തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസ് പോലീസ് കടുപ്പിച്ചേക്കും. കേസില്‍ തെളിവുകള്‍ ലഭിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിയാക്കിയേക്കും. അല്ലാത്തപക്ഷം സാക്ഷിയാക്കും. അതിനിടെ ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ച് മറ്റൊരു കേസെടുക്കുകയും ചെയ്തു. സ്ത്രീകളെ സാമൂഹികമാധ്യമംവഴി പിന്തുടര്‍ന്ന് ശല്യംചെയ്യുക, അവര്‍ക്ക് മാനസികവേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുക, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശങ്ങളയക്കുക, ഫോണ്‍വിളിച്ചു ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. ഈ കേസില്‍ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇരയുടെ മൊഴി പോലീസിന് കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. വിശദമായ നിയമോപദേശത്തിന് ശേഷമാണ് കേസെടുത്തത്.

കേസില്‍ നേരത്തേ അറസ്റ്റുചെയ്ത മൂന്നാംപ്രതിയുടെ ഫോണില്‍നിന്ന് വാട്സാപ്പ് സന്ദേശം ഫൊറന്‍സിക് സഹായത്തോടെ തിരിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ രാഹുലിന്റെ പേര് ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. രാഹുലിനോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി നോട്ടീസ് നല്‍കി. അതേസമയം, ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് നോട്ടീസ് കിട്ടിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടെയാണ് പുതിയ കേസും വന്നത്. ഇതോടെ രാഹുലിനെ സര്‍ക്കാര്‍ നോട്ടമിട്ടുവെന്ന് വ്യക്തമായി. നേരത്തെ ഒരു കേസില്‍ രാഹുലിനെ വീട്ടില്‍ നിന്നും പുലര്‍ച്ചെ അറസ്റ്റു ചെയ്തത് വിവാദമായിരുന്നു. സ്ത്രീകളെ ശല്യം ചെയ്ത കേസില്‍ രാഹുലിനെതിരെ അപ്രതീക്ഷിതമായാണ് കേസെടുത്തത്. പോലീസ് മേധാവിക്കും സൈബര്‍ പോലീസിനും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റര്‍ചെയ്തത്. അദ്ദേഹത്തിനെതിരേ നിയമപരമായി സ്വീകരിക്കാനാകുന്ന നടപടികളൊക്കെ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രാവിലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടി.

ആരോപണങ്ങള്‍ ഉന്നയിച്ച യുവതികളില്‍നിന്ന് നേരിട്ട് പരാതികള്‍ ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണച്ചുമതല. നിലവിലെ വകുപ്പുകളെല്ലാം ജാമ്യം കിട്ടാവുന്നതാണ്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസ് അങ്ങനെ അല്ല. ഇതില്‍ പ്രതിയായാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ പേരില്‍ 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കലും വഞ്ചനാക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് നടത്തിയതെന്നാണ് ആരോപണം. കേസിലെ മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണില്‍നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയില്‍ രാഹുലിന്റെ പേരുമുണ്ട്. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍. പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രാഹുലിനെയും പ്രതിചേര്‍ക്കും.

കേസിലെ മുഖ്യപ്രതികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായ ഫെനി നൈനാനും ബിനില്‍ ബിനുവും പിടിയിലാകുമ്പോള്‍ സഞ്ചരിച്ചിരുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ രഞ്ജു, വികാസ് കൃഷ്ണ, ജെയ്‌സണ്‍ എന്നിവരും കേസിലെ പ്രതികളാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സംഘം കാര്‍ഡുകള്‍ നിര്‍മിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയായിരുന്നെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ പത്തനംതിട്ട സ്വദേശിയും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ അഭിനന്ദ് വിക്രമന്റെ ലാപ്ടോപും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. ലാപ്ടോപില്‍ ഫോട്ടോഷോപ് ഉപയോഗിച്ചാണ് വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ കാര്‍ഡുകള്‍ യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ആപ്പില്‍ അപ്ലോഡ് ചെയ്തു. ദിവസവും 50 മുതല്‍ 60 വരെ കാര്‍ഡുകള്‍ തയ്യാറാക്കി. ഇതിനായി ദിവസവും 1000 രൂപ വീതം പ്രതിഫലം നല്‍കിയിരുന്നതായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും നാലാം പ്രതിയുമായ വികാസ് കൃഷ്ണന്റെ മൊഴിയുമുണ്ടെന്ന് പോലീസ് പറയുന്നു.