തിരുവനന്തപുരം: 313 കോടിയുടെ ഭൂമി കുംഭകോണ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമ നടപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയത്. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ്, സുജയ പാര്‍വതി, റോഷി പാല്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

നേരത്തെ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎല്‍ വ്യക്തമാക്കിയിരുന്നു. 2003ല്‍ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനല്‍കലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎല്‍ ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന് ബിപിഎല്‍ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയര്‍ത്തുന്നതുമാണെന്ന് ബിപിഎല്‍ സിഇഒ ശൈലേഷ് മുദലര്‍ പറഞ്ഞു. പതിച്ചു നല്‍കിയ ഭൂമിയില്‍ 1996 നും 2004 നും ഇടക്ക് ബിപിഎല്‍ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.

അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയില്‍ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുമ്പ് പറഞ്ഞിരുന്നു. മെസി തട്ടിപ്പ് മറച്ചുവെക്കാനാണെന്ന് തനിക്കെതിരായ ഭൂമി വില്‍പ്പന ആരോപണം ഉന്നയിക്കുന്നത്. തന്നെക്കുറിച്ച് പറയുന്നതില്‍ ഒരു വസ്തുതയുമില്ലെന്നും ബിപിഎല്‍ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ 313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയത് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതി അഭിഭാഷകന്‍ കെ.എന്‍ ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടര്‍ നല്‍കിയിരുന്നത്.

ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ നായിഡു എന്നിവര്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, കര്‍ണാടക ലോക് അദാലത്, കര്‍ണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവര്‍ക്ക് നല്‍കിയ പരാതികള്‍ക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകന്‍ പരാതി സമര്‍പ്പിച്ചത്.

ബി.പി.എല്‍ കളര്‍ ടെലിവിഷന്‍ ട്യൂബുകളും ബാറ്ററികളും ഉണ്ടാക്കാനെന്ന് പറഞ്ഞ് കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ്) 1995-ല്‍ കര്‍ഷകരില്‍ നിന്ന് തുഛവിലക്ക് ഏറ്റെടുത്തു നല്‍കിയ 175 ഏക്കറില്‍ 149 ഏക്കര്‍ ഭൂമി ബാങ്ക് ഓഫ് ബഹ്‌റൈനിലും ബാങ്ക് ഓഫ് കുവൈത്തിലും 2004-ല്‍ പണയം വെച്ചുവെന്ന് പരാതിയിലുണ്ടായിരുന്നു.

വ്യവസായമുണ്ടാക്കാന്‍ എന്ന് പറഞ്ഞ് നേടിയെടുത്ത ഈ ഭുമി ബി.പി.എല്‍ ഇന്ത്യക്ക് വേണ്ടി വില്‍പന നടത്താന്‍ കെ.ഐ.എ.ഡി.ബി ചുമതലയുണ്ടായിരുന്ന കര്‍ണാടക മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു അനുമതി നല്‍കിയെന്നും അങ്ങിനെ ആ ഭൂമി 275.47 കോടി രൂപക്ക് 2006-ല്‍ മാരുതി സുസുകിക്ക് വിറ്റുവെന്നും അഡ്വ. ജഗദേഷ് കുമാര്‍ ബോധിപ്പിച്ചു. ഈ അനുമതി മന്ത്രിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖരന്‍ നേടിയെടുത്തത് തന്റെ രാഷ്ട്രീയ ബന്ധമുപയോഗിച്ചാണെന്നും പരാതിയിലുണ്ട്.

അവശേഷിച്ച ഭൂമിയില്‍ 33 ഏക്കര്‍ 2009-10 കാലയളവില്‍ മാരുതി സുസുകിക്ക് 31 കോടി രൂപക്ക് വീണ്ടും വിറ്റു. ബാക്കി വന്ന 25 ഏക്കര്‍ ഭൂമി 33.5 കോടി രൂപക്ക് 2011-ല്‍ ജിന്‍ഡാല്‍ അലൂമിനിയം ലിമിറ്റഡിനും വിറ്റു. വ്യവസായമുണ്ടാക്കാന്‍ ഭൂമി എന്ന പേരില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ് 55 വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്ത 1,55,000 ഏക്കര്‍ ഭൂമിയില്‍ 70 ശതമാനം ഇത് പോലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്. എന്നാല്‍, ആരോപണങ്ങളെല്ലാം രാജീവ് തള്ളിയിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നത്.