- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ അവശനിലയില്‍ ജയിലില്‍ കാണുന്നത് വരെ ഞാന്‍ അങ്ങനെയായിരുന്നു; കേസ് പഠിച്ചപ്പോഴാണ് ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത്; ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്: തന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ
തന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍, ദിലീപ് നിരപരാധിയാണെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുറന്നടിച്ചത് വിവാദമായത്. ജയിലില്‍, ദിലീപിന്റെ അവശനില കണ്ട് താന്‍ ചില സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും തന്റെ യുടൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍, അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഒരുയൂട്യൂബ് ചാനലിലൂടെ നല്‍കിയിരിക്കുകയാണ് മുന്‍ ഡിജിപി.
'ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഞാന്‍ സഹായിച്ചതില്‍ ഒരുപാട് വിവാദങ്ങള്‍ വന്നിരുന്നു. അദ്ദേഹം ഒരു വിഐപി ആയതുകൊണ്ടാണ് ഞാന്‍ അതൊക്കെ ചെയ്തതെന്ന തരത്തിലായിരുന്നു വിവാദം. ആ സമയത്ത് ഞാനും ദീലീപും തമ്മില്‍ സാമ്പത്തികപരമായി ബന്ധമുണ്ടെന്ന തരത്തിലുളള സംസാരം വന്നു. ഞാന്‍ അദ്ദേഹത്തിന്റെ പക്ഷമാണെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
വിഐപി ആയതുകൊണ്ടാണ് ദിലീപിന് ഞാന്‍ കരിക്ക് കൊടുത്തത് , മെത്ത കൊടുത്തത് , പ്രത്യേക ഭക്ഷണം കൊടുത്തത് എന്നൊക്കെയുളള അപവാദം എനിക്ക് കേള്‍ക്കേണ്ടി വന്നു. ഞാനും ദിലീപും തമ്മില്‍ ബന്ധമുണ്ട്, പൈസ വാങ്ങി എന്നൊക്കെയുള്ള ആരോപണങ്ങളും കേട്ടു, ഒരു വാട്‌സാപ്പ് ചാറ്റ് തന്നെ പുറത്തുവന്നു. സത്യത്തിന്റെ, ദിലീപിന്റെ പക്ഷത്താണ് ഞാന്‍, അയാള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്. ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തില്‍ പറയണമല്ലോ, അതാണ് പറഞ്ഞത്.
ചാനലിലൂടെ ഇതൊക്കെ വെളിപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ഇതൊക്കെ പറയണോയെന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീരാന്‍ കാത്ത് നില്‍ക്കണോയെന്നായിരുന്നു ആലോചന. എന്നാല്‍ ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം, തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും, അതുകൊണ്ട് ഉള്‍വിളി വന്നപ്പോള്‍ ആണ് ഞാന്‍ തുറന്ന് പറഞ്ഞത്.
വെളിപ്പെടുത്തലിന് പിന്നാലെ എന്നെ ചോദ്യം ചെയ്യും , ഞാന്‍ കേസില്‍ പ്രതിയാകും എന്നൊക്കെ കേട്ടു. പക്ഷെ ഒന്നും ഉണ്ടായില്ല. കാരണം ഞാന്‍ പറഞ്ഞത് സത്യമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്റെ മുന്‍പില്‍ വരുന്ന കേസുകളിലെല്ലാം തന്നെ മറുഭാഗം ഞാന്‍ കാണും, ഇരയുടേയും പ്രതിയുടേയും ഭാഗത്ത് നിന്ന് നോക്കിയാലേ കുറ്റത്തെ കുറിച്ചുള്ള പൂര്‍ണ ചിത്രം കിട്ടൂ എന്ന ബോധ്യം എനിക്കുണ്ട്. ദിലീപിന്റെ കേസിലും അതാണ് ഞാന്‍ സ്വീകരിച്ചത്.
ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഞാന്‍ അവള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ദിലീപിനെ അവശനിലയില്‍ ജയിലില്‍ കാണുന്നത് വരെ ഞാന്‍ അങ്ങനെ തന്നെയാണ് നിന്നത്. കേസിനെ കുറിച്ച് പഠിച്ചപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ഡിഐജിയാണ് പറഞ്ഞത്, ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന്, അവിശ്വസനീയമായിരുന്നു അത്.
ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു. ഞാന്‍ പറയുന്നത് ശരിയാണെന്ന് അവര്‍ക്കറിയാം. പക്ഷെ അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കേസ് നടക്കട്ടെ എന്ന മട്ടിലാണ്. അതുകൊണ്ടാണ് എനിക്ക് എതിരെ യാതൊരു നടപടിയും ഉണ്ടാകാതിരുന്നത്',ശ്രീലേഖ പറഞ്ഞു.
മാധ്യമങ്ങളെ പ്രലോഭിപ്പിച്ച് പലരും തനിക്കെതിരെ കളളവാര്‍ത്തകള്‍ കൊടുത്തിട്ടുണ്ടെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നത് ഇഡിയെ ഭയന്നിട്ടാണെന്നുവരെ പലരും പറഞ്ഞുണ്ടാക്കിയെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുത്തപ്പോഴും പലതും പറഞ്ഞുണ്ടാക്കി. ഇഡിയെ പേടിച്ചാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് പറഞ്ഞു. എങ്ങനെയാണ് ഇങ്ങനെ പറയുന്നത്. എനിക്കാരെയും പേടിക്കേണ്ട ആവശ്യമില്ല'- അവര്‍ പങ്കുവച്ചു.
സമൂഹത്തിലെ സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചും ശ്രീലേഖ പറഞ്ഞു. 'സൈന്യത്തിലും പൊലീസിലും പോലും തുല്യത ഇല്ല. ഇനിയും തുല്യത ഉണ്ടായിട്ടില്ല. സര്‍വ്വീസില്‍ ഇരുന്ന സമയത്ത് അങ്ങനെ ഉണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ വനിത ഐപിഎസ് ഉദ്യോഗസ്ഥയായാണ് ഞാന്‍ കോട്ടയത്ത് എഎസ്പിയായി ചുമതലയേല്‍ക്കുന്നത്. എന്നെ സ്വീകരിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റിന് ചതുര്‍ത്ഥിയായിരുന്നു. പക്ഷെ മാദ്ധ്യമങ്ങളാണ് എന്നെ പിന്തുണച്ചത്. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു മാദ്ധ്യമങ്ങള്‍. പക്ഷെ,എന്നില്‍ അസൂയ ഉളള ചില ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളെ പ്രലോഭിപ്പിച്ച് എനിക്കെതിരെ കളളവാര്‍ത്ത ഉണ്ടാക്കാന്‍ തുടങ്ങി. തെറ്റാണെന്ന് പറഞ്ഞിട്ട് പോലും ആരും അംഗീകരിച്ചില്ല. എന്നെ അഴിമതിക്കാരിയാക്കിയും ക്രിമിനലുമായി മോശം ബന്ധമുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകള്‍ കെട്ടിചമയ്ക്കാന്‍ തുടങ്ങി. അതോടെ മാദ്ധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങി'- ശ്രീലേഖ വ്യക്തമാക്കി.