മലപ്പുറം: പിണറായി പോലീസിനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. പി ശശിയുടെ പല നടപടികളിലും സംശയമുണ്ടെന്ന് അന്‍വര്‍ തുറന്നടിച്ചു. എഡിജിപി അജിത് കുമാറിനും എസ് പി സുജിത് ദാസിനുമെതിരേയും ഗുരുതര ആരോപണം ഉന്നയിച്ചു. രണ്ടു പേരേയും സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പി ശശി പരാജയമാണെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

പല പൊലീസ് ഓഫിസര്‍മാരുടെയും ഫോള്‍ കോള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി.വി. അന്‍വര്‍ പറയുന്നു. ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗവും തന്റെ മുന്നില്‍ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നെന്നും അന്‍വര്‍ പറഞ്ഞു. മന്ത്രിമാരുടെ ഫോണ്‍കോള്‍ എഡിജിപി ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ചില പൊലീസുകാരുടേത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. നവകേരള സദസിനിടെ എസ്പി ശശിധരന്‍ പതിനൊന്നോളം കേസുകള്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ ചുമത്തി. പാവപ്പെട്ട ഡിവൈഎഫ്‌ഐക്കാരെ ജയിലിലിട്ടു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ന്യായമായും ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിനെതിരെ താന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. തന്നെ കേരളീയ പൊതുസമൂഹത്തില്‍ വിശ്വാസം ഇല്ലാതവനാക്കി. ക്രിമിനലിസത്തിന്റെ അങ്ങേയറ്റമാണ് എം.ആര്‍. അജിത്കുമാര്‍. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്തികൂട്ടിയ കാര്യങ്ങള്‍ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അന്‍വര്‍ പറഞ്ഞു.

അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ താന്‍ ചോര്‍ത്തി. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവര്‍ അവരുടെ സഹോദരനോടാണ് സംസാരിക്കുന്നത്. പക്ഷേ ഫോണിന്റെ അങ്ങേയറ്റത്താണ് കള്ളക്കടത്തുകാരാണ്. ആ സ്ത്രീയെ ഇപ്പോള്‍ ഇതിലേക്ക് താന്‍ വലിച്ചിഴയ്ക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക സംഘമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ട്. മാമി എന്ന് പറയുന്ന കോഴിക്കോടുള്ള കച്ചവടക്കാരനെ കാണാതായിട്ട് ഒരു വര്‍ഷമായി. കൊണ്ടുപോയി കൊന്നെന്നാണ് കരുതുന്നത്. കേസ് എങ്ങുമെത്തിയിട്ടില്ല-അന്‍വര്‍ ആരോപിച്ചു.

അത് എവിടെയും എത്തില്ല. സുജിത്ത് ദാസ് ഐപിഎസില്‍ വരും മുന്‍പ് കസ്റ്റംസില്‍ ആയിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി അതിഭയങ്കരമായ ബന്ധമുണ്ട്. ആ ബന്ധങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് വഴിയിലൊക്കെ വച്ച് പിടിക്കാന്‍ കാരണം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ടെങ്കിലും അവനെ കടത്തി വിടും. പക്ഷെ പുറത്തുനില്‍ക്കുന്ന പൊലീസുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാല്‍ സിസിടിവി ഉള്ളതിനാല്‍ ഒരു ബിസ്‌കറ്റ് പോലും മാറ്റാനാകില്ല. എന്നാല്‍ പുറത്ത് അങ്ങനെയല്ല. 25 ബിസ്‌ക്കറ്റുണ്ടെങ്കില്‍ 10 ബിസ്‌കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കുമെന്നും അന്‍വര്‍ ആരോപിച്ചത്.