ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. അവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനായിരുന്നു പള്‍സര്‍ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ക്രൈംബ്രാഞ്ച് അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

വര്‍ഷങ്ങളായി ജാമ്യാപേക്ഷ സമര്‍പ്പിച്ചുകൊണ്ടിരുന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാആണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേചെയ്തത്. അവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25,000 രൂപ ആയിരുന്നു പിഴ വിധിച്ചിരുന്നത്. ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്.

എന്നാല്‍, സുനി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചശേഷമാണ് ഓഗസ്റ്റ് 27-ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. പള്‍സര്‍ സുനിക്കുവേണ്ടി അഭിഭാഷകരായ കെ. പരമേശ്വര്‍, ശ്രീറാം പറക്കാട് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി, ആഗസ്റ്റ് 27ന് മുമ്പ് പള്‍സര്‍ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണം എന്ന് സംസ്ഥാനത്തിനയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടി.

ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ പുറത്താണ്. 2017 മുതല്‍ ഒരിക്കല്‍പ്പോലും ജാമ്യം ലഭിച്ചിട്ടില്ല. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകര്‍ ചോദിച്ചു. ഇതേ ചോദ്യം തന്നെ സുപ്രിംകോടതി ഹൈക്കോടതിയോട് ചോദിച്ചു. ഹൈക്കോടതിയുടേത് എന്തുതരം സമീപനം ആണെന്ന് ചോദിച്ച സുപ്രിംകോടതി, നിരന്തരമായി ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്യുകയും ചെയ്തു. അതീവ നിര്‍ണ്ണായകമാണ് കോടതിയുടെ ഇനിയുള്ള നടപടികള്‍.

രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി ഹൈക്കോടതി തള്ളിയത്. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചില്‍ കാറില്‍ ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.