ലണ്ടന്‍: ബ്രിട്ടനിലെ ലിങ്കണ്‍ഷെയറിന് അടുത്ത ഗ്രന്‍ഥം എന്ന ചെറു പട്ടണത്തില്‍ മലയാളി നഴ്‌സിന് നേരെ വംശീയ ആക്രമണം. മൂന്ന് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ നിലമ്പൂര്‍ സ്വദേശിനിയായ ട്വിങ്കില്‍ സാമും ഭര്‍ത്താവ് സനു തറായതുമാണ് ശനിയാഴ്ച വൈകിട്ട് ഷോപ്പിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ പ്രദേശവാസിയായ യുവതിയുടെ ശകാരത്തിനും ശാരീരിക ആക്രമണത്തിനും വിധേയരായത്. പൊതുവെ ശാന്തമായ ഗ്രന്‍ഥമില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതു പ്രദേശത്തെ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ഓള്‍ഡാം ഹോസ്പിറ്റലില്‍ ജോലിക്കിടെ മലയാളി നഴ്സ് അച്ചാമ്മ ചെറിയാന് കുത്തേറ്റതും അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മാനസിക രോഗിയില്‍ നിന്നും നഴ്സ് ആയ ലീലാമ്മ ലാലിനും ആക്രമണം ഉണ്ടായതിന്റെ ഞെട്ടല്‍ ലോകമെങ്ങും മലയാളി നഴ്‌സിംഗ് സമൂഹത്തെ വേട്ടയാടവേയാണ് യുകെയില്‍ നിന്നും മറ്റൊരു ആക്രമണ വാര്‍ത്ത പുറത്തു വരുന്നത്. മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ട്വിങ്കിള്‍ ഗ്രന്‍ഥം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നതിനിടയില്‍ ഒരിക്കലും വംശീയ ചുവയുള്ള സംസാരം പോലും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ നേരിടേണ്ടി വന്ന ശാരീരിക ആക്രമണം വല്ലാത്ത മാനസിക പ്രയാസമായി മാറിയിരിക്കുകയാണ്.

പ്രകോപനമില്ലാത്ത പൊടുന്നനെയുള്ള ആക്രമണം

ശനിയാഴ്ചത്തെ ഷോപ്പിംഗിന്റെ ഭാഗമായി വീട്ടുസാധനങ്ങളും വെയില്‍ തെളിഞ്ഞതോടെ മുറ്റത്ത് നടാനായി അസ്ദയില്‍ നിന്നും വാങ്ങിയ ചെടികളും ഒക്കെയായി ഇരുകൈകളിലും നിറയെ സാധനങ്ങളുമായി അഞ്ചു മിനിറ്റ് ദൂരത്തേക്കുള്ള വീട്ടിലേക്ക് നടക്കുമ്പോഴാണ് ട്വിങ്കിളിനും സാനുവിനും വംശീയ ആക്രമണം നേരിടേണ്ടി വന്നത്. വീട്ടു വിശേഷം പറഞ്ഞു നടക്കുന്നതിനിടയില്‍ വൈകിട്ട് ഏഴേ മുക്കാലോടെയാണ് സംഭവം നടക്കുന്നത്. എതിരെ നടന്നു വന്ന യുവതിയെ കണ്ടു ട്വിങ്കിലും സാനുവും വഴി മാറി കൊടുത്തുവെങ്കിലും നേര്‍ക്ക് നേര്‍ വന്ന യുവതി ഒരു പ്രകോപനവും കൂടാതെ കടുത്ത വംശീയ ചുവയുള്ള വാക്കുകള്‍ കൊണ്ട് ശകാരം തുടങ്ങുക ആയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുന്‍പ് തന്നെ യുവതി ട്വിങ്കിളിനെയും സാനുവിനെയും പിടിച്ചു തള്ളുകയും ചെയ്തു.

പ്രതീക്ഷിക്കാത്ത ആക്രമണം ആയിരുന്നതിനാല്‍ കൈയിലെ ബാഗുകള്‍ ട്വിങ്കിളിന്റെ കൈയില്‍ നിന്നും തെറിച്ചു വീഴുകയും കാല്‍ ഇടറി വീഴുകയും ആയിരുന്നു. നല്ല കട്ടിയുള്ളതും അകത്തു പല ലെയറുകള്‍ ഉള്ള ജാക്കറ്റ് ധരിച്ചിട്ടും ട്വിങ്കിളിന് കൈമുട്ട് ചതഞ്ഞു തൊലി ഉരഞ്ഞുള്ള പരിക്കുണ്ട്. കൈക്കുഴയ്ക്കും പരിക്കുണ്ട്. വീഴാതെ പിടിച്ചു നിന്നതിനാല്‍ സാനുവിന് ശരീരത്തില്‍ പരുക്കേറ്റിട്ടില്ല. ശരീരത്തിനേറ്റ പരുക്കിനേക്കാള്‍ മാനസികമായ ഷോക്കാണ് ഇപ്പോള്‍ അലട്ടുന്നതെന്നു ട്വിങ്കിള്‍ പറയുന്നു. ഗ്രന്‍ഥം എന്ന സ്ഥലം ഇഷ്ടപ്പെട്ടതിനാല്‍ ഇവിടെ തന്നെ വീട് വാങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ തന്നെ ഇത്തരം ഒരു ദുരനുഭവം ഉണ്ടായതു വല്ലാത്ത പ്രയാസമായി എന്നും ട്വിങ്കിള്‍ സൂചിപ്പിച്ചു. ട്വിങ്കിലും സാനുവും ആക്രമിക്കപ്പെട്ടതറിഞ്ഞു ഒട്ടേറെ മലയാളി സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കാനെത്തിയത് ഇരുവര്‍ക്കും ആശ്വാസമായിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസിന്റെ ഉരുണ്ടുകളി, ജോലി സ്ഥലത്തെത്തി ഇന്ന് പരാതി നല്‍കും, സ്ഥലം എംപിക്കും പരാതി

ശാരീരിക ആക്രമണം നേരിട്ടാല്‍ ഉടന്‍ സഹായവുമായി എത്തുന്ന ബ്രിട്ടനിലെ പോലീസ് രീതികള്‍ക്ക് വിരുദ്ധമായി ശനിയാഴ്ചത്തെ ആക്രമണത്തില്‍ പോലീസ് ഉരുണ്ടുകളിക്കുന്ന സമീപനം സ്വീകരിക്കുന്നതായി സംശയം. ആക്രമണം ഉണ്ടായ ഉടന്‍ പോലീസിനെ വിളിച്ച ശേഷം ട്വിങ്കിലും സാനുവും യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു പോലീസിനെ അറിയിക്കുന്നുണ്ടായിരുന്നു.

ആക്രമണ ശേഷം ഒന്നിലേറെ പബുകളിലും അസ്ദയിലും ഒക്കെ എത്തിയ യുവതി സാനുവിനെയും ട്വിങ്കിളിനെയും സഹായിക്കാന്‍ മലയാളികള്‍ പലരും എത്തിയതോടെ പൊടുന്നനെ അപ്രത്യക്ഷയാവുക ആയിരുന്നു. ആക്രമണ ശേഷം പോലീസ് എത്തുന്നതും കാത്തു നിന്ന ദമ്പതികളോട് തങ്ങള്‍ കേസ് മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കും എന്ന മറുപടിയാണ് ലിങ്കണ്‍ഷെയര്‍ പോലീസില്‍ നിന്നും ലഭിച്ചത്. മാത്രമല്ല കേസിന്റെ റെഫറന്‍സ് നമ്പര്‍ ചോദിച്ചപ്പോള്‍ സിസ്റ്റം ഡൗണ്‍ ആണെന്നും മറുപടി നല്‍കി. ഇതിനു ശേഷം ഇന്നലെ ഉച്ചവരെ പോലീസില്‍ നിന്നും ആരും ഇവരെ ബന്ധപ്പെട്ടിട്ടുമില്ല.

ഇതോടെ സ്ഥലം എംപിയായ ഗാരെത് ഡേവിസിനെ ഇമെയില്‍ മുഖേനെ സംഭവങ്ങള്‍ അറിയിച്ചിരിക്കുകയാണ് ട്വിങ്കിലും സാനുവും. ഇന്ന് ജോലി സ്ഥലത്തെത്തി സ്പീക്ക് അപ്പ് ഗാര്‍ഡിയന്‍ അടക്കമുള്ള വംശീയതയ്ക്ക് എതിരെ നടപടിയെടുക്കുന്ന ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ട്വിങ്കിള്‍. ജോലി സ്ഥലത്തു വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍, ഡെപ്യുട്ടി മാനേജര്‍ എന്നിവരൊക്കെ നേരിട്ട് വിളിച്ചു സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇനിയാര്‍ക്കും ഇത്തരം ആക്രമണം ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ് സാധ്യമായ ഇടങ്ങളില്‍ ഒക്കെ പരാതി നല്‍കുന്നതെന്നും ട്വിങ്കിള്‍ കൂട്ടിച്ചേര്‍ത്തു.

ന്യുകാസിലിലും മലയാളി ചെറുപ്പക്കാര്‍ക്ക് വംശീയ ആക്രമണ ഭീഷണി

ന്യുകാസിലില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സ്റ്റുഡന്റ് വിസയില്‍ ഉള്ള വിദ്യാര്‍ത്ഥിക്ക് വംശീയ ആക്രമണം നേരിടേണ്ടി വന്നത്. ഒരു കടയില്‍ ജോലിക്കെത്തിയ വിദ്യാര്‍ത്ഥിക്ക് ആദ്യ ആഴ്ചയില്‍ തന്നെ വംശീയ ആക്രമണത്തിന് ഇരയായ കേസില്‍ പോലീസ് ഉടനെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്ഥിരം കുറ്റവാളി എന്ന് മുദ്രകുത്തപ്പെട്ട വ്യക്തിയാണ് എവിടെ നിന്നോ മോഷ്ടിച്ച ഹെഡ് ഫോണ്‍ വില്‍ക്കാനുള്ള ശ്രമത്തില്‍ കടയില്‍ ജോലിക്ക് നിന്നിരുന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. പോലീസ് ചോദ്യം ചെയ്യവെ കടയില്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് എത്തിയതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.

യുവാവിന്റെ പെരുമാറ്റത്തില്‍ ഭയന്ന് പോയ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രോശിച്ച യുവാവ് മിട്ടായി പാക്കറ്റുകള്‍ മുഖത്തേക്ക് വലിച്ചെറിയുക ആയിരുന്നു, കടയിലെ ജീവനക്കാരനെ വെടിവച്ചു കടയിലെ പണവുമായി കടക്കുക എന്നായിരുന്നു ലക്ഷ്യം എന്നും ഇയാള്‍ പിന്നീട് സമ്മതിച്ചു. 25 കേസുകളിലായി 45 കുറ്റകൃത്യം നടത്തിയ ഇയാളെ പിന്നീട് കോടതി റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുക ആയിരുന്നു. ഏറെ സന്തോഷത്തോടെ താന്‍ എത്തിയ പട്ടണം പിന്നീട് തന്നെ ഭയപ്പെടുത്തുക ആയിരുന്നു എന്നാണ് വിദ്യാര്‍ത്ഥി പോലീസിനെ അറിയിച്ചത്.

യുകെയില്‍ വംശീയ ആക്രമണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തീവ്ര വലതു പക്ഷ പാര്‍ട്ടി വേരുറപ്പിക്കുന്ന സാഹചര്യത്തില്‍ കൂടിയാകാം എന്ന ആശങ്കയും ശക്തമാകുന്നുണ്ട്. വംശീയത പറഞ്ഞാല്‍ കയ്യടി കിട്ടും എന്ന് ഉറപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉള്ളപ്പോള്‍ അഴിഞ്ഞാടാന്‍ ജനങ്ങളില്‍ ഒരു വിഭാഗം തയ്യാറാകും എന്ന് ബ്രിട്ടനില്‍ സമീപകാല സംഭവങ്ങള്‍ തെളിയിച്ചതുമാണ്.

ഇപ്പോള്‍ അത്തരം അക്രമങ്ങളുടെ ഇരകളാകാന്‍ മലയാളികള്‍ക്കും സാഹചര്യം ഒരുങ്ങുമ്പോള്‍ കുടിയേറ്റ നിരക്ക് അകാരണമായി കൂടിയെന്ന തദ്ദേശീയരുടെ പരാതികള്‍ക്ക് ആദ്യം കേള്‍വിക്കാരാകേണ്ടി വരുന്നതും മലയാളികള്‍ തന്നെയാണ്. തൊഴില്‍ ഇടങ്ങളിലും മറ്റും തദ്ദേശീയരുടെ ഇത്തരം പരാതികള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ നിസ്സഹായത്തോടെ അതില്‍ പങ്കാളികളാവുക എന്നതേ മലയാളികള്‍ക്ക് സാധിക്കുന്നുള്ളൂ എന്നതും അടുത്തകാലത്തായി രൂപപ്പെട്ടിരിക്കുന്ന ട്രെന്‍ഡ് ആയിരിക്കുകയാണ്.