന്നു.