ടെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്താക്രമണത്തില്‍ ഇറാന്റെ മനോനില തെറ്റിയെന്ന സൂചനകളാണ് പുറത്തു വരുന്നത്. യുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ബ്രിട്ടന്റെ സൈപ്രസ്സിലുള്ള വ്യോമസേനാ ആസ്ഥാനത്തും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രാദേശിക സമയം പാതിരാത്രി പന്ത്രണ്ട് മണിയോടെയാണ് ലിമാസോളിലുള്ള അക്രോട്ടിരി വ്യോമസേനാസ്ഥനത്ത് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങളില്‍ മാത്രമെ ആക്രമണം നടത്തുകയുള്ളു എന്ന് പറഞ്ഞിരുന്ന ഇറാന്‍ ചില സിവിലിയന്‍ വിമാനത്താവളങ്ങളെയും വിനോദ സഞ്ചാരകേന്ദ്രങ്ങളെയും ആക്രമിച്ചത് സൗദിയും യു എ ഇയും ഉള്‍പ്പടെയുള്ള അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കുകയില്ലെന്ന് പറഞ്ഞ രാജ്യങ്ങളാണിവ.

ഏകദേശം 2000 ഓളം സൈനികരും അവരുടെ കുടുംബങ്ങളുമാണ് സൈപ്രസ്സിലെ ബ്രിട്ടീഷ് വ്യോമസേന ആസ്ഥാനത്തുള്ളത്. ഇവരെ ലക്ഷ്യം വെച്ചായിരുന്നു ഇറാന്റെ ആക്രമണം. ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്നതിനുള്ള പ്രതിരോധത്തിനായി മാത്രം ബ്രിട്ടീഷ് സൈനിക ആസ്ഥാനങ്ങള്‍ ഉപയോഗിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം നടന്നത്. ബ്രിട്ടീഷ് സൈന്യം ഡ്രോണ്‍ ആക്രമത്തെ ഫലപ്രദമായി പ്രതിരോധിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സൈപ്രസ്സിലെ ബ്രിട്ടീഷ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന ചില വീഡിയൊ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവരുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്കയോടൊപ്പം ചേരാനുള്ള വൈമുഖ്യം പരസ്യമായി പ്രകടിപ്പിച്ച രാജ്യമാണ് ബ്രിട്ടന്‍. എന്നാല്‍, ഇപ്പോഴത്തെ ഇറാന്റെ ആക്രമണം ബ്രിട്ടനെ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഭൗമരാഷ്ട്രീയ നിരീക്ഷകര്‍. അതിനിടെ, വടക്കന്‍ ഇസ്രയേലിലെ ഹൈഫ സൈനികാസ്ഥാനത്ത് നടന്ന ഡ്രോണ്‍ - റോക്കറ്റ് ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി ഇറാന്‍ ആസ്ഥാനമായുള്ള ഭീകരവാദി സംഘടനയായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു. അതിനിടെ, മദ്ധ്യപൂര്‍വ്വേഷ്യയിലെ സുഹൃദ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നാല്‍, പ്രതിരോധിക്കാന്‍ എത്തുമെന്ന് ഫ്രാന്‍സും ജര്‍മ്മനിയും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഹോര്‍മുസില്‍ ബ്രിട്ടീഷ് ടാങ്കറും ഇറാന്‍ തകര്‍ത്തു

മതനേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മരണത്തോടെ തികച്ചും ഭ്രാന്തമായ രീതിയിലാണ് ഇറാന്‍ പ്രതികരിക്കുന്നതെന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. യുദ്ധത്തില്‍ പങ്കാളികള്‍ അല്ലാത്ത രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം അഴിച്ചു വിടുകയാണ് സൈപ്രസ്സിലെ ബ്രിട്ടീഷ് വ്യോമസേനാ താവളം ആക്രമിച്ചതിനു ശേഷം ഇന്നലെ ഹോര്‍മൂസ് കടലിടുക്കിലും, പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമായി ബ്രിട്ടന്റെയും അമേരിക്കയുടെയും മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ റെവലൂഷണറി ഗാര്‍ഡാണ് ആക്രമണം അഴിച്ചു വിട്ടത്.

ടാങ്കറുകളില്‍ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ശത്രുക്കളുടെ നേര്‍ക്കുള്ള ആക്രമണത്തിന്റെ ഭാഗമായി ബ്രിട്ടന്റെയും അമേരിക്കയുടെയും ടാങ്കറുകള്‍ ആക്രമിച്ച കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയും ബ്രിട്ടനും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോകത്തിലെ എണ്ണ - പ്രകൃതിവാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹൊര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ പോകരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇറാന്റെയും ചൈനയുടെയും ചില കപ്പലുകള്‍ ഇന്നലെയും അതുവഴി യാത്ര ചെയ്തിരുന്നു. ഈ ജലപാത അടച്ചതോടെ എണ്ണവില ഉയരാനും അതുവഴി പണപ്പെരുപ്പമുണ്ടാകാനും ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ പദ്ധതിയുമായി ബ്രിട്ടന്‍

ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മദ്ധ്യ പൂര്‍വ്വ ദേശങ്ങളില്‍ കുടുങ്ങിപ്പോയ 94,000 ഓളം ബ്രിട്ടീഷുകാരെ അവിടെ നിന്നും ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ വന്‍ പദ്ധതി തയ്യാറാക്കുകയാണ് ബ്രിട്ടന്‍. ചുരുങ്ങിയത് 2 ലക്ഷം ബ്രിട്ടീഷുകാരെങ്കിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഉണ്ടെന്നാണ് കണക്കാക്കുന്നത്. സിവിലിയന്‍ മേഖലകളിലും ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചതോടെ ഇവരെയും ഒഴിപ്പേണ്ടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ പ്രദേശത്ത് കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരോട് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി റെജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ 94,000 പേര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത് വരെ സുരക്ഷിത സ്ഥലങ്ങളില്‍ തുടരാനും, പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.