ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം പന്ത്രണ്ട് പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ബി.ജെ.പി. അംഗങ്ങളും എന്‍.ഡി.എ. ഘടകകക്ഷികളായ എന്‍.സി.പി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. ഇതോടെ രാജ്യസഭയില്‍ ബി.ജെ.പി. അംഗസംഖ്യ 96 ആയി. എന്‍.ഡി.എയുടെ അംഗനില 112-ലേക്ക് ഉയര്‍ന്നു. ഇതോടെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 85 ആവും.

അസമില്‍നിന്ന് മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തേലി, ബിഹാറില്‍നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാമയില്‍നിന്ന് കിരണ്‍ ചൗധരി, മധ്യപ്രദേശില്‍നിന്ന് ജോര്‍ജ് കുര്യന്‍, മഹാരാഷ്ട്രയില്‍നിന്ന് ധിര്‍യ ശീല്‍ പാട്ടീല്‍, ഒഡിഷയില്‍നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍നിന്ന് രവ്നീത് സിങ് ബിട്ടു, ത്രിപുരയില്‍നിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരാണ് രാജ്യസഭയിലെത്തിയ ബി.ജെ.പി. അംഗങ്ങള്‍. തെലങ്കാനയില്‍നിന്ന് അഭിഷേക് മനു സിങ്വിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്‍.സി.പിയുടെ നിതിന്‍ പാട്ടീല്‍ മഹാരാഷ്ട്രയില്‍നിന്നും ആര്‍.എല്‍.എമ്മിന്റെ ഉപേന്ദ്ര കുശ്വാഹ ബിഹാറില്‍നിന്നും രാജ്യസഭയിലെത്തും.

245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജമ്മുവില്‍നിന്നുള്ള നാല് അംഗങ്ങളുടേയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യേണ്ട നാല് അംഗങ്ങളുടെയും ഒഴിവാണ് നിലവിലുള്ളത്.

245 ആണ് രാജ്യസഭയിലെ അംഗസംഖ്യ. ജമ്മു കശ്മീരില്‍നിന്ന് നാല് അംഗങ്ങളും നാല് നോമിനേറ്റഡ് അംഗങ്ങളും ഉള്‍പ്പെടെ എട്ട് അംഗങ്ങളുടെ ഒഴിവ് രാജ്യസഭയിലുണ്ട്. അതിനാല്‍ നിലവിലെ അംഗങ്ങളുടെ എണ്ണം 237 ആണ്. ബില്ലുകളടക്കം പാസാക്കാനുള്ള കേവല ഭൂരിപക്ഷം 119 ആണ്. ബിജെപിയുടെ ഒന്‍പത് അംഗങ്ങള്‍ക്ക് പുറമേ, എന്‍ഡിഎയിലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ അംഗവും രാഷ്ട്രീയ ലോക് മഞ്ചിലെ അംഗവും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ഒരംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സംഖ്യത്തിന്റെ രാജ്യസഭയിലെ അംഗസംഖ്യ 85 ആയി.

സുപ്രധാന ബില്ലുകളടക്കം പാസാക്കാന്‍ ബിജെപിക്ക് രാജ്യസഭയില്‍ കേവല ഭൂരിപക്ഷം അനിവാര്യമാണ്. നേരത്തെ ബില്ലുകള്‍ രാജ്യസഭ കടത്താന്‍ ബിജെപിക്ക് ബിജു ജനതാദളിന്റെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇരു പാര്‍ട്ടികളും ഭരണത്തിലിരുന്ന ഒഡീഷയിലും ആന്ധ്ര പ്രദേശിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയത്. അതിനാല്‍ ഇരുകക്ഷികളും രാജ്യസഭയില്‍ ബിജെപിയെ പിന്തുണയ്ക്കാനുള്ള വഴിയടഞ്ഞു.