തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് മുറിയുമായി ബന്ധപ്പെട്ട് വി.കെ. പ്രശാന്ത് എം.എല്‍.എയുമായി നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കിടെ, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ തന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനം ഒരു ചെറിയ മുറിയില്‍ ആരംഭിച്ചു. എം.എല്‍.എയെ ലക്ഷ്യം വെച്ചുള്ള പരോക്ഷ വിമര്‍ശനങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ശ്രീലേഖ ഈ വിവരം അറിയിച്ചത്.

കഷ്ടിച്ച് 70-75 സ്‌ക്വയര്‍ ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള 'മുറിയെന്ന് പറയാന്‍ കഴിയാത്ത ചെറിയ ഒരിടം' എന്നാണ് ശ്രീലേഖ തന്റെ പുതിയ ഓഫീസിനെ വിശേഷിപ്പിച്ചത്. ഭാരതാംബയുടെ ചിത്രം കസേരയില്‍ വെച്ച് വിളക്ക് കൊളുത്തിയാണ് ഓഫീസ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന് ചുറ്റും 'ടണ്‍ കണക്കിന് മാലിന്യം' കുമിഞ്ഞുകൂടിയിട്ടുണ്ടെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇത്തരം പരിമിതമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാനാകുമെന്നും, ഇന്ന് ഉച്ചവരെ 18 പേരെ സഹായിച്ചതില്‍ തനിക്ക് തൃപ്തിയുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. മാലിന്യം നിറഞ്ഞ ചുറ്റുപാടുകള്‍ വ്യക്തമാക്കുന്ന വീഡിയോയും അവര്‍ പങ്കുവെച്ചിരുന്നു.

'ഇത്തിരിപ്പോന്ന മുറി, ടണ്‍ കണക്കിന് മാലിന്യം'

രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ശ്രീലേഖ തന്റെ പ്രതിഷേധവും പരിഹാസവും കലര്‍ന്ന നിലപാട് വ്യക്തമാക്കിയത്. 'മുറിയെന്ന് പറയാന്‍ പോലും കഴിയാത്ത ചെറിയ ഒരിടമാണിത്. പക്ഷേ ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം' - ശ്രീലേഖ കുറിച്ചു.

ഓഫീസിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്ന് വീഡിയോ സഹിതം ശ്രീലേഖ ആരോപിക്കുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ പരാജയമാണ് ഇതിലൂടെ അവര്‍ ചൂണ്ടിക്കാണിക്കുന്നത്.


എംഎല്‍എയും മുന്‍ ഡിജിപിയും തമ്മിലുള്ള 'സൗഹൃദ' പോര്

ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് കൗണ്‍സിലറുടെ ഓഫീസും വി.കെ. പ്രശാന്ത് എം.എല്‍.എയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി വി.കെ. പ്രശാന്ത് എം.എല്‍.എയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. എന്നാല്‍, കോര്‍പ്പറേഷന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം തനിക്ക് വാടകക്ക് നല്‍കിയിട്ടുള്ളതാണെന്നും, മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും, അതിനാല്‍ ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് എം.എല്‍.എ സ്വീകരിച്ചത്. താന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങള്‍ ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു വിഷയത്തില്‍ ആര്‍. ശ്രീലേഖയുടെ ആദ്യ പ്രതികരണം.

ആര്‍.ശ്രീലേഖയ്ക്ക് എതിരെ പരാതി

അതിനിടെ, കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അനുമതിയില്ലാതെ അതിക്രമിച്ചു കയറി ഓഫീസ് സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും മുറി ഒഴിപ്പിക്കാന്‍ നീക്കം നടത്തിയെന്നുമാണ് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയം പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തെ ചൊല്ലിയാണ് വിവാദം. ഈ കെട്ടിടത്തില്‍ തനിക്ക് ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട ശ്രീലേഖ, കോര്‍പ്പറേഷന്റെ യാതൊരുവിധ അനുമതിയുമില്ലാതെ അവിടെയുണ്ടായിരുന്ന മുറി ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.