തിരുവനന്തപുരം: കോടതിയും പാര്‍ട്ടിയും കയ്യൊഴിഞ്ഞ രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സ്ത്രീ പീഡനക്കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിന്റെ മുന്നില്‍ പ്രതിരോധത്തിനുള്ള എല്ലാ വഴികളും അടഞ്ഞു. എട്ട് ദിവസമായി ഒളിവില്‍ തുടരുന്ന രാഹുലിന്റെ ഫോണ്‍ ഓണ്‍ ആയതായി പൊലീസ് കണ്ടെത്തി. ഇത് രാഹുല്‍ കീഴടങ്ങാനുളള തയ്യാറെടുപ്പിലാണെന്ന സൂചന നല്‍കി.

ഫോണ്‍ വിളിച്ചതിന് പിന്നാലെ കോള്‍ കട്ടാക്കുകയും ചെയ്തു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് ഫോണ്‍ ഓണായത്. രാഹുല്‍ ഏതെങ്കിലും കോടതില്‍ ഹാജരായി കീഴടങ്ങിയേക്കുമെന്നാണ് വിവരം. രാഹുല്‍ ഫോണ്‍ ഓണാക്കിയത് അന്വേഷസംഘത്തെ വഴി തെറ്റിക്കാനാണോയെന്ന സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്തായ രാഹുല്‍, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസമാണ് ഈ നാണക്കേട് ഏറ്റുവാങ്ങിയത് എന്നതും ശ്രദ്ധേയമാണ്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയും അറസ്റ്റ് ഒഴിവാക്കാനുള്ള ഹര്‍ജിയും തള്ളിയതോടെ രാഹുലിന്റെ അഭിഭാഷകര്‍ അതിവേഗം നീക്കം നടത്തുകയാണ്.

മുന്‍പ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നേരിട്ട് പരിഗണിക്കുന്നത് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിക്കേണ്ടി വന്നത്. അവിടെ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാഹുല്‍ കൂടിയാലോചനകള്‍ നടത്തിക്കഴിഞ്ഞു.

രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടി കേസെടുത്തത് രാഹുലിന് നിയമപരമായി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ കേസുകള്‍ കാരണം നിയമവഴികള്‍ രാഹുലിന് കൂടുതല്‍ കടുപ്പമേറിയതാകുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്രയും ദിവസമായിട്ടും രാഹുലിനെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്. മുഖം രക്ഷിക്കാന്‍ ഏതുവിധേനയും രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ശക്തമായ നീക്കങ്ങളിലാണ് പൊലീസ് ഇപ്പോള്‍. കോടതി വിധി വന്നതിനു പിന്നാലെ രാഹുലിന്റെ ഫോണ്‍ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പൊലീസ് വ്യാഖ്യാനിക്കുന്നത്.

രാഹുല്‍ ബെംഗളൂരുവിലേക്ക് കടന്നുവെന്ന നിഗമനത്തില്‍ പ്രത്യേക പൊലീസ് സംഘം അവിടെ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഒളിവില്‍ കഴിയാനാണ് രാഹുലിന്റെ തീരുമാനമെങ്കില്‍, അറസ്റ്റ് ഒഴിവാക്കാനായുള്ള അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതിയില്‍ എത്തുമെന്ന കാര്യം ഉറപ്പാണ്.