- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വളര്‍ത്തമ്മയുടെ മകളെ ശല്യം ചെയ്ത മൂന്ന് പേര്; യുവതി കെയര്‍ടേക്കറായ സ്‌കൂളിലെ വാഴ വെട്ടിയതില്‍ തുടങ്ങി തര്‍ക്കം; സഹോദരിയെ അതിക്രമിച്ചെന്ന് അറിഞ്ഞ മലയാളിയ്ക്ക് ക്ഷമകെട്ടു; നാടന്‍ തോക്കുപയോഗിച്ച് തുരുതുരാ വെടിയുതിര്‍ത്തു; താനെ മുമ്പ്രയെ ഞെട്ടിച്ച് വെടിവയ്പ്പ്; കോപാകുലനായി വെടിയുതിര്‍ത്തത് മലയാളിയായ ജയന്‍ നായര്‍; ഒരാള്‍ കൊല്ലപ്പെട്ടു; ജയനെ അറസ്റ്റു ചെയ്ത് പോലീസ്

മുംബൈ: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയില്‍ പകല്‍വെളിച്ചത്തില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുമ്പ്രയിലെ കൈലാഷ് നഗറിലുള്ള സുമന്തായ് ചവാന്‍ ഹിന്ദി സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
തന്റെ സഹോദരിയെ ഒരുസംഘം യുവാക്കള്‍ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മലയാളി ജയന്‍ ശിവാനന്ദന്‍ നായര്‍ (51) എന്നയാളെ മുമ്പ്ര പോലീസ് ആയുധം സഹിതം അറസ്റ്റ് ചെയ്തു. വെടിയേറ്റ അക്ബര്‍ അബ്ദുല്‍ ഷെയ്ഖ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൂടെയുണ്ടായിരുന്ന അബ്ദുല്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് ഷെയ്ഖ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സഹോദരിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ജയന്‍ നായരും യുവാക്കളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. വാക്കുതര്‍ക്കം മുറുകിയതോടെ പ്രകോപിതനായ ജയന്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മൂവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ മുമ്പ്രയിലെ കല്‍സേക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അക്ബറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ടുപേരുടെയും നില ഗുരുതരമായി തുടരുകയാണ്.
വളര്‍ത്തമ്മയുടെ മകളെ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു ആക്രമണം. സ്‌കൂള്‍ വളപ്പിലെ വാഴ വെട്ടുന്നതിനെച്ചൊല്ലിയുണ്ടായ ചെറിയ തര്‍ക്കമാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. സ്‌കൂളിലെ കെയര്‍ ടേക്കറായ യുവതിയും മൂന്ന് യുവാക്കളും തമ്മില്‍ ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഈ സമയത്ത് യുവാക്കള്‍ തന്നെ ശല്യം ചെയ്തതായി യുവതി ജയനോട് പരാതിപ്പെട്ടു. ഇതില്‍ പ്രകോപിതനായ ജയന്‍ കയ്യിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മുമ്പ്ര സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ഷിന്‍ഡെ പറഞ്ഞു.
ജനവാസ മേഖലയില്‍ പകല്‍സമയത്ത് നടന്ന വെടിവെപ്പ് പ്രദേശവാസികള്‍ക്കിടയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് മുമ്പ്ര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് റീല്‍ താരം നദീം ഖാന്റെ കാറിന് നേരെയും മുമ്പ്രയില്‍ വെടിവെപ്പ് നടന്നിരുന്നു. അന്ന് പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെ അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുമ്പ്രയില്‍ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ ആയുധ ഉപയോഗം വര്‍ധിക്കുന്നത് പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


