തിരുവനന്തപുരം: കാലവര്‍ഷം എത്തും മുമ്പ് അതിശക്ത മഴ. 2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്ക ശക്തം. ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തും. ഇതോടെ മഴ കൂടുതല്‍ ശക്തമാകും. കാലവര്‍ഷത്തിന് മുമ്പുള്ള തീവ്ര മഴയില്‍ അണക്കെട്ടുകളും മറ്റും നിറഞ്ഞാല്‍ അത് ഗുരുതര പ്രതിസന്ധിയാകും.

അടുത്ത ഒരാഴ്ച പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തമാകും. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു. വടക്കോട്ടു നീങ്ങി 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും. 27 വരെ അതിശക്തമായ മഴയ്ക്കാണു സാധ്യത. അതിന് ശേഷമാകും കാലവര്‍ഷത്തിന്റെ പ്രഭാവം കേരളത്തിലുണ്ടാകുക. ഇതാണ് പ്രളയ ഭീഷണി സജീവമാക്കുന്നത്. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നു വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള കരുതല്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസവും കേരളത്തിന്റെ തീരത്ത് ഭീതിയുണ്ടാക്കുന്നു. ശക്തമായ കാറ്റാണ് മറ്റൊരു ആശങ്ക. ഇതിനൊപ്പം നദികള്‍ കരവിഞ്ഞൊഴുകിയാല്‍ പ്രതിസന്ധി രൂക്ഷമാകും. പല ജില്ലകളിലും മണിക്കൂറുകള്‍ മഴ പെയ്തു. രാത്രി മഴയില്‍ ദുരിതം കൂടുകയാണ്. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. പ്രധാന റോഡുകളെല്ലാം വെള്ളപ്പെട്ടിലാണ്. ചുഴലിക്കാറ്റും ശക്തമായ പേമാരിയും ഒരുമിച്ച് അനുഭവിച്ച സ്ഥിതിയിലായിരുന്നു തിരുവനന്തപുരം.

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്. എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. നമ്പര്‍: 1077, 1070. രണ്ടുദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. അടുത്ത ഏഴുദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കി. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.

വിനോദ സഞ്ചാരത്തിന് നിയന്ത്രണം

മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബീച്ചുകളും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. കോഴിക്കോട്ടെ നദീ തീരങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും ചുരം മേഖലയിലേക്കും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങള്‍ നിര്‍ത്തിവെച്ചു.ക്വാറികളുടെ പ്രവര്‍ത്തനം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിര്‍ത്തിവക്കണമെന്നും അറിയിപ്പുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രിയാത്രയും കരുതലോടെ വേണം.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു. ഇന്ന് രാത്രി 8.30 മുതല്‍ ഞായറാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍-കാസറഗോഡ് (വളപട്ടണം മുതല്‍ ന്യൂമാഹി വരെ & കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.