തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യതയാകുന്നു. പൊതു ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന സന്ദേശം മാങ്കൂട്ടത്തിന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് കൈമാറിയിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിരോധിത്തിലാക്കുന്ന തീരുമാനം എടുക്കുകരുതെന്നും ആവശ്യപ്പെട്ടു. അടൂരിലെ വീട്ടില്‍ സന്ദേശം എത്തിക്കുകയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാണ്ട്. സമ്മര്‍ദ്ദം ശക്തമാക്കി വനിതാ നേതാക്കളും രംഗത്തു വന്നു. ഇതോടെ പാലകാട്ടെ എംഎല്‍എ സ്ഥാന രാജിയില്‍ തീരുമാനം ഷാഫി പറമ്പിലും മാങ്കൂട്ടത്തിലും ചേര്‍ന്നെടുക്കും. മാങ്കൂട്ടത്തിലിനോട് രാജിവയ്ക്കാന്‍ ഷാഫിയും നിര്‍ദ്ദേശിച്ചേക്കും. എല്ലാ അര്‍ത്ഥത്തിലും മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുകയാണ്.

മുതിന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തന്നെ രാഹുലിന്റെ രാജിക്കുവേണ്ടി സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ നേരത്തെ തന്നെ രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. തുടക്കത്തില്‍ രാഹുലിനെ പിന്തുണച്ചിരുന്ന കെ.മുരളീധരനും ഇപ്പോള്‍ നിലപാട് മാറ്റി. പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയര്‍ന്ന് 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇനി വേണ്ടത് എംഎല്‍എ പദവിയില്‍ നിന്നുള്ള രാജിയാണ്. രാഹുല്‍ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല തുറന്നുപറഞ്ഞപ്പോള്‍ രാജിവെയ്ക്കേണ്ടതില്ലെന്നായിരുന്നു കെ. മുരളീധരന്‍ ആദ്യം പറഞ്ഞത്.

എന്നാല്‍, പിന്നീട് മാറ്റി. ഇതും മാങ്കൂട്ടത്തിന് വിനയായി. ഒരു നിമിഷംപോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നാണ് ചെന്നിത്തല പറയുന്നത്. എത്രയും വേഗം രാജിവെപ്പിക്കണം. കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാവാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ തന്റെ നിലപാട് കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും ചെന്നിത്തല അറിയിച്ചു. രാഹുല്‍ പദവിയില്‍ തുടരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവരുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്. അതേസമയം, ബിജെപി. ഇടപെട്ട് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ രാജി ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വാദിക്കുന്ന ഒരു വിഭാഗം നേതാക്കളും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ഇനി ഉപതിരഞ്ഞെടുപ്പിന് സാധ്യത തീരെ കുറവാണ്. രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുല്‍ തുടരണോ എന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും കെപിഎ മജീദ് പറഞ്ഞു. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വഞ്ചിക്കുന്ന രാഹുലിന് വൈകൃതമാണെന്ന് സി.പി.എം. നേതാവ് പി.കെ.ശ്രീമതി ആരോപിച്ചു. കെ.പി.സി.സിയും ഷാഫി പറമ്പിലും ഇടപെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെക്കൊണ്ട് രാജി വെപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നതാണ് ഇക്കാര്യത്തില്‍ കെപിസിസിയുടെ നിലപാട്. പാര്‍ട്ടിയില്‍ ഷാഫി പറമ്പിലിന്റെ പിന്തുണ മാത്രമാണ് മാങ്കൂട്ടത്തിലിനുള്ളതെന്നാണ് വ്യക്തമാവുന്നത്. ആരോപണം ഉയര്‍ന്നയുടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടും കോണ്‍ഗ്രസിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി പറയുന്നു. ഈ വിഷയത്തിലൂടെ കോണ്‍ഗ്രസിനെ നീര്‍വിര്യമാക്കാമെന്നും പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാമെന്നുമാണ് സിപിഎം കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്ന് ഷാഫി പറഞ്ഞിട്ടുണ്ട്.

അതിനിടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്തുകൊള്ളുമെന്ന് മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. അത് കോണ്‍ഗ്രസ് കൈകാര്യംചെയ്യേണ്ട വിഷയമാണെന്നും അവരുടെ എല്ലാ തീരുമാനങ്ങള്‍ക്കും ലീഗിന്റെ പിന്തുണയുണ്ട്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലേയെന്ന ചോദ്യത്തിന് എല്ലാം കോണ്‍ഗ്രസ് നോക്കിക്കോളുമെന്നായിരുന്നു മറുപടി. ഇതിന്റെ പേരില്‍ യുഡിഎഫിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും യുഡിഎഫ് അതിശക്തമായി അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.