വികസിത- യൂറോപ്യന്‍ രാജ്യങ്ങളൊക്കെ എടുത്തുകളയുന്നതാണ് മതനിന്ദാനിയമം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ 'മതനിന്ദാ നിയമങ്ങള്‍' സ്വതന്ത്രമായ ചിന്തയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ മതനിന്ദാനിയമം ബിജെപിയെക്കാളും ശക്തമായി നടപ്പാക്കുന്നത്, പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയാണ്.

സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ നല്‍കുന്ന ഭേദഗതി ബില്‍ പഞ്ചാബ് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിരിക്കയാണ്. 'ജഗത് ജ്യോത് ശ്രീ ഗുരുഗ്രന്ഥ സാഹിബ് സത്കാര്‍ (ഭേദഗതി) ബില്‍, 2026' എന്നാണ് ബില്ലിന്റെ പേര്. ഇതുപ്രകാരം, ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തം തടവുമാണ് ശിക്ഷയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിക്ഷയ്‌ക്കൊപ്പം 5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും.

ഈ ഭേദഗതി പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പില്‍ ഉള്‍പ്പെടും. നേരത്തെ 2008-ല്‍ നിലവിലുണ്ടായിരുന്ന നിയമത്തില്‍ ഗുരുഗ്രന്ഥ സാഹിബിന്റെ അച്ചടിയും പരിപാലനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് 2 വര്‍ഷം വരെ മാത്രമായിരുന്നു തടവ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ തടയുന്നതിനും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനുമാണ് ഈ കര്‍ശന നിയമം കൊണ്ടുവന്നിരിക്കുന്നത് എന്നാണ് പറയുന്നത്.

മുന്‍പ് 2016-ലും 2018-ലും സമാനമായ ബില്ലുകള്‍ പഞ്ചാബ് നിയമസഭ പാസാക്കിയിരുന്നുവെങ്കിലും അവ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ ഈ പുതിയ ബില്‍ ഒരു സംസ്ഥാന നിയമത്തിലെ (2008ലെ ആക്ട്) ഭേദഗതിയായതിനാല്‍ ഇതിന് ഉടന്‍ തന്നെ ഗവര്‍ണറുടെ അംഗീകാരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മറ്റ് മതഗ്രന്ഥങ്ങളെയും (ഭഗവദ്ഗീത, ഖുര്‍ആന്‍, ബൈബിള്‍) സംരക്ഷിക്കുന്നതിനായി സമാനമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിയമസഭയില്‍ അറിയിച്ചു. പാക്കിസ്ഥാന് സമാനമായ മതപ്രീണനമാണ് ഇതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ഇത് പച്ചയായ മതപ്രീണനം

പക്ഷേ ഇതിനെതിരെ പഞ്ചാബിന് പുറത്ത് വ്യാപകമായ വിമര്‍ശനവും നേരിടുകയാണ്. മതപരിഷ്‌ക്കരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നാസ്തികരെയും, സ്വതന്ത്രചിന്തകരെയും വരെ ഫലത്തില്‍ കേസില്‍ കുടുക്കാന്‍ കഴിയും എന്നാതാണ് ഇതിലെ ഏറ്റവും വലിയ കെണി. മതവികാരം വ്രണപ്പെട്ടു എന്നാരോപിച്ച് നല്‍കുന്ന ശിക്ഷകള്‍ ആധുനിക നിയമവ്യവസ്ഥയ്ക്ക് ചേര്‍ന്നതാണോ എന്ന ചോദ്യവും ഇതോടൊപ്പമുണ്ട്. ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് നല്‍കാനുള്ള തീരുമാനം നീതിയേക്കാള്‍ ഉപരി രാഷ്ട്രീയ പ്രീണനമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം പോലുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് സാധാരണയായി ജീവപര്യന്തം തടവ് നല്‍കാറുള്ളത്. ഒരു പുസ്തകത്തെയോ പ്രതീകത്തെയോ അപമാനിച്ചു എന്ന കുറ്റത്തിന് ഇത്രയും കടുത്ത ശിക്ഷ നല്‍കുന്നത് 'ആനുപാതികമായ നീതി' എന്ന തത്വത്തിന് വിരുദ്ധമാണ്. 'നിന്ദ' അല്ലെങ്കില്‍ 'അപമാനം' എന്നതിന് കൃത്യമായ നിര്‍വചനം നല്‍കുക പ്രയാസമാണ്. രാഷ്ട്രീയ പകപോക്കലിനോ വ്യക്തിപരമായ വിരോധം തീര്‍ക്കാനോ ഈ നിയമം ആയുധമാക്കപ്പെടാം. വെറും ആരോപണത്തിന്റെ പേരില്‍ ഒരാള്‍ക്ക് ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്നത് നീതികേടാണ്.

മതനിന്ദ ആരോപിക്കപ്പെടുന്നവരെ തെരുവില്‍ വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പഞ്ചാബില്‍ വര്‍ദ്ധിച്ചുവരികയാണ്. കടുത്ത നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഭരണകൂടം പരോക്ഷമായ ഒരു ധാര്‍മ്മിക പിന്തുണ നല്‍കുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക മതഗ്രന്ഥത്തിന് മാത്രം ഇത്രയും വലിയ പരിരക്ഷ നല്‍കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് വിരുദ്ധമാണെന്നും വിമര്‍ശകര്‍ പറയുന്നു. ചരുക്കത്തില്‍ പാക്കിസ്ഥാനില്‍ ഖുറാന്‍ നിന്ദിച്ചുവെന്ന് പറഞ്ഞ് ആരെയും അകത്തിടാന്‍ കഴിയും. അതുപോലെ ഒരു അവസ്ഥയാണ്, പഞ്ചാബിലും ഉണ്ടാവുകയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ബില്ലിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും ഒന്നുമിണ്ടിയില്ല. നിയമസഭയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ മാത്രമാണ് ചോദ്യം ചെയ്തത്. ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് എതിരഭിപ്രായമില്ലെന്നും ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ സഭയില്‍ വ്യക്തമാക്കി. 2018-ല്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സമാനമായ ബില്ല് പാസാക്കിയിരുന്നുവെങ്കിലും അത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ പരാജയപ്പെട്ട കാര്യം കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. ഈ പുതിയ ബില്ലിനും സമാനമായ വിധി ഉണ്ടാകുമോ എന്ന ആശങ്ക അവര്‍ പങ്കുവെച്ചു.

പഞ്ചാബ് നിയമസഭയില്‍ ഇപ്പോള്‍ സിപിഎമ്മിനോ സിപിഐക്കോ പ്രാതിനിധ്യമില്ല.ആം ആദ്മി പാര്‍ട്ടി -95സീറ്റ്, കോണ്‍ഗ്രസ് 14, ബിജെപി 2, ശിരോമണി അകാലിദള്‍ 2 എന്നിങ്ങനെയാണ് പഞ്ചാബിലെ കക്ഷിനില. ഇപ്പോള്‍ ആം ആദ്മി മുഖ്യമന്ത്രിയുടെ മതപ്പണി കണ്ട് ബിജെപിപോലും ഞെട്ടുകയാണ്.

മതകാലുഷ്യത്തിന്റെ പഞ്ചാബ്

പഞ്ചാബില്‍ മതനിന്ദ എന്നത് അങ്ങേയറ്റം വൈകാരികമായ ഒരു വിഷയമാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും ചില അവസരങ്ങളില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും അത് കാരണമാകാറുണ്ട്. സിഖ് മതവിശ്വാസികള്‍ ഗുരുഗ്രന്ഥ സാഹിബിനെ കേവലം ഒരു വിശുദ്ധ ഗ്രന്ഥമായല്ല, മറിച്ച് തങ്ങളുടെ പത്താമത്തെ ഗുരുവിന് ശേഷം വന്ന 'ജീവിക്കുന്ന ഗുരുവായാണ്' കാണുന്നത്. അതിനാല്‍ തന്നെ ഇതിനെതിരെയുള്ള ഏതൊരു അവഹേളനവും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെകണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ മതപരമായ കുറ്റകൃത്യങ്ങള്‍ (ഐപിസി 295, 296, 297 വകുപ്പുകള്‍ പ്രകാരം) ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

2015-ല്‍ ദൈവനിന്ദ വിഷയത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പില്‍ പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ ബെഹബല്‍ കലാന്‍ എന്ന ഗ്രാമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപുറമെ കോട്കപുരയിലും തിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു.: ഫരീദ്കോട്ടിലെ ബര്‍ഗാരി ഗ്രാമത്തില്‍ ഗുരുഗ്രന്ഥ സാഹിബിന്റെ താളുകള്‍ കീറിയ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് സംഭവങ്ങള്‍ക്ക് ആധാരമായത്. ഇതിന് മുന്‍പായി ബുര്‍ജ് ജവഹര്‍ സിംഗ് വാല ഗ്രാമത്തില്‍ നിന്ന് ഗുരുഗ്രന്ഥ സാഹിബിന്റെ ഒരു കോപ്പി മോഷണം പോയിരുന്നു. ഈ സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ബര്‍ഗാരി സംഭവമുള്‍പ്പെടെയുള്ള കേസുകളില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ മുന്‍ സര്‍ക്കാരുകളും നിലവിലെ സര്‍ക്കാരും പരാജയപ്പെട്ടിട്ടുണ്ട്. ഈ വീഴ്ച മറയ്ക്കാനാണ് ശിക്ഷാ കാലാവധി കൂട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ ഇതുപോലെ ഒരു നിയമം വന്നാല്‍ കാര്യങ്ങള്‍ കൂടതല്‍ വഷളാവുകയാണ് ചെയ്യുക എന്നാണ് വിമര്‍ശനം.

2015-ലെ ബര്‍ഗാരി സംഭവത്തിന് ശേഷം 2021 ഒക്ടോബര്‍ വരെ മാത്രം 272-ഓളം ഗുരുഗ്രന്ഥ സാഹിബ് നിന്ദാ കേസുകള്‍ പഞ്ചാബില്‍ ഉണ്ടായിട്ടുണ്ട്. മതനിന്ദ ആരോപിക്കപ്പെടുന്ന പ്രതികള്‍ക്ക് നിയമപരമായ ശിക്ഷ ലഭിക്കാന്‍ വൈകുന്നു എന്നാരോപിച്ച് ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2021-ല്‍ അമൃത്സറിലെ സ്വര്‍ണ്ണക്ഷേത്രത്തില്‍ ഗുരുഗ്രന്ഥ സാഹിബിന് മുന്നിലെ വാള്‍ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. 2021-ല്‍ സിഖ് പതാകയായ നിഷാന്‍ സാഹിബിനെ അപമാനിച്ചുവെന്നാരോപിച്ച് കപൂര്‍ത്തലയില്‍ മറ്റൊരാളെയും ആള്‍ക്കൂട്ടം വധിച്ചു. എന്നാല്‍ ഇത് പിന്നീട് മോഷണശ്രമമാണെന്ന് പോലീസ് കണ്ടെത്തി.

: മതനിന്ദാ കേസുകള്‍ പഞ്ചാബിലെ തിരഞ്ഞെടുപ്പുകളെയും രാഷ്ട്രീയത്തെയും വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിലുണ്ടായ കാലതാമസം പല മുന്‍ സര്‍ക്കാരുകളുടെയും വീഴ്ചയായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടാറുണ്ട്.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന എല്ലാ പ്രവൃത്തികളും ശിക്ഷാര്‍ഹമല്ലെന്നും, ബോധപൂര്‍വ്വം ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളവ മാത്രമേ ശിക്ഷിക്കപ്പെടാവൂ എന്നും 1957-ലെ രാംജി ലാല്‍ മോദി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2015-ലെ ശ്രേയ സിംഗാള്‍ കേസില്‍ അവ്യക്തമായ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നുണ്ട്. 'മതനിന്ദ' എന്ന വാക്കിന് കൃത്യമായ നിര്‍വചനം നല്‍കാതെ കടുത്ത ശിക്ഷ നടപ്പാക്കുന്നത് ഈ വിധിക്ക് വിരുദ്ധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.