കവന്‍ട്രി: ഈ മാസമാദ്യം ലൂട്ടനില്‍ കുട്ടിപീഡകരെ തേടുന്ന മാതാപിതാക്കളുടെ വളണ്ടിയര്‍ ഗ്രൂപ്പായ പ്രൊട്ടക്റ്റിംഗ് പോംപീസ് ഇന്നസെന്റ് എന്ന നിഴല്‍ സംഘത്തിന്റെ പിടിയിലായ രാജേഷ് ആന്റണി എന്ന ഐടി വിദഗ്ധന് മലയാളി ആണോ എന്നുറപ്പു വരാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്ത അവഗണിക്കുക ആയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഒരു ഡസനിലേറെ ആളുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പോലും ഇയാള്‍ ഉള്‍പ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനെ കുറിച്ച് ബ്രിട്ടീഷ് മലയാളിക്ക് കത്തെഴുതിയിരിക്കുകയാണ്.

ഇതിനകം ഒരു മില്യണിലേറെ ആളുകളിലേക്ക് ഇയാള്‍ പിടിയിലാകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും യൂ ട്യൂബ് മുഖേനെയും എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇയാളെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്ന വ്യാജേനെ സന്ദേശം അയച്ചു കുടുക്കിയ ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ പോസ്റ്റിലേക്ക് മലയാളികള്‍ തന്നെ രാജേഷ് ആന്റണിക്ക് എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുന്നു എന്ന മറുപടിയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ തന്നെ ബ്രിട്ടീഷ് മലയാളി ലൂട്ടനിലെ മലയാളി സമൂഹവുമായി ബന്ധപെട്ട് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ലൂട്ടന്‍ ടൗണില്‍ നിന്നും അഞ്ചു മൈല്‍ ദൂരെ ഡാന്‍സ്റ്റബിള്‍ എന്ന സ്ഥലത്തു താമസിക്കുന്ന ഇയാളെക്കുറിച്ചു ലൂട്ടനില്‍ ആര്‍ക്കും കാര്യമായ വിവരം ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചത്. എന്നാല്‍ ഇയാള്‍ മലയാളി തന്നെയാണ് എന്ന സൂചനകള്‍ ഇയാളെ ചോദ്യം ചെയ്യുന്ന വിഡിയോയില്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒന്നിലേറെ ആളുകള്‍ കമന്റ് ചെയ്തിരുന്നു. ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ നിന്നും ഇയാള്‍ ഐ ടി മേഖലയില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള വ്യക്തി എന്ന സൂചനയാണ് ലഭിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത 14 വയസുള്ള പെണ്‍കുട്ടിയോട് എന്ന നിലയില്‍ വ്യാജ പേരിലാണ് ഇയാള്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചിരുന്നത് എന്നും ഇയാളെ നിയമത്തിനു മുന്നില്‍ എത്തിച്ച നിഴല്‍ ഗ്രൂപ്പ് വെളിപ്പെടുത്തുന്നു.




അതിനിടെ ഇയാളെ പ്രൊട്ടക്ടിങ് പോംപേസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമ്പോള്‍ ഭാര്യ നടത്തുന്ന ദയനീയ അപേക്ഷയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. തന്റെ ഭര്‍ത്താവിന് ഒരു തവണത്തേക്ക് മാപ്പ് നല്‍കണം എന്ന് പറയുന്ന ഭാര്യക്ക് എതിരെയും കേസ് എടുക്കണമെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുമ്പോള്‍ നിസ്സഹായായ ആ സ്ത്രീ പിന്നെന്തു പറയണം എന്ന ചോദ്യമാണ് മറുഭാഗത്ത് ഉയരുന്നത്.

സ്വാഭാവികമായും കുടുംബത്തിന്റെ വരുമാനം മാര്‍ഗം രാജേഷ് ആന്റണി ആകാന്‍ ഇടയുള്ളതിനാല്‍ അയാളുടെ കുടുംബത്തിന്റെ യുകെയിലെ തുടര്‍ ഭാവിയും ചോദ്യ ചിഹ്നമാകുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ യൂണിവേഴ്സിറ്റി പഠനത്തിന് എത്തുന്ന ചെറുപ്പക്കാരാണ് ഇത്തരം ഒളിക്യാമറക്കാരുടെ കെണിയില്‍ പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മധ്യവയസിലേക്ക് നീങ്ങിയ ഒരാള്‍ പിടിയിലായത് അവിശ്വസനീയമായി മാറുകയാണ്.

മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ യുകെയില്‍ എത്തിയ 2022 ലാണ് ഏറ്റവും കൂടുതല്‍ ഫോണ്‍ കെണി കേസുകള്‍ മലയാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022 മാര്‍ച്ചില്‍ ഫോണ്‍ കെണിയില്‍ കുടുങ്ങിയ സഞ്ജയ് എന്ന മലയാളി യുവാവ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ എത്തി മാധ്യമങ്ങള്‍ക്ക് എതിരെ വരെ നിയമ പോരാട്ടം ഉണ്ടാകും എന്ന വെല്ലുവിളിയും നടത്തിയിരുന്നു. നോര്‍ത്ത് ലണ്ടനില്‍ നിന്നും കുടുങ്ങിയ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണു സോഷ്യല്‍ മീഡിയയില്‍ എത്തി മേനി നടിക്കാനും മാധ്യമങ്ങളെ പഴി ചാരാനും ഒരുങ്ങിയത്.

ഏറ്റവും കൂടിയ ശിക്ഷ ലഭിച്ചത് തമിഴ് വംശജന്‍, ലൈംഗിക പീഡനം തെളിഞ്ഞത് ശിക്ഷക്ക് കാരണമായി

രണ്ടു വര്‍ഷം മുന്‍പ് കെറ്ററിംഗില്‍ കടയില്‍ എത്തിയ കൗമാരക്കാരിക്ക് മിട്ടായികള്‍ സൗജന്യമായി നല്‍കി വശത്താക്കിയ തമിഴ് വംശജനെയ ഷിബിന്‍ ശാന്തകൂറിനു 11 വര്‍ഷത്തെ ജയില്‍ വാസമാണ് കോടതി വിധിച്ചത്. ഇയാള്‍ക്കും ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു എന്നത് കോടതി ഗൗരവത്തില്‍ എടുത്തിരുന്നു. കടയില്‍ എത്തിയ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു വിശ്വാസം പിടിച്ചു പറ്റിയ ശേഷം ലൈംഗിക പീഡനം നടത്തുന്ന രീതിയാണ് ഷിബിന്‍ അവലംബിച്ചത്.

കുട്ടി സ്ഥിരമായി കടയില്‍ എത്തുമ്പോള്‍ ചുമതലക്കാരന്‍ ആയിരുന്ന 45 കാരനായ ഷിബിന്‍ കൂടുതല്‍ ചോക്ലേറ്റും പണം മടക്കി നല്‍കുമ്പോള്‍ അധിക പണവും നല്‍കി സന്തോഷിപ്പിക്കുക ആയിരുന്നു. ഈ രീതി തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ പരിചയക്കാര്‍ പണവും ചോക്ലേറ്റും എവിടെ നിന്നെന്ന അന്വേഷണത്തിലാണ് ഷിബിന്റെ വളയ്ക്കല്‍ തന്ത്രം പരാതിയായി പോലീസിന്റെ മുന്നില്‍ എത്തിയത്. 2020 ജൂണ്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ വശീകരണത്തിന് ഉപയോഗിച്ചതായി നോര്‍ത്താംപ്റ്റന്‍ പോലീസ് കോടതിയില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ കടയിലും തന്റെ താമസ സ്ഥലത്തും ഇയാള്‍ പലവട്ടം പീഡനത്തിന് ഉപയോഗിച്ചെന്നാണ് കേസ് വെളിപ്പെടുത്തുന്നത്. പക്ഷെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു എന്ന ആരോപണം ഇയാള്‍ തുടര്‍ച്ചയായി നിഷേധിക്കുക ആയിരുന്നു.

2022 ആഗസ്റ്റില്‍ നാലു ദിവസത്തെ തുടര്‍ച്ചയായ വിചാരണയ്ക്കൊടുവില്‍ സെപ്റ്റംബറില്‍ ഇയാള്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നു കോടതി ശിക്ഷ വിധിക്കുക ആയിരുന്നു. ഏകദേശം ആറു മാസക്കാലമാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധിച്ചത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2020 നവംബറിലാണ് കേസ് ചാര്‍ജ് ചെയ്യപ്പെട്ടത്.

യുകെയിലെത്തിയ പത്തോളം മലയാളികള്‍ ഫോണ്‍ കെണിയില്‍ കുടുങ്ങി

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് പത്തോളം മലയാളികളാണ് ഇത്തരത്തില്‍ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്വിണ്ടനില്‍ പിടിയിലായ വിവേക് നായര്‍ എന്ന 23 കാരന്റെ വീഡിയോയും ഇപ്പോള്‍ രാജേഷ് ആന്റണി പിടിയിലായതിനു പിന്നാലെ പുതിയ സംഭവം എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സോമര്‍സെറ്റിലെ ടോണ്ടനില്‍ ജൂലൈ 13ന് ഇത്തരത്തില്‍ മറ്റൊരു മലയാളി പിടിയിലായിരുന്നു. ഇയാള്‍ക്കും ഭാര്യയും കുഞ്ഞും ഉള്ള വ്യക്തി ആയിരുന്നു.

ഇയാളാകട്ടെ മുന്‍പ് നഴ്സിങ് ഹോമില്‍ ജോലി ചെയ്യുമ്പോള്‍ കഞ്ചാവ് ഉപയോഗത്തിന് ജോലി നഷ്ടപ്പെട്ട ആള്‍ ആണെന്നും പ്രാദേശികമായി ആക്ഷേപം ഉയര്‍ന്നിരുന്നു. കെണിയില്‍ കുടുങ്ങിയ യുവാവ് ഏറെനേരം കുടുക്കാന്‍ എത്തിയ സ്ത്രീകളുമായി തര്‍ക്കിക്കുന്നത് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ദൃശ്യമാണ്. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തു ശബ്ദാനുകരണം നടത്തിയതാകാം എന്നൊക്കെ ഇയാള്‍ തര്‍ക്കിക്കുന്നുണ്ട്. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ പോലും ശബ്ദ സന്ദേശം അയച്ചത് തങ്ങള്‍ക്ക് ലഭിച്ചതായാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് കോടതി താക്കീത് നല്‍കി വിട്ടയച്ച മലയാളി കുട്ടി പീഡകന്‍ വീണ്ടും സമൂഹത്തില്‍ വിലസാന്‍ തുടങ്ങിയപ്പോള്‍ അയാളെ അറസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മലയാളികളില്‍ ആരോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയിരുന്നു. കുട്ടിയായി പെരുമാറിയ ഫോണ്‍ കെണിയില്‍ ഇയാള്‍ ഒരാഴ്ചയോളം ചിലവിടാന്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് പിടിയിലായത്. എന്നാല്‍ ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ കുട്ടിയെ എത്തിച്ചിട്ടില്ല എന്ന വാദം ഉയര്‍ത്തിയാണ് ശിക്ഷയില്‍ നിന്നും മലയാളി യുവാവ് രക്ഷപ്പെട്ടത്.

ബിവിയെന്ന മലയാളി യുവാവ് മാഞ്ചസ്റ്റര്‍ എന്‍എച്ച്എസില്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുക ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇയാള്‍ ഗള്‍ഫില്‍ നിന്നുമാണ് ഭാര്യക്കൊപ്പം ജീവിതം തേടി യുകെയില്‍ എത്തുന്നത്. അയാള്‍ക്കൊരു കുട്ടിയുമുണ്ട്. മാഞ്ചസ്റ്ററിലെ ആഷ്ടണ്‍ എന്ന സ്ഥലത്താണ് ഇയാള്‍ യുകെയില്‍ എത്തിയപ്പോള്‍ താമസിച്ചിരുന്നതും. ഇവിടെ നിന്നുമാണ് ഇയാള്‍ രണ്ടു മണിക്കൂറിലേറെ യാത്ര ദൂരെയുള്ള ന്യുകാസിലില്‍ പെണ്‍കുട്ടിയെ തേടി എത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കോടതി ഇയാളെ നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. അഞ്ചു ദിവസത്തേക്ക് കൂടെ കഴിയാന്‍ ഉള്ള ഒരുക്കങ്ങള്‍ നടത്തി അത് ഒളികാമറ സംഘത്തില്‍ പെണ്‍കുട്ടിയായി അഭിനയിച്ച സ്ത്രീയോട് വെളിപ്പെടുത്തിയാണ് ഇയാള്‍ ന്യുകാസിലില്‍ എത്തിയതെന്ന് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പക്കാര്‍ കൂടുതല്‍ സജീവമായ സ്‌കൗട് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് ഇയാള്‍ കുടുങ്ങിയത്.

മനുഷ്യാവകാശ ലംഘനം എന്ന് തര്‍ക്കം, ഒടുവില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍

എന്നാല്‍ ഇത്തരം സ്റ്റിങ് ഓപറേഷനുകളില്‍ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ വക്കീലന്മാര്‍ വളരെ കുറഞ്ഞ ശിക്ഷയോടെ പ്രതികളെ രക്ഷിച്ചെടുക്കാറുണ്ട്. ഇത്തരം കേസുകള്‍ നിയമത്തില്‍ കൂടുതല്‍ കൃതഞ്ജതയോടെ വിലയിരുത്തണമെന്നു പാര്‍ലിമെന്റില്‍ പോലും ആവശ്യം ഉയര്‍ന്നിരുന്നു. മുന്‍ കാലങ്ങളില്‍ കനത്ത ശിക്ഷ ലഭിച്ചിരുന്ന ഇത്തരം കേസുകളില്‍ ഇപ്പോള്‍ കുറഞ്ഞ ശിക്ഷയാണ് മിക്ക കോടതികളും നല്‍കുന്നത് എന്നിരിക്കേ കൂടുതല്‍ ശക്തമായ നിയമ തര്‍ക്കത്തിലേക്കും ഇത്തരം കേസുകള്‍ എത്തിപെടുകയാണ് എന്ന് വ്യക്തം.

ഒരു ഘട്ടത്തില്‍ കുട്ടി പീഡകരെ എന്ന് വിശേഷിപ്പിച്ചു പൊതു മധ്യത്തില്‍ നടത്തുന്ന കുറ്റവിചാരണ മനുഷ്യവകാശ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി കേസ് സുപ്രീം കോടതി വരെ എത്തിയപ്പോള്‍ പ്രതികള്‍ നടത്തുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ചു കുട്ടികളുടെ മനുഷ്യാവകാശത്തേക്കാള്‍ വലുതല്ല കുട്ടി പീഡകരായവരുടെ മനുഷ്യാവകാശം എന്നാണ് സുപ്രീം കോടതി റൂളിംഗ് നല്‍കിയത്. കുട്ടി പീഡകരെ കുടുക്കാന്‍ ഇറങ്ങുന്ന വളന്റിയേഴ്സ് ഒരു തരത്തിലും മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം എന്ന വാദം ഉയര്‍ത്തിയാണ് കുട്ടി പീഡകര്‍ക്ക് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ വാദം ഉയര്‍ത്തിയത്. കോവിഡ് ലോക് ഡൌണ്‍ കാലത്തിനു ശേഷം ഓണ്‍ലൈന്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് കണക്കാക്കപ്പെടുന്നത്.