- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തുലാവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ; അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം തുലാമഴയെ കാലവര്‍ഷമാക്കി; ബംഗാള്‍ ഉള്‍ക്കടലിലെ 'മോന്ത' ചുഴലിയായാല്‍ കാര്യങ്ങള്‍ കൈവിട്ട കളിയാകും; തീവ്ര മഴക്കാലം തുടരും; വേണ്ടത് അതീവ ജാഗ്രത
കണ്ണൂര്‍: തുലാവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് രണ്ടുദിവസവും നല്ല മഴ പെയ്തത്. തുലാവര്‍ഷത്തിലെ പതിവുള്ള ഇടിവെട്ടിയുള്ള മഴയെ കാലവര്‍ഷ മഴയാക്കി മാറ്റിയത് ഇൗ തീവ്ര ന്യൂനമര്‍ദമാണ്. ഇനിയും മഴ തുടരും. അതുകൊണ്ട് തന്നെ തുലാവര്‍ഷത്തില്‍ കേരളത്തിന് മഴ കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷ.
തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു. 61.6 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്താകെ പ്രതീക്ഷിച്ചത്. 84.5 മില്ലീമീറ്റര്‍ തുലാമഴ കിട്ടി. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ശനിയോടെ തീവ്ര ന്യൂനമര്‍ദമായും ഞായറാഴ്ച അതിതീവ്ര ന്യൂനമര്‍ദമായും ശക്തിപ്രാപിച്ച് തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇൗ രണ്ട് ന്യൂനമര്‍ദങ്ങളുടെയും ഫലമായി ഇടിമിന്നലുള്ള തുലാവര്‍ഷ മഴയ്ക്കു പകരം കാലവര്‍ഷവും ഉണ്ടാകും. താല്‍ക്കാലികമായി കാലവര്‍ഷത്തിന് സമാനമായ മഴ തിങ്കളും ചൊവ്വയും കേരളത്തില്‍ സജീവമാകുമെന്നാണ് സൂചന.
ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റിന് 'മോന്ത' എന്ന പേരിട്ടു. തായ്ലന്‍ഡാണ് ഇൗ പേര് നിര്‍ദേശിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീരത്തോട് അടുക്കുന്നതനുസരിച്ച് ഞായര്‍ മുതല്‍ മഴ ശക്തമാകും. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഞായറാഴ്ചയും തിങ്കളാഴ്ചയും വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ചൊവ്വാഴ്ച തെക്കന്‍ കേരളത്തിലും ശക്തമായ മഴയുണ്ടാകും.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുത്. മഴ ശക്തമായതോടെ പ്രധാന ഡാമുകളിലടക്കം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വാളയാര്‍, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍, പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും നല്ല വെള്ളമുണ്ട്. ഇടുക്കിയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരളമാകെ അതീവ ജാഗ്രതയിലാണ്.
മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല. 24 മണിക്കൂറില്‍ 64.4 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇരുപത്തിയേഴാം തീയതി ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ആന്തമാന്‍ തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു ഇത് തീവ്ര ന്യൂനമര്‍ദ്ദം ആകും.




