ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍.എസ്.എസിനെതിരായ പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്ന് ലോക്‌സഭ സ്പീക്കര്‍ നീക്കിയത്.

അതിനിടെ രാഹുലിന് പിന്തുണയുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഗ്‌നിവീര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങി രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും സജീവമാണ്. സര്‍ക്കാര്‍ പുതിയതായിരിക്കും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗത്തിനിടെ തന്നെ അമിത് ഷാ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇന്നലെ രാത്രിയില്‍ സ്പീക്കറെ കണ്ട ബി.ജെ.പി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവര്‍ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു.

ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി നിര്‍ഭയത്വവും അഹിംസയുമാണ് ശിവന്‍ പഠിപ്പിച്ചതെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. കഴുത്തിലുള്ള സര്‍പ്പം നിര്‍ഭയത്വത്തിന്റെയും ഇടതുകൈയിലുള്ള ത്രിശൂലം അഹിംസയുടെയും നിദര്‍ശനമാണ്. എന്നാല്‍, ഹിന്ദുവെന്ന് പറയുന്നവര്‍ ഹിംസയെയും വിദ്വേഷത്തെയും വ്യാജങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കളല്ല എന്ന് ബി.ജെ.പി അംഗങ്ങളെ നോക്കി രാഹുല്‍ പറഞ്ഞു. ഹിംസയുടെ ആളുകളായതു കൊണ്ടാണ് ബി.ജെ.പി ത്രിശൂലം വലതുകൈയില്‍ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ നടത്തിയ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ മേദി രണ്ടുതവണ എഴുന്നേറ്റ് നില്‍ക്കുന്ന അപൂര്‍വ കാഴ്ചക്ക് ലോക്‌സഭ സാക്ഷ്യം വഹിച്ചു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യമെഴുന്നേറ്റത്. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാല്‍, താന്‍ സംസാരിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുല്‍ തിരിച്ചടിച്ചു.

അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയില്‍ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബിജെപി ആരോപണം.

ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തില്‍ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടി ഏറെ നിര്‍ണായകമാണ്. വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കുക.