തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. സിനിമ രംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പടെ സംവിധായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാകുമ്പോള്‍ രഞ്ജിത്തിനെതിരെ പ്രസാധകയും പ്രമുഖ എഴുത്തുകാരിയുമായ എം എ ഷഹനാസ് പങ്കുവെച്ച കുറിപ്പാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഇതാദ്യമായല്ല രഞ്ജിത്തിനെതിരെ വിവാദങ്ങള്‍ ഉണ്ടാകുന്നതെന്നതിന്റെ തെളിവുകൂടിയാണ് ഈ പോസ്റ്റ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ചു ലക്ക് കെട്ടു തന്റെ തൊട്ടടുത്ത് വന്നിരുന്ന കാര്യം വെളിപ്പെടുത്തിയായിരുന്നു എം എ ഷഹനാസ് അന്ന് കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാന്‍ പോലും കഴിയില്ലായിരുന്നു. പണ്ട് സിനിമയിലെ ഒരു അതിജീവിതയെ ഐ എഫ് എഫ് കെ വേദിയില്‍ കൊണ്ടുവന്നിരുത്തി ആദരിച്ചപ്പോള്‍ താനടക്കമുള്ള സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ പഴയൊരു കലാകരാന്റെ ഓര്‍മ പുതുക്കുന്ന ചടങ്ങിന് ക്ഷണിതാവായി അദ്ദേഹം വേദിയില്‍ എത്തിയത് മദ്യപിച്ച് ലക്ക് കെട്ടായിരുന്നു.

ഒരു വേദിയില്‍ കാണിക്കേണ്ട മര്യാദ പോലും ഇല്ലാതെ ഇദ്ദേഹം പെരുമാറിയതിനെക്കുറിച്ച് താന്‍ അത്ഭുതം കൂറിയെന്നുമാണ് ഷഹനാസ് ഫേസ്ബുക്കില്‍ കുറിച്ചത്.ഐഎഫ്എഫ്കെ വേദിയില്‍ രഞ്ജിത്ത് കൂവല്‍ കിട്ടിയ പശ്ചാത്തലത്തിലായിരുന്നു പ്രസാധകയുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ വൈറലായത്. എസ് എഫ് ഐ യുടെ തോളില്‍ കയറി ഇരുന്നാലും കൂവി തോല്‍പിക്കുന്ന ഒരു യുവ ജനത തനിക്കൊക്കെ ശേഷം ഇവിടെ പടര്‍ന്നു പന്തലിക്കുന്നു എന്ന ഭീഷണിയാണ് ഓര്‍ത്ത് വെച്ചോളൂ സ്ത്രീവിരുദ്ധനും മദ്യവും മദിരാശിയും പേറുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തേ.. എന്ന് പറഞ്ഞുകൊണ്ടാായിരുന്നു ഷഹനാസ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

ചില കൂവലുകള്‍ മാത്രമേ വ്യക്തിപരമായി ആനന്ദിപ്പിക്കാറുള്ളു…അത് പണ്ടൊക്കെ സ്‌കൂളില്‍ ഒട്ടും ഇഷ്ടമല്ലാത്ത അധ്യാപകര്‍, കുട്ടികളെ അത്രയേറെ ബുദ്ധിമുട്ടിക്കുന്നവര്‍ ഒക്കെ വരുമ്പോള്‍ കുട്ടികള്‍ കൂക്കി വിളിക്കുന്ന പോലെ ഒക്കെ ഉള്ളത് …

അത്തരം ഒരു ആനന്ദ കൂവല്‍ ഇപ്പോള്‍ അടുത്ത് കേട്ടത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് നേരെ ഉള്ള കൂവല്‍ ആണ്…ആ കൂവല്‍ വെറുമൊരു കൂവല്‍ ആയിരുന്നു എന്ന് തോന്നാന്‍ മാത്രം അയാളും ബാക്കിയുള്ളവരും വെറും വിഡ്ഢികള്‍ അല്ല… പിന്നീട് അവിടെ പിടിച്ചു നില്‍ക്കാന്‍ അങ്ങേര് വിളമ്പിയ എസ് എഫ് ഐ പുരാണം കേട്ട് എസ് എഫ് ഐ ക്കാര്‍ വരെ ആര്‍ത്ത് ചിരിക്കും എന്നുള്ളത് ഉറപ്പാണ്… കാരണം യഥാര്‍ത്ഥത്തില്‍ ആ കൂവല്‍ എസ് എഫ് ഐ ക്കാരുടേത് തന്നെയാണ്…

പണ്ട് സിനിമ മേഖലയിലെ ഒരു അതിജീവിതയെ അദ്ദേഹം ഒരു പ്രധാന വേദിയില്‍ കൊണ്ടു വന്നപ്പോള്‍ ഞാന്‍ അടക്കമുള്ള പെണ്ണുങ്ങള്‍ വീട്ടില്‍ നിന്ന് ആണെങ്കില്‍ പോലും ഇരുന്നിടത്ത് നിന്ന് ഒന്ന് പൊങ്ങി അങ്ങേരെ അങ്ങ് വല്ലാതെ ബഹുമാനിച്ചിരുന്നു. അതിന് ശേഷം ഇങ്ങേരു ഉള്ള പരിപാടിയില്‍ എനിക്കും ഒരു അവസരം കിട്ടി…സന്തോഷം തോന്നിയ നിമിഷങ്ങള്‍. കഴിഞ്ഞ വര്‍ഷം റംസാനില്‍ ആയിരുന്നു ആ ചടങ്ങ്. കോഴിക്കോട് മണ്‍മറഞ്ഞു പോയ ഒരു കലാകാരന്റെ പേരിലുള്ള അവാര്‍ഡ്, കോഴിക്കോട് തന്നെയുള്ള മുതിര്‍ന്ന ഒരു കലാകാരന് നല്‍കുന്ന ചടങ്ങില്‍ എം എല്‍ എ അടക്കം ഉള്ളവര്‍ അതിഥി ആയിട്ടുള്ളവര്‍ ഉണ്ട്.

അതിജീവിതയെ ഒരു പ്രധാന വേദിയില്‍ കൊണ്ടുവന്ന അങ്ങേര് ഇപ്പോള്‍ വരുമല്ലോ ഓര്‍ത്തപ്പോള്‍ 'ഹൗ കുളിരു കോരിയിരുന്നു…' എന്നാല്‍ എല്ലാവരും എത്തിയിട്ടും കോഴിക്കോട് അങ്ങാടിയില്‍ താമസിക്കുന്ന ഇങ്ങേരു മാത്രം വരുന്നില്ല…തുടര്‍ന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങേര് എത്തി. എന്റെ തൊട്ടടുത്ത സീറ്റിലായി ഇരുന്നു…

സത്യം പറയാലോ മദ്യപിച്ചു ലക്കുകെട്ട് വന്നിരുന്ന അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാന്‍ പോലും വയ്യായിരുന്നു…ഒരു വേദിയില്‍ കാണിക്കേണ്ട ഒരു മര്യാദയും ഇല്ലാതെ ഇയാള്‍ ഇതെന്താ ഇങ്ങനെ? അന്ന് ഓര്‍ക്കുകയും ചെയ്തു…വിഷമം തോന്നി. പിന്നെ തോന്നി ഈ ബിംബങ്ങള്‍ ഒക്കെ ഇങ്ങനെ തന്നെയെന്ന്…തകര്‍ന്ന് വീഴാന്‍ ആണ് ഇവര്‍ക്കൊക്കെ യോഗം എന്നും.

ഒരിക്കല്‍ മാത്രമേ ഇയാളുടെ പേര് ഒരു പോസ്റ്റില്‍ ഞാന്‍ വലിച്ച് ഇട്ടിട്ടുള്ളു…(എന്നിട്ട് എന്നെ എല്ലാരും കൂടെ അങ്ങ് പിടിച്ചു തിന്നു )
ഇന്ന് വീണ്ടും ആവര്‍ത്തിക്കാതെ പോയാല്‍ അത് മനസാക്ഷിക്ക് നിരക്കാത്തത് ആയി പോകും….

എനിക്ക് നേരെ നടന്ന അതിക്രമത്തില്‍ ഞാന്‍ പരാതി കൊടുത്ത് കോഴിക്കോട് പോലിസ് അറസ്റ്റ് രേഖപെടുത്തിയ വി ആര്‍ സുധീഷിനെ പല പ്രസാധനശാലകളും പുസ്തകം വാങ്ങി ആഘോഷമാക്കിയിരുന്നു. എന്തിന് ഏറെ പറയുന്നു എന്റെ രാപ്പലുകള്‍ ഞാന്‍ അധ്വാനിച്ച ഞാന്‍ മുന്‍പ് ജോലി ചെയ്ത സ്ഥാപനം പോലും അയാളെ നെഗറ്റീവ് മാര്‍ക്കറ്റിംഗ് ഭാഗമായി ആഘോഷിച്ചു…അത് പോലെ കോഴിക്കോട് ഉള്ള പെണ്‍പ്രസാധകര്‍ അടക്കം തന്നെ അയാളെ ആഘോഷിച്ചു കൊണ്ടിരിക്കുന്നു….

അതൊന്നും എനിക്ക് അശേഷം വിഷമം ഉണ്ടാക്കിയിട്ടില്ല കാരണം അതൊക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു…ഞാനും അയാളും ഉള്ള അന്തരം ഏറെയാണ്. പാരമ്പര്യത്തിന്റെ,പണത്തിന്റെ, അധികാരത്തിന്റെ ഒക്കെ….ഇതൊക്കെ സംഭവിക്കും എന്നുള്ളതും ഉറപ്പായിരുന്നു. സത്യത്തില്‍ ഇതിനു മുകളില്‍ തന്നെ പ്രതീക്ഷിച്ചിരുന്നു..എന്നാല്‍ മറ്റൊരു കാര്യം ഇവരൊക്കെ സ്വന്തം സ്ഥാപനത്തിന്റെ 'കച്ചവടത' ഒക്കെ നടത്തിയപ്പോള്‍ ഇങ്ങേരെ വിളിച്ചില്ല. അത് എന്നോടുള്ള മര്യാദയല്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അത് മുഴുവന്‍ സ്ത്രീകളോട് ഉള്ള മര്യാദയാണ്…. പറഞ്ഞു വരുന്നത് അതിനും മീതെ മദ്യവും മദിരാശിയും നല്‍കുന്ന ബന്ധങ്ങളുടെ തീവ്രതയെ കുറിച്ചാണ്… മീ ടു പരാതി നിലനില്‍ക്കുന്ന പലരെയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മാറ്റി നിര്‍ത്തിയപ്പോള്‍ വി ആര്‍ സുധീഷ് അവിടെ ഒക്കെയും എങ്ങനെ പരിഗണിക്കപെട്ടു? അത് മദ്യവും മറ്റു പലതും പേറുന്നവര്‍ക്ക് ഈ സര്‍ക്കാറും നല്‍കുന്ന വലിയ സപ്പോര്‍ട്ട് ഇത്തരത്തിലുള്ള വേട്ടനായ്ക്കള്‍ക്ക് ആണ് എന്നുള്ള മറുപടി തന്നെയാണ് ….

ഈ കൂവല്‍ താങ്കള്‍ ഏത് ചിരിയില്‍ ഒതുക്കി ജാള്യത മറച്ചാലും, അതല്ല കഴിഞ്ഞ കാലങ്ങളില്‍ ചരിത്രമെഴുതിയ എസ് എഫ് ഐ യുടെ തോളില്‍ കയറി ഇരുന്നാലും കൂവി തോല്പിക്കുന്ന ഒരു യുവ ജനത തനിക്കൊക്കെ ശേഷം ഇവിടെ പടര്‍ന്നു പന്തലിക്കുന്നു എന്ന ഭീഷണിയാണ്. ഓര്‍ത്ത് വെച്ചോളൂ… സ്ത്രീവിരുദ്ധനും മദ്യവും മറ്റു പലതും പേറുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തേ………

എന്നായിരുന്നു ഷഹനാസിന്റെ പോസ്റ്റ്.അതേസമയം 200910 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു.ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ലെന്നും നടി പറയുന്നു.

പിന്നാലെ നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്തുവന്നു.ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു.എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.തലസ്ഥാനത്ത് രഞ്ജിത്തിന്റെ കോലം കത്തിച്ചു.