തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴു വയസ്സുകാരി മരിച്ചതോടെ വാക്‌സിനുകളുടെ സുരക്ഷിതത്വം അടക്കം സാമൂഹ്യമ മാധ്യമങ്ങളില്‍ ചര്‍ച്ചകളാകുന്നുണ്ട്. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അലംഭാവം കാണിക്കുന്നതുമാണ് പേവിബാധാ മരണങ്ങല്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്.

കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് പേവിഷബാധയിലെ ഒടുവിലത്തെ ഇരയായത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു. മൂന്നു ഡോസ് വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായതില്‍ ആരോഗ്യവകുപ്പിനെതിരേ വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് കുട്ടിയുടെ മരണം.

കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്. മുറ്റത്തെ താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ. താറാവിനെ രക്ഷിക്കാന്‍ കുട്ടി അടുത്തേക്ക് ഓടിയെത്തിയതോടെ കൈമുട്ടിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവെപ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഏപ്രില്‍ 9-നാണ് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേ വിഷബാധയേറ്റ് മരിക്കുന്നത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു. ഏപ്രില്‍ 29-ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) സമാനമായ പേവിഷ ബാധയേറ്റ് മരിച്ചു.

ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവെയ്‌പ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്നുമാസത്തിന് ശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്.

ഈ വര്‍ഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 13 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ ആറുമരണങ്ങളും ഏപ്രിലിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ക്കാണ് പേവിഷബാധമൂലം ജീവന്‍ നഷ്ടമായത്. അതേസമയം, വാക്‌സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് പറയുന്നത്. വ്യത്യസ്ത ബാച്ചുകളിലുള്ളവയും സുരക്ഷിതമായി സൂക്ഷിച്ചിരുന്നതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേര്‍. 2023 ല്‍ 25 പേര്‍. 2024 ല്‍ 26 പേര്‍. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്‌സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യ മിനിറ്റുകള്‍ അത്യധികം പ്രധാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്‌സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.