തിരുവനന്തപുരം: ഇനിയും പിഎസ് പ്രശാന്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റായി തുടരാന്‍ അനുവദിക്കുമോ? അങ്ങനെ എങ്കില്‍ സര്‍ക്കാര്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയിലേക്ക് പോകും. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംശയ നിഴലില്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തും ഉണ്ടെന്നതാണ് വസ്തുത. 2025ല്‍ അല്ല, 2024ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ നീക്കം നടന്നതെന്നും അതിന് തിടുക്കം കൂട്ടിയെന്നും കണ്ടെത്തല്‍ ഉണ്ട്. കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് നടന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ലെന്നും നിരീക്ഷിച്ച കോടതി പിഎസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും കുറ്റപ്പെടുത്തി. ഇതോടെ പ്രശാന്തിന് കാലാവധി നീട്ടിക്കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും പ്രതിസന്ധയിലുണ്ട്. പ്രശാന്ത് രാജിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ട്. പ്രശാന്തിനെ ന്യായീകരിച്ച ദേവസ്വം മന്ത്രി വിഎന്‍ വാസവനും വെട്ടിലാകുകയാണ്.

ഹൈക്കോടതി നിരീക്ഷണങ്ങളോടെ സ്വര്‍ണ്ണ കൊള്ള കേസില്‍ പ്രശാന്തും പ്രതിയാകേണ്ട സാഹചര്യമുണ്ട്. മുന്‍ പ്രസിഡന്റ് എന്‍ വാസു പ്രതിയായി കഴിഞ്ഞു. വാസുവിനെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. ഇതിനിടെയാണ് പ്രശാന്തിനെതിരായ പരാമര്‍ശം. പ്രശാന്തിലേക്ക് അന്വേഷണം നീണ്ടേ മതിയാകൂവെന്ന നിഗമനത്തില്‍ ഹൈക്കോടതി എത്തിയെന്നതിന് തെളിവാണ് ഇത്. ഇതിനിടെയിലും പ്രശാന്തിന് കാലാവധി നീട്ടികൊടുക്കാനുള്ള ഓര്‍ഡിനന്‍സ് ഒരുക്കുകയാണ് പിണറായി സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ ഈ ഓര്‍ഡിനന്‍സ് ഉണ്ടാകുമോ എന്നതാണ് നിര്‍ണ്ണായകം. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പ്രശാന്തിന് കാലാവധി നീട്ടികൊടുത്താല്‍ അത് വലിയ രാഷ്ട്രീയ പ്രചരണമായി മാറും. ഇതെല്ലാം സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് തീരുമാനം എടുക്കുമെന്നതാണ് നിര്‍ണ്ണായകം. പ്രശാന്തിനെ തുടരാന്‍ അനുവദിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ തിരുത്തല്‍ വരുത്താന്‍ മുഖ്യമന്ത്രി തയ്യറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. പ്രശാന്തിനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നത് പിണറായിയുടെ മോഹമാണ്. അത് നടക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

എസ്.ഐ.ടി.യുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. നേരത്തെയും ചില നിരീക്ഷണം ഉണ്ടായിരുന്നു. ഇത് മാറ്റിയെടുക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ഇതിനിടെയാണ് വ്യക്തതയുള്ള നിരീക്ഷണം വരുന്നത്. 2024 സെപ്റ്റംബര്‍ 3-ന് തിരുവാഭരണം കമ്മീഷണര്‍ സെക്രട്ടറി ദേവസ്വം സെക്രട്ടറിക്ക് അയച്ച കത്തില്‍ പാളികളില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചതായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും നിറം മങ്ങിയിട്ടുണ്ടെന്നും പ്ലേറ്റിങ് ഇളകിയതായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് ലഭിച്ച ഉടന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് 2024 മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പ്(നവംബറിന് മുമ്പ്) എത്രയും പെട്ടെന്ന് പാളികള്‍ നന്നാക്കി തിരിച്ചുകൊണ്ടുവരണം എന്ന് നിര്‍ദ്ദേശം നല്‍കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു സ്‌പോണ്‍സര്‍. 2024-ല്‍ മണ്ഡലപൂജയ്ക്ക് നട തുറക്കുന്നതിനു മുന്‍പേ ദ്വാരപാല പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊടുത്തുവിടാനുള്ള എല്ലാ പേപ്പര്‍ വര്‍ക്കുകളും ഉത്തരവുകളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ഇത്രയധികം ധൃതി കാണിച്ചിട്ടും 2024-ല്‍ പാളികള്‍ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തിയില്ല. ഈ ധൃതി കെട്ടിച്ചമച്ച ഒന്നായിരുന്നു എന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുകെട്ടാന്‍ വേണ്ടിയാണ് 2024-ല്‍ അത്തരമൊരു തിടുക്കം ദേവസ്വം ബോര്‍ഡ് കാണിച്ചത് എന്ന് കോടതി ഉത്തരവില്‍ പറയുന്നു. 2025-ല്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയാതെ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടുകയായിരുന്നു.

2024 മുതല്‍ 2025 വരെ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് നടത്തിയ നടപടികള്‍ അതീവ ദുരൂഹവും സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്നതുമാണ് എന്ന് കോടതി വ്യക്തമാക്കി. 2025 സെപ്റ്റംബര്‍ 2-ന് പാളികള്‍ 'സ്മാര്‍ട്ട് ക്രിയേഷന്‍സി'ല്‍ കൊണ്ടുപോകാന്‍ ബോര്‍ഡ് അനുമതി നല്‍കിയ വിവരങ്ങള്‍ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നിരീക്ഷിച്ചു.