- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത് ; എക്‌സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു; മയക്കുമരുന്ന് കേസില്‍ ആരോപണവുമായി യുവതിയുടെ വീഡിയോ; റഫീന ലഹരി ഉപയോഗിച്ചിരുന്നെന്ന് എക്സൈസും
മയക്കുമരുന്ന് കേസില്‍ ആരോപണവുമായി യുവതിയുടെ വീഡിയോ
കണ്ണൂര്‍: കണ്ണൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച സംഭവത്തില്‍ പിടിയിലായ യുവതി തളിപ്പറമ്പ് എക്‌സൈസിന് എതിരെ ആരോപണവുമായി രംഗത്തെത്തി. മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ചത് എക്‌സൈസ് ഉദ്യോഗസ്ഥരാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ റഫീന ആരോപിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും റഫീന ആരോപിക്കുന്നുണ്ട്.
റഫീനയുടെ വാക്കുകള്‍
'എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വീഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് ജോലി കൊടുക്കുന്നതെന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും എന്റെ പേരില്‍ ഒരു കേസുമില്ല. കുറേ പേര്‍ കമന്റ് ഇട്ടിട്ടുണ്ട് ഞാന്‍ ജയിലിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്‌സ് ചെയ്യാന്‍ മടിയില്ല, കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ വീട്ടില്‍ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്. വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാന്‍ ഒരു പേടിയുമില്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം ഞാന്‍ പേടിക്കേണ്ട കാര്യമുള്ളു. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എന്റെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വീഡിയോ കണ്ടു. എല്ലാവരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാന്‍ഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാന്‍. ഇതിന്റെ സത്യം അറിയും വരെ ഞാന്‍ ഇതിന്റെ പിറകില്‍ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്‌സൈസുകാരല്ല ആരു തന്നെ ആണ് ഇതിന്റെ പിന്നിലെങ്കിലും ഞാന്‍ ഇതിന്റെ പിറകില്‍ തന്നെ ഉണ്ടാകും.
ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്റെ പേരു പോലും പറയാന്‍ ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്‌സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്‌സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ ഒന്നും ചെയ്യാത്തത്. ഇവര്‍ക്ക് വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്റെ കമന്റില്‍ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.''
എക്‌സൈസിന്റെ മറുപടി
റഫീനയുടെ വാദം പൂര്‍ണമായും തള്ളിയിരിക്കുകയാണ് എക്‌സൈസ്. റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവു മാത്രമായതു കൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് വിശദീകരിച്ചു
തീര്‍ത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി നാലുപേര്‍ പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37) ഇരിക്കൂര്‍ സ്വദേശിനി റഫീന (24 )കണ്ണൂര്‍ സ്വദേശിനി ജസീന ( 22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റൂബുകളും ലാമ്പുകളും പിടികൂടി.
യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വിട്ടില്‍ നിന്നും ഇറങ്ങി പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ലോഡ്ജിലാണെന്ന് മനസിലാക്കിയത്. ഇവര്‍ക്ക് ലഹരി നല്‍കിയതിനു പിന്നില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് എക്സൈസ് അന്വേഷിച്ചുവരികയാണ്.
അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ വി.വി.ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവവെന്റ്‌റീവ് ഓഫീസര്‍മരായ നികേഷ് , ഫെമിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജിത്ത്, കലേഷ്, സനെഷ്, പി. വി. വിനോദ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജിത എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു. പിടിയിലായവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് പറഞ്ഞു.. ഇവര്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് കിട്ടുന്നതെന്ന് അന്വേഷിച്ചു വരികയാണ്. നേരത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ ലോഡ്ജില്‍ മുറിയെടുത്ത് ഡി.ജെ. പാര്‍ട്ടി നടത്തിയ യുവതി - യുവാക്കളെ പൊലിസ് പിടികൂടിയിരുന്നു.