തിരുവനന്തപുരം: സ്‌കൂള്‍ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകള്‍ യൂട്യൂബ് ചാനല്‍ വഴി ചോര്‍ന്ന സംഭവം ദുരൂഹമായി തുടരുന്നു. സംഭവം വിവാദമായി പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് നീക്കം. സംഭവത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയവരില്‍ നിന്നും യൂട്യൂബ് ചാനല്‍ പ്രതിനിധികളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുത്തേക്കും. പുനഃപരീക്ഷ നടത്താനുള്ള സാദ്ധ്യത കുറവാണെന്നാണ് വിവരം.ഡി.ജി.പിക്കും സൈബര്‍ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരാതി നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

എസ്.എസ്.എല്‍.സിയുടെ ഇംഗ്ലീഷ്, പ്ലസ് വണിലെ മാത്തമാറ്റിക്‌സ് പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.ഗൗരവമുള്ള സംഭവമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വകുപ്പുതല നടപടിയെക്കുറിച്ച് ആലോചിക്കാന്‍ അടുത്ത ദിവസം ഉന്നതതല യോഗം ചേരും. അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ ക്ലാനിക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, പരീക്ഷ റദ്ദാക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ് പറഞ്ഞു. പരീക്ഷ റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‌യു നീങ്ങും. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് എസ് പി ക്കും എസ് പി ക്കും ഗവര്‍ണര്‍ക്കും കെഎസ്‌യു പരാതി നല്‍കി. ആദ്യമായിട്ടല്ല ചോദ്യ പേപ്പര്‍ ചോരുന്നത്. മുമ്പും ചോര്‍ന്നിട്ടുണ്ട്.

എം എസ് സൊല്യൂഷന്‍ പോലെയുള്ള ട്യൂഷന്‍ സെന്ററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി വിജിലന്‍സ് അന്വേഷണം നടത്തണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബ് പണം മുടക്കി ചോദ്യം ചോര്‍ത്തുകയാണെന്നും വിടി സൂരജ് ആരോപിച്ചു.

ഷുഹൈബ് വിവിധ ട്യൂഷന്‍ സെന്ററുകളില്‍ ഇടനിലക്കാരെ വെച്ച് ചോദ്യപേപ്പര്‍ നല്‍കാം എന്ന് പറഞ്ഞു പണം വാങ്ങുകയാണ്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെയും ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമുകളെയും സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം. പരീക്ഷക്ക് മുമ്പായി ചോദ്യം വിശകലനം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ നടപടി നിര്‍ത്തണം. വിദ്യാഭ്യാസ വകുപ്പിലെ മേളകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളാണ്.

ഡി ഡി ഇ ഉള്‍പ്പെടെയുള്ളവര്‍ മുമ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. പരീക്ഷ റദാക്കിയില്ലെങ്കില്‍ സമരത്തിലേക്ക് പോകും. എം എസ് സൊല്യൂഷനില്‍ അശ്ലീല ഉള്ളടക്കം ഉണ്ടായിട്ടും അത് കണ്ടെത്താനോ, നടപടി എടുക്കാനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ലെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും വിടി സൂരജ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് വിജിലന്‍സ് എസ്പിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയത്.