തിരുവനന്തപുരം: ശശിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചോദ്യം. മറപുടി പറയാന്‍ തുനിയുമ്പോള്‍ ഓടിയെത്തിയത് നിയമസഭയുടെ സുരക്ഷാ ചുമതലയിലുള്ള ചീഫ് മാര്‍ഷല്‍. എംഎല്‍എയാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്ന് പോലും പരിഗണിക്കാതെ ഈ പ്രിമൈസസില്‍ ഇതു പാടില്ലെന്ന് അന്‍വറിനോട് ചെവിയില്‍ മന്ത്രിച്ചു ചീഫ് മാര്‍ഷല്‍. ഇതോടെ അന്‍വര്‍ മറപുടി പറയലും നിര്‍ത്തി. തൊട്ടടുത്ത് നിന്ന മനോരമയുടെ മാധ്യമ പ്രവര്‍ത്തകന്‍ പിവി രതീഷ് ഇതിനെ ചോദ്യം ചെയ്തു. ചോദ്യത്തിന് മറുപടി പറയാന്‍ അനുവദിക്കണമെന്നും പിടിച്ചു മാറ്റരുതെന്നും രതീഷ് ആവശ്യപ്പെട്ടു. ഇതോടെ അയ്യോ അങ്ങനെ പറയരുതേ എന്ന വിശദീകരണം അന്‍വറും നടത്തി. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് അന്‍വര്‍ മാധ്യമങ്ങളോടുള്ള പ്രതികരണം അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ എംഎല്‍എ ഹോസ്റ്റലിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടെതിലും അന്‍വറിന് കരുത്ത് കാട്ടാനായില്ല.

അന്‍വറിന് എംഎല്‍എ എന്ന നിലയില്‍ എംഎല്‍എ ഹോസ്റ്റലില്‍ മാധ്യമങ്ങളെ കാണാം. എംഎല്‍എയുടെ മുറിയിലും മാധ്യമ പ്രവര്‍ത്തകരെ കാണം. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടു വന്ന എംഎല്‍എ പ്രതികരണം നല്‍കാന്‍ എംഎല്‍എ ഹോസ്റ്റലിന് പുറത്തേക്ക് വരികയായിരുന്നു. ഇതിനിടെ അങ്ങോട്ട വരാമെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറി. ബൈറ്റ് എടുക്കുന്നതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നും ആദ്യം ചോദ്യം ചെയ്തില്ല. അനുവദിക്കുകയും ചെയ്തു. എന്നാല്‍ ചോദ്യങ്ങള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് എത്തിയപ്പോള്‍ ചീഫ് മാര്‍ഷല്‍ ഇടപെടുകയും ചെയ്തു. ഇതിന് പിന്നില്‍ മുകളില്‍ നിന്നുള്ള ചില നിര്‍ദ്ദേശം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അത്തരത്തില്‍ പുതിയ വിവാദം അന്‍വറും ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് പ്രശ്‌നം വഷളാക്കാതെ എംഎല്‍എ മടങ്ങിയത് എന്ന് വേണം അനുമാനിക്കാന്‍.

ഏതായാലും മലപ്പുറത്ത് പത്ര സമ്മേളനം നടത്തുന്ന ശരീരഭാഷ ആയിരുന്നില്ല അന്‍വറിന്റേത്. ഏറെ കരുതലെടുത്തും അദ്ദേഹം. സര്‍ക്കാരുമായും സിപിഎമ്മുമായും ഏറ്റുമുട്ടലിനില്ലെന്ന സന്ദേശം അന്‍വര്‍ നല്‍കുകയും ചെയ്തു. ഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ താനുന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ വിശദീകരിച്ചതും കരുതലോടെയാണ്. വിശദമായ പരാതി എഴുതി നല്‍കി. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പൂര്‍ണ വിശ്വാസം ഉണ്ട്. ഉന്നയിച്ച ആരോപണങ്ങളും വിശദീകരണവും പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ബോധിപ്പിക്കുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി അദ്ദേഹത്തിന് കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരള പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം ഗവണ്‍മെന്റിനും പാര്‍ടിക്കും പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ജനങ്ങള്‍ക്കും നിരവധി ബുദ്ധിമുട്ട് നേരിട്ടുണ്ട്. ഇത്തരം കാര്യങ്ങളാണ് തുറന്നുപറഞ്ഞത്. പൊലീസിലുള്ള അഴിമതിയും പുഴുക്കുത്തുകളും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഒരു സഖാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇനി ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തോട് സഹകരിക്കുക എന്നതു മാത്രമാണ് ഇനി തന്റെ ഉത്തരവാദിത്തമെന്നും സംസ്ഥാനം ഭരിക്കുന്നത് കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് ജനങ്ങളുടെ വികാരം അറിയാമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതായത് സിപിഎമ്മിനൊപ്പമാണ് താനെന്ന് ആവര്‍ത്തിക്കാനായിരുന്നു അന്‍വര്‍ ശ്രമിച്ചത്.

എഡിജിപി എം.ആര്‍.അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെന്നാണ് പൊതുവേ വിലയിരുത്തല്‍. ഒരു സഖാവെന്ന നിലയിലാണ് വിഷയത്തില്‍ താന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പ്രതികരിച്ചു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. പോലീസിലെ പുഴുക്കുത്തുകള്‍ തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത്. താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു.

എം.ആര്‍.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്ന് പറയേണ്ടത് താനല്ല. അത് പാര്‍ട്ടി തീരുമാനിക്കട്ടെ. അന്വേഷണം ഇനി എങ്ങനെ പോകണമെന്ന കാര്യം പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആര്‍.അജിത് കുമാറിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ അടക്കം കൈമാറാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംഎല്‍എ മാധ്യമങ്ങളെ കണ്ടത്.