- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ ദര്‍ശനം വിജയകരമായി; ഇനി മണ്ഡലത്തില്‍ സജീവമാകാന്‍ അയ്യന് തുണ! വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമല ദര്‍ശനത്തിനെത്തി; പാലക്കാട് ഡിസിസി നേതൃത്വത്തിന് താല്പ്പര്യക്കുറവെങ്കിലും കട്ടയ്ക്ക് കൂടെ നില്ക്കാന് ഷാഫി പറമ്പിലും അനുയായികളും; ഉറച്ച ചുവടുകളോടെ മുന്നോട്ടു പോകാന്‍ രാഹുല്‍
നിയമസഭാ ദര്‍ശന വിജയകരമായി; ഇനി മണ്ഡലത്തില്‍ സജീവമാകാന്‍ അയ്യന് തുണ!
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. ഇന്നലെ പമ്പയില്‍ നിന്നും കെട്ട് നിറച്ചു. രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ കേസിന് പോകാന്‍ തയ്യാറല്ലെന്ന് പറഞ്ഞതാണ് രാഹുലിന് ആത്മവിശ്വാസം നല്‍കുന്നത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു.
ഇതോടെ വരും ദിവസങ്ങളില്‍ പാലക്കാട് മണ്ഡലത്തിലേക്ക് രാഹുലെത്തും. പാലക്കാട് മണ്ഡലത്തിലേക്കുള്ള റീഎന്‍ട്രിക്കുള്ള മുന്നൊരുക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കത്തു നല്‍കി കൊണ്ട് രാഹുല്‍ രംഗത്തുവന്നത്, വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും എന്നതിന്റെ തെളിവാണ്.
എംഎല്‍എയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പും ആക്ടീവായിട്ടുണ്ട്. മാത്രമല്ല ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. നേരത്തേ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പഴയത് പോലെ ഇടപെട്ടിരുന്നില്ല രാഹുല്‍ മാങ്കൂട്ടത്തില്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിനിരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയും ഒപ്പംമുള്ള മന്ത്രിമാരും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടല്ലോ എന്നും അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ എന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. സിപിഎമ്മും ബിജെപിയും എതിര്‍ക്കുന്നുണ്ടെങ്കിലും ഈ ആഴ്ച തന്നെ മണ്ഡലത്തില്‍ എത്താനാണ് രാഹുല്‍ ആലോചിക്കുന്നത്. എന്നാല്‍ എതിര്‍പ്പുമയാി സിപിഎം അടക്കം രംഗത്തുണ്ട്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലയിലെത്തുന്നതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു കെപിസിസി സസ്പെന്‍ഡ് ചെയ്തതിനാല്‍ രാഹുല്‍ ഇപ്പോള്‍ സ്വതന്ത്ര എംഎല്‍എയാണ്. മണ്ഡലം എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ എത്തുന്നതില്‍ ഡിസിസി പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.
അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിച്ചാല്‍ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് കെപിസിസിയാണ് അത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ എത്തിയാല്‍ ഒപ്പമുണ്ടാകുമെന്ന് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മണ്‍സൂര്‍ മണലാഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. അതേ ചിന്താഗതിയിലാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും. ഡിസിസി നേതൃത്വത്തിന് രാഹുലിന്റെ വരവില്‍ എതിര്‍പ്പുണ്ടെങ്കിലും ഷാഫി പറമ്പിലും കൂട്ടരും കട്ടയ്ക്ക് ഒപ്പമുണ്ട്. ഇവര്‍ സജീവമായി രാഹുലിനൊപ്പമുണ്ട്.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. ഇങ്ങനെ രാഹുല്‍ എത്തിയത് തന്നെ പൂര്‍ണമായും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ്. പാര്‍ട്ടിയില്‍ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞാതും മറ്റു നേതാക്കള്‍ തനിക്കൊപ്പമുണ്ട് എന്ന സന്ദേശം നല്‍കാനാണ് രാഹുല്‍ ഉദ്ദേശിച്ചത്. അത് കൃത്യമായി നല്‍കുകയും രാഹുലിന്റെ എന്‍ട്രി സതീശന് ക്ഷീണമാകുകയും ചെയ്തു. എന്നാല്‍, താന്‍ സഭയില്‍ വരുന്നത് കൊണ്ട് പാര്‍ട്ടി പ്രതിരോധത്തില്‍ ആകരുതെന്നാണ് രാഹുലിന്റെ നിലപാട്.
നിയമസഭയില്‍ വരുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് അണികളെ ഒപ്പം നിര്‍ത്താനുള്ള നീക്കമായി വ്യാഖ്യാപിക്കപ്പെടുന്നു.
അതേസമയം കടുത്ത എതിര്‍പ്പ് തള്ളി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്റെ വരവെന്നാണ് സൂചന. ഇതോടെ രാഹുല്‍ വിവാദത്തില്‍ പാര്‍ട്ടിയിലെ സതീശന്‍ വിരുദ്ധ ചേരി കൂടുതല്‍ ശക്തമായെന്നും നിഗമനങ്ങളുണ്ട്.